ചെന്നൈ: ഇന്ത്യയുടെ കാലാവസ്ഥാ നിരീക്ഷണ ഉപഗ്രഹമായ ഇന്‍സാറ്റ്-3ഡിഎസ് ഇന്ന് വിക്ഷേപിക്കും. ജിഎസ്എല്‍വി-എഫ്14 റോക്കറ്റിലായിരിക്കും വിക്ഷേപണം. ജിഎസ്എല്‍വിയുടെ 16-ാം വിക്ഷേപണമാണിത്. ശനിയാഴ്ച വൈകീട്ട് 5.35 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്നാണ് വിക്ഷേപണം. 

To advertise here,

ഇന്‍സാറ്റ്- 3ഡി (2014), ഇന്‍സാറ്റ് 3ഡിആര്‍(2016) എന്നീ ഉപഗ്രഹങ്ങളുടെ പിന്‍ഗാമിയാണ് ഇന്‍സാറ്റ്-3ഡിഎസ്. എര്‍ത്ത് സയന്‍സസ് മന്ത്രാലയമാണ് ഇതിന്റെ പൂര്‍ണമായ ചിലവും വഹിച്ചിരിക്കുന്നത്.

വിക്ഷേപണത്തിന് തയ്യാറെടുത്ത് ജിഎസ്എല്‍വി റോക്കറ്റിന്റെ ചിത്രങ്ങള്‍ ഐഎസ്ആര്‍ഒ എക്‌സില്‍ പങ്കുവെച്ചിട്ടുണ്ട്. 

2024 ല്‍ ഐഎസ്ആര്‍ഒ നടത്തുന്ന രണ്ടാമത്തെ വിക്ഷേപണമാണിത്. ജനുവരി ഒന്നിന് നടത്തിയ പിഎസ്എല്‍വി-സി58/എക്‌സ്‌പോസാറ്റ് വിക്ഷേപണമായിരുന്നു ആദ്യത്തേത്. 

മെച്ചപ്പെട്ട കാലാവസ്ഥാ നിരീക്ഷണം, ഭൗമ സമുദ്ര പ്രദേശങ്ങളുടെ നിരീക്ഷണം, കാലാവസ്ഥാ പ്രവചനം, ദുരന്ത മുന്നറിയിപ്പ്, ഉപഗ്രഹാധിഷ്ടിത റിസര്‍ച്ച് ആന്റ് റെസ്‌ക്യൂ സര്‍വീസസിനുള്ള പിന്തുണ ഉള്‍പ്പടെയുള്ള ലക്ഷ്യങ്ങളോടെയാണ് ഇന്‍സാറ്റ്-3ഡിഎസ് വിക്ഷേപിക്കുന്നത്. 

2274 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹം നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യന്‍ ടെക്‌നോളജി, കാലാവസ്ഥാ വകുപ്പ്, നാഷണല്‍ സെന്റര്‍ ഫോര്‍ മ്യൂസിയം-റേഞ്ച് വെതര്‍ ഫോര്‍കാസ്റ്റിങ്, ഇന്ത്യന്‍ സെന്റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസസ് തുടങ്ങിയ എര്‍ത്ത് സയന്‍സസ് മന്ത്രാലയത്തിന് കീഴിലുള്ള വിവിധ വകുപ്പുകള്‍ക്ക് ഉപയോഗപ്പെടുത്താം. 

വിക്ഷേപണത്തിന് 20 മിനിറ്റുകള്‍ക്ക് ശേഷം ഉപഗ്രഹം ജിയോ സിങ്ക്രണസ് ട്രാന്‍സഫര്‍ ഓര്‍ബിറ്റില്‍ (ജിടിഒ) സ്ഥാപിക്കും. വരും ദിവസങ്ങളില്‍ ഭ്രമണ പഥം ഉയര്‍ത്തി ജിയോ സ്‌റ്റേഷണറി ഓര്‍ബിറ്റിലെത്തിക്കും.