ശാസ്ത്ര -സാങ്കേതിക വിദ്യാ പരീക്ഷണങ്ങള്‍ക്കായി പുതിയ ചാന്ദ്രദൗത്യം വിക്ഷേപിച്ച് യുഎസിന്റെ നാഷണല്‍ എയറോനോട്ടിക്‌സ് ആന്റ് എഞ്ചിനീയറിങ് അഡ്മിനിസ്‌ട്രേഷന്‍ (നാസ). ഇന്റൂയിറ്റീവ് മെഷീന്‍സിന്റെ ഐഎം-2 ദൗത്യമാണ് ഇന്ത്യന്‍ സമയം വ്യാഴാഴ്ച 5.46 ന് ഫ്‌ളോറിഡയിലെ കെന്നഡി ബഹിരാകാശ നിലയത്തില്‍ നിന്ന് പേടകം വിക്ഷേപിച്ചത്. സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റിലായിരുന്നു വിക്ഷേപണം.
മാര്‍ച്ച് ആറിന് ഐഎം 2 അഥീന ലാന്റര്‍ ചന്ദ്രനിലെ ദക്ഷിണധ്രുവത്തിന് അടുത്തുള്ള മോണ്‍സ് മൗട്ടണില്‍ ഇറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. നാസയുടെ കൊമേര്‍ഷ്യല്‍ ലൂണാര്‍ പേലോഡ് സര്‍വീസസ് സംരഭത്തിന്റെയും ആര്‍ട്ടെമിസ് ദൗത്യത്തിന്റെയും ഭാഗമായാണ് ഈ ദൗത്യം വിക്ഷേപിച്ചിരിക്കുന്നത്.
ആര്‍ട്ടെമിസ് ഉള്‍പ്പടെ മനുഷ്യരുടെ ചന്ദ്രനിലെ ദീര്‍ഘകാല വാസത്തിന് ആവശ്യമായ സാങ്കേതിക വിദ്യകളുടെ പരീക്ഷണത്തിനും ഒപ്പം ശാസ്ത്രീയ പഠനങ്ങള്‍ക്കും വേണ്ടിയാണ് ഐഎം-2 ഒരുക്കിയിരിക്കുന്നത്. ചന്ദ്രനിലെ മണ്ണില്‍ അടങ്ങിയിരിക്കുന്ന വാതകങ്ങളെ കുറിച്ച് പഠിക്കുക. ഭാവി ചാന്ദ്ര യാത്രകള്‍ക്ക് ഗതിനിര്‍ണയം നടത്താന്‍ ആവശ്യമായ ലേസര്‍ റെട്രോറിഫ്‌ലക്ടര്‍ അരേ വിന്യസിക്കുക. ചന്ദ്രോപരിതലത്തില്‍ ശക്തമായ ആശയവിനിമയ സാങ്കേതിക വിദ്യ എത്തിക്കുക ഉള്‍പ്പടെയുള്ള ദൗത്യങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു.
ഐഎം2 ദൗത്യത്തിനൊപ്പം വിക്ഷേപിച്ച നാസയുടെ ലൂണാര്‍ ട്രെയില്‍ബ്ലേസര്‍ എന്ന ബഹിരാകാശ പേടകം ഉപയോഗിച്ച് ചന്ദ്രനിലെ ജല സാന്നിധ്യം എവിടെയെല്ലാമെന്ന് മാപ്പ് ചെയ്യും. ഏതെല്ലാം രൂപത്തിലാണ് അവയുടെ സാന്നിധ്യമെന്നും എന്തെല്ലാം മാറ്റങ്ങളാണ് അവയ്ക്ക് സംഭിക്കുന്നതെന്നും രണ്ട് വര്‍ഷം നീണ്ടു നില്‍കുന്ന ഈ ദൗത്യത്തില്‍ മനസിലാക്കും.
ചന്ദ്രനില്‍ ആദ്യമായി മൊബൈല്‍ നെറ്റ് വര്‍ക്ക് സ്ഥാപിക്കാനും ഈ ദൗത്യം ലക്ഷ്യമിടുന്നു. ഇതിനായി നോക്കിയ വികസിപ്പിച്ച ലൂണാര്‍ സര്‍ഫേസ് കമ്മ്യൂണിക്കേഷന്‍ സിസ്റ്റം (എല്‍.എസ്.സി.എസ്) എന്ന സാങ്കേതിക വിദ്യയാണ് അഥീന ലാന്ററില്‍ ചന്ദ്രനിലെത്തുക. ഭൂമിയില്‍ ഉപയോഗിക്കുന്ന അതേ സെല്ലുലാര്‍ സാങ്കേതിക വിദ്യയാണ് ചന്ദ്രോപരിതലത്തില്‍ കണക്ടിവിറ്റി എത്തിക്കുന്നതിനായി ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്.
ഈ നെറ്റ് വര്‍ക്കിന്റെ സഹായത്തോടെ ഉയര്‍ന്ന നിലവാരത്തില്‍ വീഡീയോ സ്ട്രീം ചെയ്യാനും കമാന്റ്-കണ്‍ട്രോള്‍ ആശയവിനിമയങ്ങള്‍ എളുപ്പമാക്കാനും ലാന്ററും ചാന്ദ്ര വാഹനങ്ങളും തമ്മിലുള്ള ഡാറ്റാ കൈമാറ്റം സുഗമമാക്കാനും സാധിക്കും.
നാസയുടെ പോളാര്‍ റിസോഴ്സസ് ഐസ് മൈനിങ് എക്സ്പിരിമെന്റ്-1 (പ്രൈം-1) പരീക്ഷണവും ദൗത്യത്തിന്റെ ഭാഗമായി നടത്തും. ചന്ദ്രോപരിതലത്തില്‍ ദ്വാരമുണ്ടാക്കി സാമ്പിള്‍ ശേഖരിക്കുകയും സ്പെക്ട്രോമീറ്റര്‍ ഉപയോഗിച്ച് വിശകലനം ചെയ്യുകയും ചെയ്യും.
Content Highlights: NASA`s IM-2 mission launched, aiming for Moon`s south pole.
Published: 28 Feb 2025, 07:45 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented