ആപ്പിളിന്റെ പുറത്തിറക്കിയിട്ടില്ലാത്ത ഐഫോൺ 18 പ്രോ സ്മാർട്ട്ഫോണുമായി ബന്ധപ്പെട്ട വിവരങ്ങൾ ടാറ്റ ഇലക്ട്രോണിക്സിൽനിന്ന് ചോർന്ന സംഭവം കേന്ദ്രം അന്വേഷിക്കും. വ്യാഴാഴ്ച കേന്ദ്ര ഐടി സെക്രട്ടറിയാണ് ഇക്കാര്യം അറിയിച്ചത്. ഐഫോൺ 18 പ്രോ മോഡലുകളുടെ ചിത്രങ്ങളും ഘടകങ്ങളുടെ വിവരങ്ങളും ഉൾപ്പെടെയാണ് ഒരു റാൻസംവെയർ ഗ്രൂപ്പ് ചോർത്തി ഡാർക്ക് വെബ്ബിൽ പങ്കുവെച്ചത്. ആപ്പിളിന് വേണ്ടി ഐഫോണുകൾ നിർമിച്ചുനൽകുന്ന കരാർ കമ്പനികളിലൊന്നാണ് ടാറ്റ ഇലക്ട്രോണിക്സ്.

To advertise here,

സംഭവം "ഞങ്ങൾ അന്വേഷിക്കുന്നുണ്ട്" എന്നായിരുന്നു ഐടി സെക്രട്ടറി എസ്. കൃഷ്ണൻ റോയിട്ടേഴ്സിന് നൽകിയ പ്രതികരണം. സൈബർ സുരക്ഷാസംബന്ധമായ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന കേന്ദ്ര ഏജൻസിയായ ഇന്ത്യൻ കംപ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീമിനെ (സെർട്ട്-ഇൻ) സംഭവം അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Read More: ടാറ്റയിൽ വിവരച്ചോർച്ച; ആപ്പിൾ ഐഫോൺ 18 പ്രോയുടെ ചിത്രങ്ങൾ ഉൾപ്പടെ നിർണായക വിവരങ്ങൾ ചോർന്നു

'വേൾഡ് ലീക്സ്' എന്ന റാൻസംവെയർ ഗ്രൂപ്പാണ് ഈ വിവരങ്ങൾ മോഷ്ടിച്ചതെന്നാണ് രേഖകൾ വ്യക്തമാക്കുന്നത്. ഐഫോൺ 18 പ്രോയുടെ പ്രധാന സർക്യൂട്ട് ബോർഡിലെ ചിപ്പുകൾ, ബാറ്ററിയുടെയും ക്യാമറയുടെയും ഭാഗങ്ങൾ എന്നിവ ഉൾപ്പെടെ നൂറുകണക്കിന് ഘടകങ്ങളുടെ വിവരങ്ങൾ ചോർന്ന ഫയലുകളിൽ ഉൾപ്പെടുന്നു. കൂടാതെ, 2026-ന്റെ തുടക്കത്തിൽ ടാറ്റയുടെ പ്ലാന്റിൽവെച്ചു നടത്തിയ ഐഫോണുകളുടെ ഡ്രോപ്പ് ടെസ്റ്റിന്റെ (Drop-test) ചിത്രങ്ങളും ചോർന്നിട്ടുണ്ട്.

ഈ രേഖകളിൽ പലതിലും ആപ്പിളിന്റെ ഇന്റേണൽ കോഡ്നാമങ്ങളും "കോൺഫിഡൻഷ്യൽ" എന്ന വാട്ടർമാർക്കും പതിച്ചിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ആപ്പിൾ തങ്ങളുടെ വിതരണക്കാരുടെ വിവരങ്ങൾ അതീവ രഹസ്യമായാണ് സൂക്ഷിക്കാറുള്ളത് എന്നതിനാൽ, ഈ വിവരങ്ങൾ പുറത്തുപോകുന്നത് എതിരാളികൾക്കും വ്യാജ ഉപകരണ നിർമാതാക്കൾക്കും ഗുണം ചെയ്തേക്കാം എന്ന ആശങ്കയുണ്ട്.

ചൈനയ്ക്കു പുറത്ത് ഇന്ത്യയിൽ തങ്ങളുടെ നിർമാണ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്ന ആപ്പിളിനും വിദേശ ബ്രാൻഡുകളെ ഇന്ത്യയിൽ ഉത്പാദനം നടത്താൻ പ്രോത്സാഹിപ്പിക്കുന്ന ഇന്ത്യൻ ഭരണകൂടത്തിനും ഈ ചോർച്ച വലിയൊരു തിരിച്ചടിയാണ്. 2026-ഓടെ ആഗോളതലത്തിൽ ഉത്പാദിപ്പിക്കുന്ന ഐഫോണുകളുടെ 26 ശതമാനവും ഇന്ത്യയിൽ നിർമിക്കാനാണ് ആപ്പിൾ ലക്ഷ്യമിടുന്നത്. ഇതുവരെ പുറത്തിറങ്ങാത്ത മോഡലുകളുടെ വിതരണ വിവരങ്ങൾ പുറത്തായതിൽ ആപ്പിൾ കടുത്ത ആശങ്കയിലാണ്.