ദാമ്പത്യജീവിതത്തിലെ ഉത്തരവാദിത്വം ഒരാളുടെ സ്വകാര്യതയ്ക്കുള്ള അവകാശത്തേക്കാള്‍ വലുതല്ലെന്ന് കോടതി.

നിർമിതബുദ്ധിയും (എഐ) റോബോട്ടിക്‌സും അടക്കമുള്ള സാങ്കേതികവിദ്യകൾ ദൈനംദിന ജീവിതത്തിലെ എല്ലാ കാര്യങ്ങളിലേക്കും കടന്നുകയറുകയാണ്. നല്ല കാര്യങ്ങൾക്കും മോശപ്പെട്ടവയ്ക്കുമെല്ലാം മനുഷ്യർ ആധുനിക സാങ്കേതികവിദ്യയെ കൂട്ടുപിടിക്കുന്നുണ്ട്. റോബോട്ട് വാക്വം ക്ലീനറിന്റെ സഹായത്തോടെ ഭാര്യയുടെ അവിഹിതബന്ധം കൈയ്യോടെ പിടികൂടിയ ഭർത്താവിന് പിന്നീട് തടവുശിക്ഷയും പിഴയും ലഭിച്ചതിനെക്കുറിച്ചുള്ള വാർത്തയാണ് തായ്‌വാനിൽനിന്ന് പുറത്തുവരുന്നത്.
റോബോട്ട് വാക്വം ക്ലീനറിലെ ദൃശ്യങ്ങൾ ഉപയോഗിച്ച് ഭാര്യയുടെ അവിഹിതബന്ധം കോടതിയിൽ തെളിയിച്ച് നിയമപോരാട്ടത്തിൽ വിജയിച്ചെങ്കിലും അത് നേട്ടത്തേക്കാൾ വലിയ നഷ്ടമാണ് യുവാവിന് വരുത്തിവെച്ചതെന്ന് സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോർട്ടു ചെയ്യുന്നു.
സംഭവം ഇങ്ങനെ
തയ്‌വാനിലെ യുവാവ് ഭാര്യയുടെ വിവാഹേതര ബന്ധത്തിന്റെ തെളിവുകൾ ശേഖരിച്ച് സിവിൽ കേസിൽ വിജയിക്കുന്നതിനായാണ് റോബോട്ട് വാക്വം ഉപയോഗിച്ചത്. 2023 അവസാനത്തോടെ അവധിക്കാല വസതിയിൽ നിന്ന് ഉപയോഗിച്ച ഒരു ടൂത്ത് ബ്രഷ് കണ്ടെത്തിയതോടെയാണ് ഇയാൾക്ക് ഭാര്യയെ സംശയം തോന്നിത്തുടങ്ങിയത്. തുടർന്ന് ഗ്യാരേജിലെ നിരീക്ഷണ ക്യാമറ പരിശോധിച്ച അയാൾ മുമ്പ് തന്റെ ഭാര്യയെ വാഹനത്തിൽ വീട്ടിലെത്തിച്ച അപരിചിതനായ ഒരാളെ തിരിച്ചറിഞ്ഞു.
മൂന്ന് മാസത്തിന് ശേഷ യാദൃശ്ചികമായാണ് ഇയാൾക്ക് ഭാര്യയുടെ വിവാഹേതര ബന്ധത്തിന്റെ തെളിവുകൾ ലഭിക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. മൊബൈൽ ആപ്ലിക്കേഷൻ വഴി റോബോട്ട് വാക്വം ക്ലീനർ വിദൂരമായി പ്രവർത്തിപ്പിക്കുന്നതിനിടെയാണ് ഞെട്ടിക്കുന്ന കാഴ്ചകൾ അദ്ദേഹം കണ്ടത്. ഇതോടെ തന്റെ ഭാര്യയും അജ്ഞാത വ്യക്തിയും ഉൾപ്പെട്ട ദൃശ്യങ്ങളെല്ലാം റെക്കോർഡ് ചെയ്യാൻ അയാൾ തീരുമാനിച്ചു.
കോടതിയിൽനിന്ന് അനുകൂല വിധി
തുടർന്ന് തന്റെ ഭാര്യയും അവരുടെ കാമുകനും തന്റെ ദാമ്പത്യ അവകാശങ്ങൾ ലംഘിച്ചുവെന്ന് കാണിച്ച് 68,000 ഡോളർ നഷ്ടപരിഹാരം ആവശ്യപ്പെട്ട് തായ്‌വാനിലെ സിവിൽ നിയമപ്രകാരം ഭർത്താവ് കോടതിയെ സമീപിച്ചു. തെളിവായി റോബോട്ട് വാക്വംക്ലീനർ പകർത്തിയ ദൃശ്യങ്ങൾ കോടതിയിൽ ഹാജരാക്കി. കോടതി ഭർത്താവിന് അനുകൂലമായ വിധി പ്രസ്താവിച്ചു. ഭാര്യയും മറ്റൊരാളും തമ്മിലുള്ള ബന്ധം സാധാരണ സൗഹൃദത്തിന്റെ പരിധി ലംഘിക്കുന്നതാണെന്ന് കോടതി കണ്ടെത്തിയെങ്കിലും,ഭർത്താവ് ആവശ്യപ്പെട്ടതിനേക്കാൾ വളരെ കുറഞ്ഞ തുകയായ ഏകദേശം 16,000 ഡോളർ മാത്രമാണ് നഷ്ടപരിഹാരമായി വിധിച്ചത്.
നിയമപോരാട്ടം അവസാനിച്ചില്ല
എന്നാൽ കാര്യങ്ങൾ കൂടുതൽ വഷളാകാൻ പോകുന്നതേ ഉള്ളൂവെന്ന് ഭർത്താവ് ആസമയം മനസിലാക്കിയിരുന്നില്ല. അനുവാദമില്ലാതെ തന്റെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയതിന് ഭാര്യ അയാൾക്കെതിരെ കേസ് ഫയൽ ചെയ്തു. വാക്വം ക്ലീനറിന്റെ സെൻസറുകളും ലൈറ്റുകളും തന്റെ ദൃശ്യങ്ങൾ ചിത്രീകരിക്കുന്നുണ്ടെന്ന മുന്നറിയിപ്പ് നൽകാൻ പര്യാപ്തമായിരുന്നില്ലെന്ന് അവർ വാദിച്ചു. ഈ ദൃശ്യങ്ങൾ സിവിൽ കോടതി പരിഗണിച്ചതാണെന്നും തന്റെ പ്രവൃത്തി നിയമപരമായി സാധൂകരിക്കപ്പെട്ടതാണെന്നും അയാൾ വാദിച്ചെങ്കിലും കോടതി അത് അംഗീകരിച്ചില്ല. ചെയ്തത് നിയമവിരുദ്ധമായ കാര്യമാണെന്നും, ദാമ്പത്യജീവിതത്തിലെ ഉത്തരവാദിത്വം ഒരാളുടെ സ്വകാര്യതയ്ക്കുള്ള അവകാശത്തേക്കാൾ വലുതല്ലെന്നും കോടതി കണ്ടെത്തി.
കോടതി ഇയാൾക്ക് 150,000 തായ്‌വാൻ ഡോളർ (ഏകദേശം 4,741 ഡോളർ) പിഴയും അഞ്ച് മാസം തടവും ശിക്ഷ വിധിച്ചു.
ഭാര്യയ്‌ക്കെതിരായ ആദ്യ കേസിൽ തനിക്ക് ലഭിച്ച നഷ്ടപരിഹാര തുകയിൽ നിന്ന് പിഴ ഒടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. എന്നാൽ അതിനുശേഷം നഷ്ടപരിഹാര തുകയിൽ 11,000 ഡോളറിലധികം മാത്രമാണ് ബാക്കിയുള്ളത്. അതോടൊപ്പം ആറ് മാസത്തോളം ജയിൽവാസവും ഭർത്താവിന് നേരിടേണ്ടി വന്നു.
Content Highlights: A Taiwanese man used a robot vacuum cleaner's live video feed to catch his wife having an affair., He successfully sued for infringement of spousal rights and won around $16,000., However, his wife countersued him for secretly recording intimate footage without consent., The court fined him and sentenced him to five months in prison for privacy violations, leaving him with a Pyrrhic victory.
Published: 02 Sept 2026, 02:29 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented