ഇന്റര്‍നെറ്റ്, സ്മാര്‍ട്ട്ഫോണ്‍ യുഗങ്ങള്‍ക്ക് തുല്യമായതോ അതിനേക്കാള്‍ വലുതോ ആയ ഒരു സാങ്കേതിക വിപ്ലവമാണ് വരാനിരിക്കുന്നതെന്ന് ജീവനക്കാരോട് ആപ്പിള്‍ സിഇഒ ടിം കുക്ക്. നിര്‍മിതബുദ്ധിയുടെ മേഖലയില്‍ കമ്പനി വന്‍തോതില്‍ നിക്ഷേപം നടത്തുകയാണെന്ന് അദ്ദേഹം ജീവനക്കാരോട് പറഞ്ഞു. കമ്പനിയുടെ ഓണ്‍-ക്യാമ്പസ് ഓഡിറ്റോറിയത്തില്‍ നടന്ന മീറ്റിംഗിലാണ് കുക്ക് ഇക്കാര്യം പറഞ്ഞത്. ഈ അവസരം നമുക്ക് പിടിച്ചെടുക്കാനുള്ളതാണ്. അതിനുള്ള നിക്ഷേപം നടത്തുമെന്നും അദ്ദേഹം ജീവനക്കാരോട് പറഞ്ഞു.

To advertise here,

'മാക്കിന് മുമ്പ് പിസി ഉണ്ടായിരുന്നു. ഐഫോണിന് മുമ്പ് സ്മാര്‍ട്ട്ഫോണ്‍ ഉണ്ടായിരുന്നു. ഐപാഡിന് മുമ്പ് നിരവധി ടാബ്ലെറ്റുകള്‍ ഉണ്ടായിരുന്നു. ഐപോഡിന് മുമ്പ് എംപി3 പ്ലെയര്‍ ഉണ്ടായിരുന്നു. എഐയുടെ കാര്യത്തിലും എനിക്ക് അങ്ങനെയാണ് തോന്നുന്നത്. നിര്‍മിതബുദ്ധിയുടെ മേഖലയില്‍ പുരോഗതി ത്വരിതപ്പെടുത്തുന്നതിന് ലയനങ്ങളും ഏറ്റെടുക്കലുകളും നടത്താന്‍ കമ്പനി തയ്യാറാണ് - കുക്ക് പറഞ്ഞു.

എഐ സെര്‍ച്ച് എഞ്ചിനായ പെര്‍പ്ലെക്‌സിറ്റി, ഫ്രഞ്ച് സ്റ്റാര്‍ട്ടപ്പായ മിസ്ട്രല്‍ എഐ എന്നിവയുള്‍പ്പെടെയുള്ളയെ ഏറ്റെടുക്കാന്‍ ആപ്പിള്‍ നീക്കം നടത്തുന്നതായ റിപ്പോര്‍ട്ടുകള്‍ക്കിടെയാണിത്. കഴിഞ്ഞ വര്‍ഷം ആപ്പിള്‍ ഇന്റലിജന്‍സ് ഫീച്ചറുകള്‍ പ്രഖ്യാപിച്ചപ്പോള്‍ ഓപ്പണ്‍എഐ, ആല്‍ഫബെറ്റ്, മൈക്രോസോഫ്റ്റ് എന്നിവയെക്കാള്‍ മാസങ്ങള്‍ പിന്നിലായിരുന്നു ആപ്പിള്‍.

ഒരുപക്ഷേ ഒന്നാമതല്ലെങ്കിലും ഏറ്റവും മികച്ചതാണ് ആപ്പിള്‍ നല്‍കുന്നതെന്ന് ഇക്കാര്യത്തില്‍ ടിം കുക്ക് പറഞ്ഞു. എന്നിരുന്നാലും,ആപ്പിളിന്റെ പ്രവര്‍ത്തനങ്ങളിലേക്ക് എഐ എത്രയും വേഗം സംയോജിപ്പിക്കണം. അങ്ങനെ ചെയ്യാതിരിക്കുന്നത് പിന്നോട്ട് പോകുന്നതിന് തുല്യമാകും. അത് സാധ്യമല്ല.

കഴിഞ്ഞ വര്‍ഷം 12,000 പുതിയ ജീവനക്കാര്‍ ആപ്പിളില്‍ ചേര്‍ന്നുവെന്നും അതില്‍ 40 ശതമാനം തസ്തികകളും ഗവേഷണ-വികസന രംഗത്തായിരുന്നുവെന്നും കുക്ക് ചൂണ്ടിക്കാട്ടി. ഈ ശ്രമങ്ങളില്‍ ഭൂരിഭാഗവും ആപ്പിളിന്റെ എഐ തന്ത്രവുമായിയും ഇന്‍-ഹൗസ് ചിപ്പ് വികസനവുമായും ബന്ധപ്പെട്ടതായിരുന്നു. നമ്മള്‍ കൂടുതല്‍ രാജ്യങ്ങളില്‍ സാന്നിധ്യമറിയിക്കേണ്ടതുണ്ട്. പ്രത്യേകിച്ച് വളര്‍ന്നുവരുന്ന വിപണികളിലേക്ക് നമ്മള്‍ പ്രവേശിക്കുന്നുണ്ട്. അതിനര്‍ത്ഥം ആപ്പിള്‍ മറ്റ് സ്ഥലങ്ങളെ അവഗണിക്കുമെന്നല്ലെന്ന് അദ്ദേഹം പറഞ്ഞു.