ബെംഗളൂരു: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലിരുന്ന് ഐഎസ്ആർഒയിലെ ശാസ്ത്രജ്ഞരുമായി ഫോണിൽ സംസാരിച്ച് ശുഭാംശു ശുക്ല. നിലയത്തിൽ പുരോഗമിക്കുന്ന പരീക്ഷണങ്ങളെക്കുറിച്ച് സംസാരിച്ചു. പുരോഗതിയും നേരിടുന്ന വെല്ലുവിളികളും പങ്കുവെച്ചു.ഐഎസ്ആർഒ ചെയർമാൻ ഡോ. വി. നാരായണൻ ശുഭാംശുവിന്റെ സുഖവിവരങ്ങൾ ആരാഞ്ഞു. പരീക്ഷണവിവരങ്ങളും നിലയത്തിലെ മറ്റ് പ്രവർത്തനങ്ങളും സുക്ഷ്മമായി രേഖപ്പെടുത്തിവെക്കേണ്ടതിന്റെ പ്രാധാന്യം ചെയർമാൻ അറിയിച്ചു. ഇത് ഗഗൻയാൻ ദൗത്യത്തിന് നിർണായകമാകും.
ഞായറാഴ്ചയാണ് ശുഭാംശു, ബെംഗളൂരുവിലെ ശാസ്ത്രജ്ഞരുമായി സംസാരിച്ചത്. ബഹിരാകാശ നിലയത്തിലേക്കുള്ള തന്റെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാൻ ഐഎസ്ആർഒ ശാസ്ത്രജ്ഞർ നടത്തിയ പരിശ്രമങ്ങളെ ശുഭാംശു പ്രശംസിച്ചു.അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ഇന്ത്യയുടെ പ്രതിനിധിയാകാൻ അവസരം ലഭിച്ചതിൽ, പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ശുഭാംശു നന്ദിപറഞ്ഞതായി ഐഎസ്ആർഒ അറിയിച്ചു.
വിക്രം സാരാഭായ് സ്‌പെയ്‌സ് സെന്റർ (വിഎസ്എസ്‌സി) ഡയറക്‌ടർ ഡോ. ഉണ്ണികൃഷ്ണൻനായർ, ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റം സെന്റർ (എൽപിഎസ്‌സി) ഡയറക്‌ടർ എം. മോഹനൻ, ഐഎസ്‌ആർഒ ഇനർഷ്യൽ സിസ്റ്റം യൂണിറ്റ് (ഐഐഎസ്‌യു) ഡയറക്‌ടർ ഇ.എസ്. പദ്മകുമാർ, എൽപിഎസ്‌സി മുൻ ഡയറക്‌ടർ എൻ. വേദാചലം എന്നിവരും ശുഭാംശുവുമായുള്ള ചർച്ചയിൽ പങ്കെടുത്തു.
ആക്‌സിയം-4 ദൗത്യത്തിന്റെ ഭാഗമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയ ഇന്ത്യൻ വ്യോമസേനാ ഗ്രൂപ്പ് ക്യാപ്റ്റനായ ശുഭാംശു ശുക്ലയും സംഘവും വ്യാഴാഴ്ച ഭൂമിയിലേക്ക് മടങ്ങാനിരിക്കെയാണ് ശാസ്ത്രജ്ഞരെ ഫോണിൽ വിളിച്ച് പരീക്ഷണങ്ങളുടെ പുരോഗതി അറിയിച്ചത്. ജൂൺ 26-നാണ് ശുഭാംശു ഉൾപ്പെടെ നാലംഗസംഘം നിലയത്തിലെത്തിയത്. ബഹിരാകാശത്തെ സൂക്ഷ്മ ഗുരുത്വാകർഷണബലത്തിൽ ശരീരപേശികൾക്കുണ്ടാകുന്ന മാറ്റങ്ങൾ സംബന്ധിച്ച പഠനം, ദീർഘകാല ബഹിരാകാശദൗത്യങ്ങൾക്ക് പോകുന്നവർക്ക് സുസ്ഥിരവും പോഷകസമൃദ്ധവുമായ ഭക്ഷണം രൂപകല്പനചെയ്യാൻ സഹായിക്കുന്ന മൈക്രോ ആൽഗെ പരീക്ഷണം, ജലത്തിൽ ജീവിക്കുന്ന പ്രകാശസംശ്ലേഷശേഷിയുള്ള സയനോ ബാക്‌ടീരിയയുടെ പ്രവർത്തനത്തെക്കുറിച്ചുള്ള പഠനം തുടങ്ങിയ ഏഴ് പരീക്ഷണങ്ങളാണ് ഐഎസ്ആർഒയ്ക്കുവേണ്ടി ശുഭാംശു ഏറ്റെടുത്ത് നടത്തിയത്.
Content Highlights: ISRO Scientist`s ISS Call: Gaganyaan Mission Update
Published: 08 Jul 2025, 09:31 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented