ഇന്ത്യയുടെ ആദ്യത്തെ ഹൈഡ്രജൻ- പവർ ട്രെയിൻ പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്തതോടെ ഈ സാങ്കേതികവിദ്യയിൽ വൻ മുന്നേറ്റം നടത്തിയിരിക്കുകയാണ് രാജ്യം. മലിനീകരണം ഒട്ടുമുണ്ടാക്കാത്ത ക്ലീൻ എനർജി സാങ്കേതികവിദ്യയാണ് ഈ ട്രെയിനിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. രാജ്യത്തെ മറ്റ് ഗതാഗത സംവിധാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ സാധാരണക്കാർക്ക് താങ്ങാനാവുന്ന ടിക്കറ്റ് നിരക്കും ശ്രദ്ധ ആകർഷിക്കുന്നുണ്ട്.

To advertise here,

5 രൂപമുതൽ 25 രൂപ വരെയാണ് ഈ ട്രെയിനിൽ ടിക്കറ്റ് നിരക്ക്. രാജ്യത്തെ പല റെയിൽവേ സ്റ്റേഷനുകളിലെയും പ്ലാറ്റ്‌ഫോം ടിക്കറ്റ് നിരക്കിനേക്കാൾ കുറവാണ് ഹൈഡ്രജൻ ട്രെയിനിൽ യാത്ര ചെയ്യുന്നതിനുള്ള കുറഞ്ഞ ടിക്കറ്റ് നിരക്ക്.

10 കോച്ചുകളുള്ള ട്രെയിൻ ജിൻഡിനും സോനിപത്തിനും ഇടയിലെ 90 കിലോമീറ്റർ ദൂരം രണ്ട് മണിക്കൂറിനുള്ളിൽ ഓടിയെത്തും. ഈ റൂട്ടിൽ ട്രെയിനിന് 11 സ്റ്റോപ്പുകളുണ്ടാകും. പ്രതിദിനം ഏകദേശം 2,600 യാത്രക്കാർക്ക് സഞ്ചരിക്കാൻ കഴിയും. തദ്ദേശീയ ഹൈഡ്രജൻ ഫ്യുവൽ സെൽ സാങ്കേതികവിദ്യ ഉപയോഗിച്ച് വികസിപ്പിച്ചെടുത്ത ട്രെയിനിന് ഇലക്ട്രിക് എൻജിനുകളെപ്പോലെ പരമ്പരാഗത ഓവർഹെഡ് ഇലക്ട്രിക് വയറുകൾ ആവശ്യമില്ല.

പുറന്തള്ളുന്നത് നീരാവി മാത്രം

ഡീസൽ ട്രെയിനുകൾ കാർബൺ പുറന്തള്ളുന്നതിന് സമാനമായി ഹൈഡ്രജൻ- പവർ ട്രെയിൻ നീരാവി മാത്രം പുറന്തള്ളുന്നു. സീറോ എമിഷൻ ഗതാഗത സംവിധാനമാണിത്. ട്രെയിൻ പ്രവർത്തിപ്പിക്കാൻ ആവശ്യമായ ഗ്രീൻ ഹൈഡ്രജൻ ജിൻഡിൽ സജ്ജീകരിച്ചിരിക്കുന്ന ഒരു പ്രത്യേക പ്ലാന്റിൽ നിന്നാണ് നൽകുന്നത്. സുരക്ഷിതത്വം ഉറപ്പാക്കാൻ നൂതന സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. ഹൈഡ്രജൻ ട്രെയിൻ ഭാവിയിൽ രാജ്യത്തെ റെയിൽ കണക്റ്റിവിറ്റി വൻതോതിൽ മെച്ചപ്പെടുത്തുകയും സാമ്പത്തിക വളർച്ചയെ വന്തോതിൽ പിന്തുണയ്ക്കുകയും ചെയ്യും.

ഹൈഡ്രജൻ ക്ലബ്ബിന്റെ ഭാഗമായി ഇന്ത്യ

ജർമ്മനി, യു.കെ, ഫ്രാൻസ്, ഇറ്റലി, യു.എസ്‌സ് എന്നീ രാജ്യങ്ങളിൽ മാത്രമാണ് നിലവിൽ ഹൈഡ്രജൻ ട്രെയിനുകൾ ഓടുന്നത്. ഈമുന്നേറ്റത്തോടെ ഹൈഡ്രജൻ- പവർ റെയിൽ സാങ്കേതികവിദ്യ സ്വായത്തമാക്കുന്ന ചുരുക്കം രാജ്യങ്ങളിൽ ഒന്നായി ഇന്ത്യ മാറും. പരിസ്ഥിതി സൗഹൃദ പൊതു ഗതാഗത സംവിധാനം വ്യാപിപ്പിക്കുന്നതിലേക്കും പരമ്പരാഗത ഇന്ധനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിലേക്കുമുള്ള ഇന്ത്യയുടെ മുന്നേറ്റത്തിൽ ഈ ട്രെയിൻ ഒരു വലിയ ചുവടുവെപ്പായി കണക്കാക്കപ്പെടുന്നു.

ഹൈഡ്രജൻ ട്രെയിൻ റൂട്ട്

ഇന്ത്യയുടെ ആദ്യത്തെ ഹൈഡ്രജൻ- പവർ ട്രെയിൻ ജിൻഡിനും സോനിപത്തിനും ഇടയിലാണ് ഓടുന്നത്. യാത്ര പൂർത്തിയാക്കാൻ രണ്ട് മണിക്കൂർ എടുക്കും. ട്രെയിൻ നമ്പർ 74010 എല്ലാ ദിവസവും രാവിലെ 7:40-ന് ജിൻഡിൽ നിന്ന് പുറപ്പെട്ട് രാവിലെ 9:40-ന് സോനിപത്തിലെത്തും. മടക്ക യാത്രയിൽ ട്രെയിൻ നമ്പർ 74009 രാവിലെ 10:40-ന് സോനിപത്തിൽ നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1:00-ന് ജിൻഡിൽ എത്തും. 2 മണിക്കൂർ 20 മിനിറ്റ് എടുക്കും.

ജിൻഡ് സിറ്റി, പാണ്ടു പിൻഡാര, ലളിത് ഖേര, ഭാംബേവ, ഈശപൂർ ഖേറി, ബൂട്ടാന, ഖണ്ഡ്രായ്, ഗോഹാന, റാബ്ര, ലാത്ത്, മോഹന ഹരിയാന, ബാർവാസ്‌നി എന്നിവിടങ്ങളിൽ ഹൈഡ്രജൻ ട്രെയിൻ നിർത്തും. നോർത്തേൺ റെയിൽവേയുടെ നിയന്ത്രണത്തിലാവും ട്രെയിൻ സർവീസ് നടത്തുക. പരിപാലന ജോലികൾ ജിൻഡിൽ ആയിരിക്കും നടക്കുക.

10 കോച്ചുകളുള്ള ഒരു പാസഞ്ചർ ട്രെയിനാണിത്. പല വിദേശ രാജ്യങ്ങളിലെയും ഹൈഡ്രജന് ട്രെയിനുകൾക്ക് 2-3 കോച്ചുകളാണുള്ളത്. അവയുമായി താരതമ്യം ചെയ്യുമ്പോൾ നീളം കൂടിയതാണ് ഇന്ത്യയിലെ ഹൈഡ്രജൻ ട്രെയിൻ. 110 കിലോമീറ്ററാണ് ട്രെയിനിന്റെ ഡിസൈൻ സ്പീഡ്. എന്നാൽ തത്കാലം ജിൻഡ്-സോനിപത് സെക്ഷനിൽ പരമാവധി 75 കിലോമീറ്റർ വേഗതയിൽ ട്രെയിൻ ഓടും.