ഐഖൂ നിയോ 9 പ്രോ സ്മാര്‍ട്‌ഫോണ്‍ അടുത്ത മാസം ഇന്ത്യയില്‍ അവതരിപ്പിക്കാനിരിക്കുകയാണ്. അതിന് മുമ്പായി ഫോണുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുകയാണ് വിവോയുടെ സഹ ബ്രാന്‍ഡായ ഐഖൂ. ചൈനയില്‍ പുറത്തിറക്കിയ ഐഖൂ നിയോ 9 പ്രോയില്‍ മീഡിയാടെക്ക് ഡൈമെന്‍സിറ്റി 9300 പ്രൊസസറാണ് ഉള്ളത്. എന്നാല്‍ ഇന്ത്യയില്‍ അവതരിപ്പിക്കുന്ന ഫോണില്‍ സ്‌നാപ്ഡ്രാഗണ്‍ 8 ജെന്‍ 2 ചിപ്പ് സെറ്റ് ആയിരിക്കുമെന്നാണ് സ്ഥിരീകരിക്കാത്ത വിവരം.
ഐഖൂ നിയോ 9 പ്രോയ്ക് വേണ്ടി തയ്യാറാക്കിയ ആമസോൺ പ്രത്യേക പേജിൽ ഇത് സംബന്ധിച്ച വിവരങ്ങളുണ്ടായിരുന്നുവെന്ന് വിവിധ ഓൺലൈൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. എന്നാൽ ഈ പേജ് ഇപ്പോൾ ലഭ്യമല്ല. നിയോ 9 പ്രോ അവതരിപ്പിക്കുന്ന തീയ്യതി കമ്പനി വ്യക്തമാക്കിയിട്ടില്ല.
2023 ഡിസംബറിലാണ് ചൈനയില്‍ ഐഖൂ നിയോ 9 സീരീസ് ഫോണുകള്‍ അവതരിപ്പിച്ചത്. ഐഖൂ നിയോ 9, ഐഖൂ നിയോ 9 പ്രോ എന്നീ രണ്ട് മോഡലുകളാണുള്ളത്. ഇതില്‍ ഐഖൂ നിയോ 9 ല്‍ സ്നാപ്ഡ്രാഗണ്‍ 8 ജെന്‍ 2 പ്രൊസസര്‍ ആണ് ഉള്ളത്. എന്നാല്‍ മീഡിയാ ടെക്ക് ഡൈമെന്‍സിറ്റി 9300 ചിപ്പ് സെറ്റാണ് നിയോ 9 പ്രോയിലുള്ളത്. പുറത്തുവരുന്ന പുതിയ വിവരങ്ങള്‍ ശരിയാണെങ്കില്‍ ഇന്ത്യയില്‍ അവതരിപ്പിക്കുന്ന രണ്ട് ഫോണുകളിലും സ്‌നാപ്ഡ്രാഗണ്‍ 8 ജെന്‍ 2 പ്രൊസസര്‍ തന്നെയായിരിക്കും.
ചൈനയിൽ അവതരിപ്പിച്ച നിയോ 9 സീരീസ് സവിശേഷതകൾ
16 എംപി സെല്‍ഫി ക്യാമറ, 5160 എംഎഎച്ച് ബാറ്ററി, 120 വാട്ട് അതിവേഗ ചാര്‍ജിങ് തുടങ്ങിയ ഫീച്ചറുകള്‍ ഫോണുകള്‍ക്കുണ്ട്. 6.78 ഇഞ്ച് അമോലെഡ് സ്‌ക്രീനും മൂന്ന് കളര്‍ ഓപ്ഷനുകളും നാല് റാം-സ്റ്റോറേജ് ഓപ്ഷനുകളും ഫോണുകള്‍ക്കുണ്ട്. കാഴ്ചയില്‍ പുതുമയും ഭംഗിയും തോന്നുന്ന രൂപകല്‍പനയിലാണ് പുതിയ ഫോണുകള്‍ അവതരിപ്പിച്ചിരിക്കുന്നത്. പ്രത്യേകിച്ചും ഇതിലെ ചുവപ്പ് വെള്ള നിറങ്ങള്‍ ചേര്‍ന്ന ഫോണ്‍. നിയോ 9, നിയോ 9 പ്രോ ഫോണുകള്‍ക്ക് 6.78 ഇഞ്ച് ഡിസ്പ്ലേയാണുള്ളത്. എച്ച്ഡിആര്‍ പിന്തുണയുണ്ട്.
16 ജിബി വരെ എല്‍പിഡിഡിആര്‍5എക്സ് റാം ഫോണുകള്‍ പിന്തുണയ്ക്കും. 1 ടിബി വരെ സ്റ്റോറേജുമുണ്ട്. ആന്‍ഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള ഒറിജിന്‍ ഒഎസ് ആണിതില്‍. രണ്ട് ഫോണുകളിലും സെല്‍ഫിയ്ക്കായി 16 എംപി ക്യാമറയാണ് നല്‍കിയിരിക്കുന്നത്. സ്‌ക്രീനിന് മുകളില്‍ മധ്യഭാഗത്തായുള്ള ഹോള്‍ പഞ്ചിലാണ് ഇത് നല്‍കിയിരിക്കുന്നത്.
ഐഖൂ നിയോ 9 ല്‍ 50 എംപി സോണി ഐഎംഎഎക്സ് പ്രൈമറി സെന്‍സറാണ്. ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷനുണ്ട്. ഒപ്പം 8 എംപി അള്‍ട്രാവൈഡ് ക്യാമറയും നല്‍കിയിരിക്കുന്നു. നിയോ 9 പ്രോയിലും 50 എംപി സോണി ഐഎംഎഎക്സ് പ്രൈമറി സെന്‍സറാണ്. എന്നാല്‍ ഒപ്പം നല്‍കിയിരിക്കുന്നത് 50 എംപി അള്‍ട്രാ വൈഡ് ആംഗിള്‍ ക്യാമറയാണ്.
രണ്ട് ഫോണുകളിലും 5160 എംഎഎച്ച് ബാറ്ററിയാണുള്ളത്. 120 വാട്ട് വയേര്‍ഡ് ഫാസ്റ്റ് ചാര്‍ജിങ് സൗകര്യമുണ്ട്. യുഎസ്ബി ടൈപ്പ് സി പോര്‍ട്ട് ആണ്. 5ജി, 4ജി വോള്‍ട്ടി, വൈഫൈ-7, ബ്ലൂടൂത്ത് 5.3, ഒടിജി, ജിപിഎസ്, ബെയ്ഡോ, ഗലീലിയോ, ക്യുസെഡ് എസ്എസ്, എന്‍എഫ്സി കണക്ടിവിറ്റി സൗകര്യങ്ങളുണ്ട്. ഐആര്‍ ബ്ലാസറ്ററും ഇന്‍ ഡിസ്പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സറും ഫോണുകളിലുണ്ട്.
Content Highlights: iQoo Neo 9 Pro Teased to Run on Snapdragon 8 Gen 2
Published: 05 Jan 2024, 05:14 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented