ഹ്യൂമനോയ്ഡ് റോബോട്ടുകൾ മനുഷ്യജീവിതം അടിമുടി മാറ്റിമറിക്കുമെന്നാണ് ലോകത്തെ ഏറ്റവും വലിയ സമ്പന്നനും ടെക് ശതകോടീശ്വരനുമായ ഇലോൺ മസ്‌ക് അടക്കം ആവർത്തിച്ച് പറയുന്നത്. നിലവിൽ മനുഷ്യർ ചെയ്യുന്ന ജോലികൾ മിക്കതും റോബോട്ടുകൾ ഏറ്റെടുക്കുന്നതോടെ ഉത്പാദനം പതിന്മടങ്ങ് വർധിക്കുകയും അതിൽനിന്നുള്ള വരുമാനം കുതിച്ചുയരുകയും ചെയ്യും. റോബോട്ടുകളെ ഉപയോഗിച്ച് ഉത്പാദനം നടത്തുന്ന കമ്പനികളിൽനിന്ന് സർക്കാരുകൾ പ്രത്യേക നികുതി ഈടാക്കുന്നതോടെ സാധാരണക്കാർക്കും അതിന്റെ പ്രയോജനം ലഭിക്കും. ഇതോടെ സാധാരണക്കാരും അതിസമ്പന്നരായി മാറുമെന്ന് ടെക് കമ്പനി മേധാവികൾ പറയുന്നു.

To advertise here,

എന്നാൽ മനുഷ്യർ ചെയ്യുന്ന മിക്ക ജോലികളും റോബോട്ടുകൾക്ക് ചെയ്യാൻ കഴിയുന്ന സാഹചര്യം അടുത്ത കാലത്തൊന്നും യാഥാർഥ്യമാകുമെന്ന് പ്രതീക്ഷിക്കേണ്ടതില്ലെന്ന് തുറന്ന് പറയുകയാണ് ലോകത്തെ മുൻനിര ഹ്യൂമനോയ്ഡ് റോബോട്ട് നിർമാതാക്കളായ ചൈനീസ് കമ്പനി യൂണിട്രീയുടെ സിഇഓ വാങ് സിങ്‌സിങ്. ഹ്യൂമനോയ്ഡ് റോബോട്ടുകൾ ഇത്തരത്തിൽ മനുഷ്യരുടെ മിക്ക ജോലികളും ഏറ്റെടുക്കുന്ന കാലംവരാൻ ഇനിയും വർഷങ്ങൾ വേണ്ടിവരുമെന്നാണ് അദ്ദേഹം പറയുന്നത്.

ബെയ്ജിങ്ങിൽ നടന്ന വേൾഡ് റോബോട്ട് കോൺഫറൻസിൽ സംസാരിക്കവെയാണ് സിങ്സിങ് ഇക്കാര്യം പറഞ്ഞത്. ഈ മുന്നേറ്റത്തിന് ഏറ്റവും കുറഞ്ഞത് 2-3 വർഷമോ അല്ലെങ്കിൽ 5 മുതൽ 10 വർഷം വരെയോ എടുത്തേക്കാം എന്നാണ് അദ്ദേഹം പറയുന്നതെന്ന് സിഎൻബിസി റിപ്പോർട്ടു ചെയ്യുന്നു.

റോബോട്ടുകൾക്ക് അപരിചിതമായ ചുറ്റുപാടിലോ വീടുകളിലോ ശബ്ദ നിർദ്ദേശങ്ങളോ ടെക്‌സ്റ്റോ മാത്രം ഉപയോഗിച്ച് ഏകദേശം 80 ശതമാനം ജോലികളും പൂർത്തിയാക്കാൻ കഴിയുന്ന അവസ്ഥയെക്കുറിച്ചാണ് അദ്ദേഹം സംസാരിച്ചത്. പുതിയ സാഹചര്യങ്ങളുമായും ജോലികളുമായും റോബോട്ടുകൾക്ക് ഇപ്പോഴും എളുപ്പത്തിൽ പൊരുത്തപ്പെടാൻ കഴിയുന്നില്ലെന്നാണ് അദ്ദേഹത്തിന്റെ വാക്കുകൾ സൂചിപ്പിക്കുന്നതെന്ന് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. റോബോട്ടിക്‌സ് വ്യവസായത്തിന്റെ വളർച്ചയെ പിന്നോട്ട് വലിക്കുന്നത് ഈ പരിമിതിയാണെന്നും അദ്ദേഹം പറഞ്ഞു.

ഏകദേശം ഒരു ദശാബ്ദം മുമ്പ് വാങ് സ്ഥാപിച്ച കമ്പനിയാണ് യൂണിട്രീ. കമ്പനിയുടെ ഹ്യൂമനോയ്ഡ് റോബോട്ടുകളുടെ നിരവധി വീഡിയോകൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായതോടെ യൂണിട്രീ റോബോട്ടുകളുടെ പ്രശസ്തി വർധിച്ചു. റോബോട്ട് വ്യവസായത്തിൽ യു.എസിലെ ടെസ്‌ലയെ അടക്കം മറികടക്കുന്ന മുന്നേറ്റമാണ് ചൈനയിലെ യൂണിട്രീ അടക്കമുള്ളവ നടത്തുന്നതെന്ന് വിലയിരുത്തപ്പെട്ടിരുന്നു.

ഇനിയും പരിശീലനം ആവശ്യമാണ്

യൂണിട്രീയുടെ റോബോട്ടുകൾ ഇപ്പോഴും മനുഷ്യരെക്കാൾ കാര്യക്ഷമത കുറഞ്ഞവയാണെന്നും പുതിയ ഓരോ ജോലിക്കും അവയ്ക്ക് പരിശീലനം ആവശ്യമാണെന്നും വാങ് പറയുന്നു. അപരിചിതമായ സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്നതിലെ ബുദ്ധിമുട്ടാണ് വിശാലമായ റോബോട്ടിക്‌സ് വ്യവസായം നേരിടുന്ന പ്രധാന വെല്ലുവിളികളിൽ ഒന്ന് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

റോബോട്ടിന്റെ നിയന്ത്രണ സംവിധാനം നിർമ്മിത ബുദ്ധി ഉപയോഗിച്ച് മനുഷ്യരുടെ സഹായത്തോടെ സ്വയം വികസിക്കുന്ന രീതിയാണ് യൂണിട്രീ പിന്തുടരുന്നത്. റോബോട്ടുകളുടെ ചലനങ്ങളുടെ കൃത്യത മെച്ചപ്പെടുത്താൻ ലക്ഷ്യമിടുന്നതാണ് ഈ സിസ്റ്റം. എന്നാൽ ഇപ്പോഴും അവസാന നിമിഷം റോബോട്ടുകൾക്ക് പിഴവുകൾ സംഭവിക്കാറുണ്ടെന്ന് വാങ് പറയുന്നു.