കാസർകോട്: ഹൃദയസ്പന്ദനത്തിൽ ചില വ്യതിയാനങ്ങളുണ്ടോ. ആസ്പത്രിയിലെത്തിക്കഴിഞ്ഞാൽ വിശകലനം ചെയ്യാനും സമയമെടുത്തേക്കാം. എന്നാൽ എ.ഐ. വിപ്ലവത്തിന്റെ കാലത്ത് നിമിഷങ്ങൾക്കുള്ളിൽ ഇ.സി.ജി. വിശകലനം സാധ്യമാക്കിയാലോ. അതിന്റെ സാധ്യതകൾ പങ്കുവെച്ച് ഡൽഹിയിലെ എ.ഐ. ഉച്ചകോടിയിൽ ശ്രദ്ധാകേന്ദ്രമായിരിക്കുകയാണ് കാസർകോട് പിലിക്കോട് വയൽ സ്വദേശി എം. നന്ദകിഷോർ. വൈദ്യശാസ്ത്രമേഖലയിൽ സാങ്കേതികത അനുദിനം വികസിക്കുമ്പോൾ എ.ഐ.യെക്കൂടി ഗുണകരമായ രീതിയിൽ ഉപയോഗപ്പെടുത്താമെന്ന ആശയം പങ്കുവെക്കുകയാണ് നന്ദകിഷോർ. ai4cardio എന്ന ആപ്ലിക്കേഷനാണ് ഇതിനായി വികസിപ്പിച്ചത്.
’ഇന്ത്യ എ.ഐ. ഇംപാക്ട് സമ്മിറ്റ് 2026’-ൽ മെറ്റയുടെ (ഫെയ്‌സ്ബുക്ക്
) പ്രതിനിധിയായാണ് ഈ യുവ സംരംഭകൻ പങ്കെടുത്തത്. ഉച്ചകോടിയുടെ വെള്ളിയാഴ്ചത്തെ സെഷനിൽ ഇ.സി.ജി. ദൃശ്യങ്ങൾ തത്സമയം വിശകലനം ചെയ്ത് കൃത്യമായ രോഗനിർണയം നടത്തുന്ന എ.ഐ. സാങ്കേതികവിദ്യ ഇദ്ദേഹം അവതരിപ്പിച്ചു. ഉച്ചകോടി വേദിയിൽ പ്രദർശിപ്പിച്ച ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യു.എച്ച്.ഒ.) കേസ്ബുക്കിൽ ഇദ്ദേഹത്തിന്റെ പ്രബന്ധം ഇടംപിടിച്ചിട്ടുണ്ട്. കേരള സ്റ്റാർട്ടപ്പ് മിഷന്റെ അംഗീകാരമുള്ള ’കോൺവോയ് ഇനവേഷൻസ്’ എന്ന സ്ഥാപനത്തിന്റെ സി.ഇ.ഒ. ആണ് നന്ദകിഷോർ. ’ബ്രിട്ടീഷ് മെഡിക്കൽ ജേണലിൽ’ ഇ.സി.ജി. വിശകലനത്തെക്കുറിച്ച് നന്ദകിഷോർ എഴുതിയ ഗവേഷണ ലേഖനം അന്താരാഷ്ട്ര ശ്രദ്ധ നേടിയിട്ടുണ്ട്.
സാധാരണക്കാർക്ക് പെട്ടെന്ന് ലഭ്യമാകാത്ത ഹൃദ്രോഗവിദഗ്ധരുടെ സേവനം എ.ഐ. വഴി പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും മറ്റും എത്തിക്കുകയാണ് ലക്ഷ്യം. രാജ്യത്തിൽ 30,000-ലധികം പ്രാഥമികാരോഗ്യകേന്ദ്രങ്ങളുണ്ട്. എന്നാൽ പലയിടത്തും ഹൃദ്രോഗവിദഗ്ധർ ഉണ്ടാകണമെന്നില്ല. നെഞ്ചുവേദന അനുഭവപ്പെട്ടെത്തുന്നയാളുടെ ഇ.സി.ജി. എടുത്താലും ആ സമയം ആരോഗ്യകേന്ദ്രത്തിലുള്ളവർക്ക് അത് വിശകലനം ചെയ്‌തെടുക്കാൻ സാധിക്കണമെന്നില്ല. തുടർന്ന് രക്തപരിശോധനയുമുണ്ടാകും. അതിന്റെ ഫലം ലഭിച്ചാലും ഇതേ പ്രതിസന്ധിയുണ്ടാകും. അതിന് പരിഹാരമായി എ.ഐ. അധിഷ്ഠിത ഡെസ്‌ക് ടോപ് ആപ്ലിക്കേഷൻ വികസിപ്പിച്ചാണ് കോൺവോയ് ഇനവേഷൻസ് മുന്നോട്ട് പോകുന്നതെന്ന് നന്ദകിഷോർ പറഞ്ഞു. ഇ.സി.ജി. ഫലം, രക്തപരിശോധനാഫലം എന്നിവ അപ്‌ലോഡ് ചെയ്താൽ അഞ്ച് മിനിറ്റിനുള്ളിൽ അത് വിശകലനം ചെയ്ത് അന്തിമ റിപ്പോർട്ട് തരും വിധമാണ് ആപ്ലിക്കേഷൻ രൂപകല്പന ചെയ്തിരിക്കുന്നത്.
ആരോഗ്യമേഖലയെ മികവിന്റെ അടുത്ത തലത്തിലേക്കുയർത്താൻ പാകത്തിലുള്ള സാങ്കേതികസംരംഭത്തിന് പിന്തുണയുമായി സഹോദരി ഡോ. എം. അഞ്ജലിയും ഒപ്പമുണ്ട്. ഋഷികേശ് എയിംസിൽനിന്ന് എം.ഡി. പഠനം പൂർത്തീകരിച്ച് കമ്യൂണിറ്റി മെഡിസിൻ വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായ അഞ്ജലിയുടെ വൈദ്യശാസ്ത്രമേഖലയിലെ അറിവും അനുഭവസമ്പത്തും ആപ്ലിക്കേഷൻ വികസിപ്പിക്കുന്നതിൽ സഹായിച്ചുവെന്നും നന്ദകിഷോർ പറഞ്ഞു. പിലിക്കോട് വയലിലെ കിഴക്കേ വീട്ടിൽ തമ്പാൻ-കല്യാണി ദമ്പതിമാരുടെ ഇളയ മകനാണ് നന്ദകിഷോർ.
Content Highlights: Kasaragod Youth Shines at India AI Summit with Instant AI-Based ECG Analysis App
Published: 22 Feb 2026, 08:06 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented