ഡ്രൈവ് ചെയ്യുന്നതിനിടയിലും കാറിന്റെ ഇന്‍-ബില്‍റ്റ് ക്യാമറ ഉപയോഗിച്ച് ഓഫീസ് മീറ്റിംഗുകളില്‍ പങ്കെടുക്കാന്‍ സാധിക്കുന്ന ഫീച്ചര്‍ അവതരിപ്പിക്കാന്‍ മെഴ്‌സിഡീസ് ബെന്‍സ്. മൈക്രോസോഫ്റ്റുമായി സഹകരിച്ചാണ് വാഹനങ്ങളില്‍ 'മീറ്റിംഗ്‌സ് ഫോര്‍ ടീംസ്' ആപ്പ് സംയോജിപ്പിക്കാന്‍ ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കള്‍ ഒരുങ്ങുന്നത്. കാറിലെ ക്യാമറയുടെ സഹായത്തോടെ മീറ്റിങ്ങില്‍ പങ്കെടുക്കുന്ന മറ്റുള്ളവര്‍ക്ക് ഡ്രൈവറെ കാണാന്‍ സാധിക്കുമെന്ന് കമ്പനി പത്രക്കുറിപ്പില്‍ പറഞ്ഞു. എന്നാല്‍ പുതിയ ഫീച്ചറിനെക്കുറിച്ച് അറിഞ്ഞ് പരിഭ്രാന്തരാകേണ്ടതില്ല എന്നും കമ്പനി പറയുന്നു. സുരക്ഷ ഉറപ്പാക്കേണ്ട സാഹചര്യങ്ങളില്‍ വീഡിയോ സ്ട്രീം സ്വയമേ ഓഫ് ചെയ്യും. ഡ്രൈവര്‍മാരുടെ ശ്രദ്ധ സ്‌ക്രീന്‍ ഷെയറുകളോ സ്ലൈഡുകളോ കാരണം മാറുന്നില്ലെന്ന് അത് ഉറപ്പാക്കും. അതത് രാജ്യങ്ങളിലെ സുരക്ഷാ നിയമങ്ങള്‍ക്കുള്ളില്‍ നിന്നുകൊണ്ട് മാത്രമേ ഈ ഫീച്ചര്‍ പ്രവര്‍ത്തിക്കുകയുള്ളൂവെന്നും കമ്പനി അറിയിച്ചു.

To advertise here,

പുതിയ സിഎല്‍എയില്‍ ഈ ഫീച്ചര്‍ അവതരിപ്പിക്കുമെന്ന് മെഴ്സിഡസ് പറയുന്നു. ഉത്പാദനക്ഷമതയുടെ അതിരുകള്‍ ഭേദിക്കുന്നതാണ് പുതിയ ഫീച്ചര്‍ എന്നാണ് കമ്പനി വിശേഷിപ്പിക്കുന്നത്. എന്നാല്‍ ഇത് കാര്‍ ഓടിക്കുന്നവരുടെ ശ്രദ്ധ തിരിക്കുകയും അപകടത്തില്‍ ഇടയാക്കുകയും ചെയ്യുന്ന ഫീച്ചറാണെന്ന വിമര്‍ശനം സാമൂഹിക മാധ്യമങ്ങളില്‍ ഉയര്‍ന്നിട്ടുണ്ട്. സുരക്ഷാ ഭീഷണി എന്നതിലുപരി തൊഴില്‍-ജീവിത സന്തുലിതാവസ്ഥയ്ക്ക് സംഭവിക്കാവുന്ന ഏറ്റവും മോശം കാര്യമാണിതെന്നും ചിലര്‍ വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്.

കാറിനെ ഒരു സ്മാര്‍ട്ട് ഓഫീസാക്കി മാറ്റുന്നതില്‍ മെഴ്സിഡസ്-ബെന്‍സിന് ആത്മവിശ്വാസമുണ്ടെങ്കിലും കാറില്‍നിന്ന് ജോലി ചെയ്യാന്‍ കഴിയും എന്നതുകൊണ്ട് അങ്ങനെ ചെയ്യണമെന്ന് നിര്‍ബന്ധമില്ലെന്ന് നെറ്റിസണ്‍സ് ചൂണ്ടിക്കാട്ടി. ഒരാളും ആവശ്യപ്പെടാത്ത ഫീച്ചറാണ് ഇതെന്ന വിമര്‍ശനവും ചിലര്‍ ഉന്നയിച്ചു. അതിനിടെ, ഇത് ഗതാഗതക്കുരുക്കില്‍ വലയുന്ന ബെംഗളൂരുവിന് വേണ്ടി പ്രത്യേകം ഉണ്ടാക്കിയതാണെന്ന തമാശയും ചിലര്‍ പങ്കുവെച്ചിട്ടുണ്ട്. എന്തായാലും ആളുകള്‍ ട്രാഫിക്കില്‍ കുടുങ്ങിക്കിടക്കുകയാണ്, സമയം പരമാവധി പ്രയോജനപ്പെടുത്താമല്ലോ എന്ന് ചിലര്‍ പരിഹസിച്ചു. 'ഓ, ഗംഭീരം! ഇനി ഓഫീസിലേക്കുള്ള വഴിയില്‍ ഞാന്‍ ഗതാഗതക്കുരുക്കിനെ പഴിക്കുന്നത് അവര്‍ക്ക് നേരിട്ട് കാണാമല്ലോ! എന്നും ചിലര്‍ തമാശരൂപേണ പറഞ്ഞു.