പ്രമുഖ ഫിൻടെക് കമ്പനിയായ ക്രെഡിൽ (Cred) 900 മില്യൺ ഡോളർ (ഏകദേശം 8,550 കോടി രൂപ) നിക്ഷേപിക്കാനൊരുങ്ങുകയാണ് മെറ്റ. ഈ സുപ്രധാന നീക്കത്തോടൊപ്പം ക്രെഡ് സ്ഥാപകൻ കുനാൽ ഷാ കമ്പനിയുടെ സിഇഒ സ്ഥാനം ഒഴിഞ്ഞ് വാട്ട്‌സ്ആപ്പിന്റെ പുതിയ ഗ്ലോബൽ മേധാവിയായി ചുമതലയേൽക്കും. വിൽ കാത്‌കാർട്ടിന് പകരമാണ് അദ്ദേഹം വാട്സ്ആപ്പിന്റെ തലപ്പത്തേക്ക് എത്തുന്നത്.

To advertise here,

പ്രാഥമിക മൂലധനവും ക്രെഡിലെ നിലവിലെ നിക്ഷേപകരിൽ നിന്നുള്ള സെക്കൻഡറി ഓഹരികൾ വാങ്ങുന്നതും ഉൾപ്പെടുന്നതാണ് മെറ്റയുടെ ഈ നിക്ഷേപം. ഇതോടെ മെറ്റയ്ക്ക് ക്രെഡിൽ ഏകദേശം 20 ശതമാനം മൈനോറിറ്റി സ്റ്റേക്ക് ലഭിക്കും. ഈ പുതിയ നിക്ഷേപത്തോടെ ക്രെഡിന്റെ മൂല്യം 4.5 ബില്യൺ ഡോളറായി ഉയർന്നു. എന്നാൽ, ക്രെഡിന്റെ ഡയറക്ടർ ബോർഡിൽ മെറ്റയ്ക്ക് സീറ്റ് ഉണ്ടായിരിക്കില്ലെന്നും കമ്പനിയുടെ ഉപഭോക്തൃ ഡാറ്റയിലേക്കും മെറ്റയ്ക്ക് യാതൊരുവിധ പ്രവേശനവും ലഭിക്കില്ലെന്നും കൃത്യമായ വ്യവസ്ഥയുണ്ട്.

വാട്ട്‌സ്ആപ്പിന്റെ പുതിയ മേധാവിയായി ആഗോള ചുമതല ഏറ്റെടുക്കുമെങ്കിലും ക്രെഡിലുള്ള തന്റെ വ്യക്തിഗത ഓഹരികൾ കുനാൽ ഷാ തുടർന്നും നിലനിർത്തും. 2020 മുതൽ ക്രെഡിന്റെ സ്ട്രാറ്റജി, ഫിനാൻസ് വിഭാഗങ്ങളെ നയിച്ചിരുന്ന മിതൻ സമ്പത്തിനെ കമ്പനിയുടെ ഇടക്കാല സിഇഒ ആയി നിയമിച്ചു.

ഈ പുതിയ സീരീസ് എച്ച് ഫണ്ടിംഗ് ക്രെഡിന്റെ ഭാവി വളർച്ച വേഗത്തിലാക്കാനും ഐപിഒ ലിസ്റ്റിംഗിലേക്ക് കമ്പനിയെ സജ്ജമാക്കാനും സഹായിക്കും. കമ്പനിയുടെ സാമ്പത്തിക സ്ഥിതിയും മികച്ച നിലയിലാണ്. 2024-25 സാമ്പത്തിക വർഷത്തിൽ ക്രെഡിന്റെ പ്രവർത്തന വരുമാനം 16% വർധിച്ച് 2,735 കോടി രൂപയായി. പ്രവർത്തന നഷ്ടം 51% കുറഞ്ഞ് 298 കോടി രൂപയാക്കാനും അവർക്ക് സാധിച്ചു. കമ്പനിയുടെ നിലവിലെ വരുമാനം ഏകദേശം 3,200 കോടി രൂപയാണെന്നും കമ്പനി ഇപ്പോൾ ലാഭത്തിലാണെന്നും കുനാൽ ഷാ സൂചിപ്പിച്ചു.

നിലവിൽ ഇന്ത്യയിലെ ക്രെഡിറ്റ് കാർഡ് ബിൽ പേയ്‌മെന്റുകളുടെ 40 ശതമാനത്തിലധികം ക്രെഡ് വഴിയാണ് നടക്കുന്നത്. കമ്പനിയുടെ കീഴിലുള്ള വായ്പാ ആസ്തി 24,000 കോടി രൂപയാണ്. ഉയർന്ന ക്രെഡിറ്റ് സ്കോർ ഉള്ള 1.7 കോടി സജീവ ഉപഭോക്താക്കൾ പ്രതിമാസം ക്രെഡ് ഉപയോഗിക്കുന്നുണ്ട്. ഇന്ത്യയിലെ പേയ്‌മെന്റ് ഇക്കോസിസ്റ്റത്തിൽ ഉപഭോക്താക്കളിൽ നിന്നും ഏറ്റവും ഉയർന്ന ശരാശരി വരുമാനം നേടാൻ ഈ ശക്തമായ ഉപഭോക്തൃ നിര ക്രെഡിനെ സഹായിക്കുന്നു.

വാട്ട്‌സ്ആപ്പിന്റെ ഏറ്റവും വലിയ വിപണിയായ ഇന്ത്യയിൽ മെറ്റ നടത്തുന്ന ഏറ്റവും വലിയ നിക്ഷേപങ്ങളിലൊന്നാണിത്. ഇതിനു മുൻപ് 2020-ൽ റിലയൻസ് ജിയോ പ്ലാറ്റ്‌ഫോമിൽ മെറ്റ 5.7 ബില്യൺ ഡോളർ നിക്ഷേപിച്ചിരുന്നു.