എഐ ഫ്ളാഗ് ചെയ്യുന്ന ഓരോ സംഭാഷണവും മാനുവലായി അവലോകനം ചെയ്തശേഷം മാത്രമായിരിക്കും മാതാപിതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കുക.

സാമൂഹിക മാധ്യമ ഉപയോഗം കൗമാരക്കാരെയും കുട്ടികളെയും അപകടത്തിലാക്കുമെന്ന ആശങ്ക വ്യാപകമാണ്. എഐ (നിർമിതബുദ്ധി) കൂടി വന്നതോടെ ആശങ്ക ഇരട്ടിച്ചു. പ്രമുഖ സാമൂഹിക മാധ്യമങ്ങളുടെ ഉടമകളായ വമ്പൻ ടെക് കമ്പനികൾക്ക് വിവിധ രാജ്യങ്ങളിൽ കേസുകൾ നേരിടേണ്ടിവന്നതിന് പിന്നിൽ ഈ ഭയമാണ്. ഈ സാഹചര്യത്തിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനുള്ള നീക്കങ്ങൾക്ക് തുടക്കം കുറിച്ചിരിക്കുകയാണ് മെറ്റ.
കൗമാരക്കാരുടെ ആത്മഹത്യ അടക്കമുള്ളവ തടയാനുള്ള സുരക്ഷാ സംവിധാനം അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് മെറ്റയെന്ന് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. ഇൻസ്റ്റാഗ്രാം അടക്കമുള്ള മെറ്റയുടെ പ്ലാറ്റ്ഫോമുകളിൽ ലഭ്യമായ ചാറ്റ്ബോട്ടായ മെറ്റ എഐയുമായി കൗമാരക്കാർ ആത്മഹത്യയെക്കുറിച്ചോ സ്വയം പരിക്കേൽപ്പിക്കുന്നതിനെപ്പറ്റിയോ സംസാരിക്കുകയാണെങ്കിൽ മാതാപിതാക്കൾക്ക് മുന്നറിയിപ്പ് നൽകുന്നതാണ് പുതിയ സംവിധാനം.
എഐയുമായുള്ള കൗമാരക്കാരുടെ ഇടപെടലുകൾ മാതാപിതാക്കൾ നിരീക്ഷിക്കുന്ന രീതിയിൽതന്നെ ഈ സംവിധാനം മാറ്റംവരുത്തിയേക്കാം എന്ന് വിലയിരുത്തപ്പെടുന്നു. മാനസികാരോഗ്യ പ്രശ്നങ്ങൾ നേരിടുന്ന ഉപയോക്താക്കളോടും കുട്ടികളോടും എഐ ചാറ്റ്ബോട്ടുകൾ എങ്ങനെ പ്രതികരിക്കുന്നു എന്ന് നിരീക്ഷിക്കുന്നതിനുള്ള കമ്പനിയുടെ പുതിയ നീക്കത്തിന്റെ ഭാഗമാണിത്. യു.എസ്, യു.കെ, കാനഡ, ഓസ്ട്രേലിയ എന്നിവിടങ്ങളിൽ ഇൻസ്റ്റഗ്രാമിന്റെ പേരന്റൽ സൂപ്പർവിഷൻ ടൂളുകൾ ഉപയോഗിക്കുന്ന മാതാപിതാക്കൾക്ക് ആദ്യഘട്ടത്തിൽ ഇത് ലഭ്യമാകും. ഈ വർഷം അവസാനത്തോടെ ലോകമെമ്പാടും ഈ സംവിധാനം വിപുലീകരിക്കാൻ മെറ്റ പദ്ധതിയിടുന്നു.
അപകടകരമായ ചാറ്റുകൾ കണ്ടെത്തുന്നത് എഐ
കൗമാരക്കാർ സ്വയം പരിക്കേൽപ്പിക്കുന്നതിനെക്കുറിച്ചോ ആത്മഹത്യയെക്കുറിച്ചോ വ്യക്തമായി സൂചിപ്പിക്കുന്ന സംഭാഷണങ്ങൾ കണ്ടെത്താൻ പ്രത്യേക എഐ സംവിധാനം മെറ്റ വികസിപ്പിച്ചിട്ടുണ്ട്. എങ്കിലും എഐ മാത്രമായിരിക്കില്ല അന്തിമ തീരുമാനം എടുക്കുക. എഐ ഫ്ളാഗ് ചെയ്യുന്ന ഓരോ സംഭാഷണവും മാനുവലായി അവലോകനം ചെയ്തശേഷം മാത്രമായിരിക്കും മാതാപിതാക്കൾക്ക് മുന്നറിയിപ്പ് നൽകുക.
കൗമാരക്കാരന്റെ ഉദ്ദേശ്യം പൂർണമായി വ്യക്തമല്ലെങ്കിലും അത് മാതാപിതാക്കളെ അറിയിച്ചേക്കാം എന്ന് കമ്പനി പറയുന്നു. 'ഉദ്ദേശ്യം വ്യക്തമല്ലെങ്കിൽപോലും ഞങ്ങൾ മുൻകരുതൽ എടുക്കുകയും മാതാപിതാക്കളെ അറിയിക്കുകയും ചെയ്യും.' - മെറ്റ പറഞ്ഞു. ഈ സമീപനം ചിലപ്പോൾ അപകടമില്ലാത്ത സന്ദർഭങ്ങളിൽ പോലും മുന്നറിയിപ്പുകൾ ലഭിക്കുന്നതിന് കാരണമായേക്കാം എന്നും കമ്പനി സമ്മതിക്കുന്നു.
ഇത്തരം മുന്നറിയിപ്പുകൾ മാതാപിതാക്കൾക്ക് ലഭിക്കുന്നത് എത്ര വേദനാജനകമായിരിക്കുമെന്ന് ഞങ്ങൾ മനസിലാക്കുന്നുവെന്ന് മെറ്റ ബ്ലോഗ് പോസ്റ്റിൽ പറഞ്ഞു. അതിനാൽ ഞങ്ങളുടെ എഐ ഫ്ളാഗ് ചെയ്യുന്ന എല്ലാ ചാറ്റുകളും മുന്നറിയിപ്പ് അയക്കുന്നതിന് മുമ്പ് മാനുവലായി അവലോകനം ചെയ്യും.' - മെറ്റ കൂട്ടിച്ചേർത്തു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. Toll free helpline number: 1056, 0471-2552056)
Content Highlights: Meta AI will notify parents if teens discuss self-harm or suicide., All AI-flagged conversations undergo manual review before parent notification., Feature currently rolling out in US, UK, Canada, and Australia., Meta plans to expand emergency service alerts for immediate crisis intervention., Expanded restrictions in Limited Content mode to protect teen interactions.
Published: 16 Jul 2026, 08:23 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented