സ്വകാര്യതയുമായി ബന്ധപ്പെട്ട ആശങ്കകൾ ശക്തമായതോടെ മെറ്റയുടെ റേ-ബാൻ സ്മാർട്ട് ഗ്ലാസുകളുടെ വിൽപന നിർത്തിവെച്ച് ഡച്ച് കണ്ണട വിതരണ ശൃംഖലയായ ഹാൻസ് ആൻഡേഴ്സ്. നെതർലാൻഡ്സിലും ബെൽജിയത്തിലുമാണ് ഹാൻസ് ആൻഡേഴ്സ് മെറ്റ റേ-ബാൻ സ്മാർട്ട് ഗ്ലാസുകളുടെ വിൽപന നിർത്തിയത്.

To advertise here,

ഒരു റീട്ടെയിലർ മെറ്റ റേ-ബാൻ സ്മാർട്ട് ഗ്ലാസുകളുടെ വിൽപന സ്വകാര്യതാ ആശങ്കകൾ ചൂണ്ടിക്കാട്ടി നിർത്തിവെക്കുന്ന ആദ്യ സംഭവമാണിത്.

സ്മാർട്ട് ഗ്ലാസുകളെക്കുറിച്ചും അവയുടെ ഉപയോഗത്തെക്കുറിച്ചും ഉയർന്നുവരുന്ന പൊതുചർച്ചകളും രാഷ്ട്രീയ തലത്തിലെ ആശങ്കകളുമാണ് തീരുമാനത്തിന് പിന്നിലെന്ന് ഹാൻസ് ആൻഡേഴ്സ് ശൃംഖലയുടെ വക്താവ് പറഞ്ഞു. പ്രത്യേകിച്ച് ക്യാമറകൾ ഘടിപ്പിച്ച സ്മാർട്ട് ഗ്ലാസുകൾ ഉപയോഗിച്ച് ആളുകളുടെ അറിവോ സമ്മതമോ ഇല്ലാതെ ദൃശ്യങ്ങൾ പകർത്താനുള്ള സാധ്യതയാണ് സ്വകാര്യതാ ചർച്ചകൾക്ക് കാരണമാകുന്നത്.

ബ്രിട്ടനിലും സ്മാർട്ട് ഗ്ലാസുകൾക്ക് നിയന്ത്രണം

മെറ്റയുടെ സ്മാർട്ട് ഗ്ലാസുകളുടെ ഉപയോഗത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ് ബ്രിട്ടനിലെ പ്രമുഖ പബ് ശൃംഖലയായ വെതർസ്പൂൺ. ഉപഭോക്താക്കളുടെ സ്വകാര്യതയെ ബാധിക്കുന്ന രീതിയിൽ സ്മാർട്ട് ഗ്ലാസുകളിലെ ക്യാമറ ഉപയോഗിച്ച് രഹസ്യമായി ദൃശ്യങ്ങൾ പകർത്തുന്നത് ഒഴിവാക്കുകയാണ് നിയന്ത്രണങ്ങളുടെ ലക്ഷ്യം.

ഡച്ചുകാരുടെ എതിർപ്പ് എങ്ങനെ?

സ്മാർട്ട് ഗ്ലാസുകൾ ഉപയോഗിച്ച് ചിത്രീകരിച്ച വീഡിയോയിൽ ആളുകളെ തിരിച്ചറിയാൻ കഴിയുന്നുണ്ടെങ്കിൽ, അവരുടെ അനുമതിയില്ലാതെ അത്തരം ദൃശ്യങ്ങൾ പങ്കുവെക്കുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്യരുതെന്ന് നെതർലാൻഡ്സ് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ക്യാമറയും ഓഡിയോ റെക്കോർഡിങ് സംവിധാനങ്ങളും ഉൾപ്പെടുന്ന സ്മാർട്ട് ഗ്ലാസുകളുടെ വ്യാപനം സ്വകാര്യതാ നിയമങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ഉയർത്തുകയാണ്. പൊതുസ്ഥലത്ത് ഒരാളെ അറിയിക്കാതെ ചിത്രീകരിക്കുന്നത്, ദൃശ്യങ്ങൾ എങ്ങനെ ഉപയോഗിക്കുന്നു, അവ എവിടെ പങ്കുവെക്കുന്നു തുടങ്ങിയ കാര്യങ്ങളും ഇതോടെ ചർച്ചയാകുന്നു.

മെറ്റയ്ക്കെതിരെ നിയമനടപടിക്ക് മുന്നറിയിപ്പ്

സ്മാർട്ട് ഗ്ലാസുകൾ സ്വകാര്യതാ നിയമങ്ങൾക്ക് വിധേയമാക്കുന്നതിൽ ആവശ്യമായ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ മെറ്റയ്ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഡച്ച് ഉപഭോക്തൃ അവകാശ സംഘടനയായ കൺസ്യൂമെന്റൻബോണ്ട് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ക്യാമറയുള്ള സ്മാർട്ട് ഗ്ലാസുകളുടെ ഉപയോഗം വ്യാപകമാകുന്നതിനിടെ, ഉപയോക്താവിന്റെ സ്വകാര്യതയും ഗ്ലാസ് ധരിക്കുന്ന വ്യക്തിക്ക് ചുറ്റുമുള്ള മറ്റുള്ളവരുടെ സ്വകാര്യതയും എങ്ങനെ സംരക്ഷിക്കണമെന്ന ചോദ്യം കൂടുതൽ പ്രസക്തമാകുകയാണ്.