വാഷിങ്ടൺ: എൻവിഡിയയുടെ ചീഫ് എക്സിക്യുട്ടീവ് ഓഫീസർ സ്ഥാനത്തേക്ക് തിരിച്ചുവരുന്ന കാര്യം ജെൻസെൻ ഹുവാങ് പരിഗണിക്കുന്നതായി റിപ്പോർട്ട്. അടുത്ത വിശ്വസ്തരുമായി അദ്ദേഹം ചർച്ചകൾ നടത്തുന്നുണ്ടെന്ന് ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്തു. സിലിക്കൺ വാലിയിലെ ഉന്നതരുടെ പിന്തുണയോടെ ഇതിനായുള്ള നീക്കങ്ങൾ നടക്കുന്നുണ്ടെന്ന് അദ്ദേഹവുമായി അടുപ്പമുള്ള ഒരാൾ ഫിനാൻഷ്യൽ ടൈംസിനോട് പറഞ്ഞു. ഇതിനായി ഒരു 'വാർ റൂം' (War Room) രൂപീകരിക്കാനും വൈറ്റ് ഹൗസിന്റെ പിന്തുണ നേടിയെടുക്കാനും ശ്രമിക്കുന്നുണ്ട്. ഈ നീക്കങ്ങൾക്ക് ഹുവാങിന്റെ പിന്തുണയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എഐ വ്യവസായ രംഗത്ത് കമ്പനിക്ക് പുറത്തുനിന്നുപോലും ജെൻസെൻ ഹുവാങ് തിരിച്ചുവരണമെന്ന ആവശ്യം ശക്തമാണ്. ഹുവാങിനെ (Jensen Huang) തിരിച്ചുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടുള്ള തുറന്ന കത്തിൽ ഇതിനകം 1.68 ലക്ഷത്തിലധികം പേരാണ് ഒപ്പിട്ടത്. എൻവിഡിയയിലുള്ളവരും മുൻപ് എൻവിഡിയയിൽ പ്രവർത്തിച്ചിരുന്നവരും ഓഹരി ഉടമകളും പുറത്തുനിന്ന് പിന്തുണയ്ക്കുന്നവരുമെല്ലാം ഇതിന്റെ ഭാഗമായിട്ടുണ്ട്. ബൂം സൂപ്പർസോണിക് സിഇഒ ബ്ലേക്ക് ഷോൾ, വൈ കോമ്പിനേറ്റർ സിഇഒ ഗാരി ടാൻ തുടങ്ങിയ പ്രമുഖരും ഒപ്പുവെച്ചിട്ടുണ്ട്. ഇലോൺ മസ്‌ക്, റെപ്ലിറ്റ് സിഇഒ അമ്ജദ് മസാദ് തുടങ്ങിയ പ്രമുഖ ടെക് മേഖലയിലെ നേതാക്കളും ഹർജിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം ജെൻസെൻ ഹുവാങിന് പകരം ഒരാളെ കണ്ടെത്താനുള്ള സജീവമായ ശ്രമങ്ങൾ കമ്പനി നടത്തുന്നുണ്ടെന്ന റിപ്പോർട്ടുകൾക്കിടയിലാണ് ജെൻസെൻ ഹുവാങിന്റെ തിരിച്ചുവരവ് ചർച്ചയാവുന്നത്. എൻവിഡിയയുടെ മേധാവിയാകുന്നതിനായി ബ്രിട്ടീഷ് ചിപ്പ് നിർമാതാക്കളായ ആംഡ് ഹോൾഡിങ്സിന്റെ (Arm Holdings) സിഇഒ റെനെ ഹാസിനെ കമ്പനി ഡയറക്ടർ ബോർഡ് സമീപിച്ചതായി ഫിനാൻഷ്യൽ ടൈംസ് നേരത്തേ റിപ്പോർട്ട് ചെയ്തിരുന്നു.
ഒന്നിലധികം വിവാഹേതര ബന്ധങ്ങളെക്കുറിച്ചുള്ള വെളിപ്പെടുത്തലുകൾക്ക് പിന്നാലെയാണ് വ്യാഴാഴ്ച ഹുവാങ് സ്ഥാനമൊഴിഞ്ഞത്. ചൈനീസ് ചാരയെന്ന് സംശയിക്കുന്ന ഒരാളുമായുള്ള ബന്ധവും ഇതിൽ ഉൾപ്പെട്ടിരുന്നു. എൻവിഡിയയുടെ അത്യാധുനിക എഐ ചിപ്പുകൾ നിയന്ത്രണങ്ങൾ മറികടന്ന് ചൈനയിലേക്ക് കയറ്റുമതി ചെയ്യുന്നതുമായി ബന്ധപ്പെട്ട ആശങ്കകൾക്കും ഈ വെളിപ്പെടുത്തൽ വഴിവെച്ചു. സംഭവം എൻവിഡിയയെ മാത്രമല്ല ഹുവാങിന്റെ സാമ്പത്തിക പിന്തുണയോടെ വളർന്ന എഐ വ്യവസായ മേഖലയിലെയാകെ വലിയ ചലനങ്ങളുണ്ടാക്കിയിട്ടുണ്ട്.
Content Highlights: Following his recent resignation amid personal and national security controversies, Jensen Huang is reportedly considering a return as Nvidia's CEO with strong backing from Silicon Valley leaders and an open petition
Published: 16 Nov 2026, 09:56 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented