ന്യൂഡല്‍ഹി: ഐഎസ്ആര്‍ഒയുടെ സ്‌പേഡെക്‌സ് ദൗത്യത്തിന്റെ ഭാഗമായുള്ള ഉപഗ്രഹങ്ങളുടെ രണ്ടാം ഡോക്കിങ് തിങ്കളാഴ്ച വിജയകരമായി പൂര്‍ത്തിയാക്കി. കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് ആണ് എക്‌സ് പോസ്റ്റിലൂടെ ഈ നേട്ടം പുറത്തുവിട്ടത്. 

To advertise here,

2024 ഡിസംബര്‍ 30 നാണ് പിഎസ്എല്‍വി സി60/സ്‌പേഡെക്‌സ് ദൗത്യം വിജയകരമായി വിക്ഷേപിച്ചത്. ശേഷം 2025 ജനുവരി 16 ന്  രാവിലെ 6.20 ന് ഉപഗ്രങ്ങള്‍ ആദ്യമായി വിജയകരമായി ഡോക്ക് ചെയ്യുകയും 2025 മാര്‍ച്ച് 13 ന് രാവിലെ 09:20 ന് വിജയകരമായി അണ്‍ഡോക്ക് ചെയ്യുകയും ചെയ്തു. അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ കൂടുതല്‍ പരീക്ഷണങ്ങള്‍ ആസൂത്രണം ചെയ്തിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. 

എസ്ഡിഎക്‌സ് 01, എസ്ഡിഎക്‌സ് 02 എന്നീ ഉപഗ്രഹങ്ങള്‍ ഉപയോഗിച്ചാണ് ഐഎസ്ആര്‍ഒ ബഹിരാകാശത്ത് വെച്ച് ഡോക്കിങ് പരീക്ഷണം നടത്തുന്നത്. ഗഗന്‍യാന്‍, ഇന്ത്യയുടെ സ്വന്തം ബഹിരാകാശ നിലയം ദൗത്യങ്ങള്‍ക്ക് മുന്നോടിയായി ഡോക്കിങ് സാങ്കേതിക വിദ്യ സ്വന്തമാക്കാനുള്ള ഉദ്ദേശത്തോടുകൂടിയാണ് ഈ ദൗത്യം ഒരുക്കിയിരിക്കുന്നത്.