ആന്ത്രോപിക്കിന്റെ ക്ലോഡ് എഐ ടൂൾ ഉപയോഗിക്കുന്നതിൽ ഇന്ത്യക്കാർ ലോകശരാശരിയെക്കാൾ വളരെ താഴെ. പശ്ചിമേഷ്യ സംഘർഷത്തിനിടെ ലോകശ്രദ്ധ നേടിയ എഐ കമ്പനിയാണ് ആന്ത്രോപിക്. ഇറാനിൽ നടത്തിയ ആക്രമണങ്ങളിൽ യു.എസ് സൈന്യം ക്ലോഡിന്റെ സഹായം തേടിയിരുന്നു. പെന്റഗണുമായി ആന്ത്രോപിക് സിഇഒ ഡാരിയോ അമോദെയി ഇടഞ്ഞതും വാർത്തകളിൽ നിറഞ്ഞുനിന്നിരുന്നു. ആഗോള ശരാശരിയെക്കാൾ താഴെയാണെങ്കിലും ഇന്ത്യക്കാരുടെ എഐ ഉപയോഗം വേറെ ലെവലാണെന്ന് ആന്ത്രോപിക്കിന്റെ 2026 ഫെബ്രുവരിയിലെ എക്കണോമിക് ഇൻഡെക്‌സ് റിപ്പോർട്ട് വ്യക്തമാക്കുന്നു.

To advertise here,

കോഡിങ്, വിവിധ ജോലികൾ, ഉത്പാദനക്ഷമത വർധിപ്പിക്കൽ എന്നിവയ്ക്കായാണ് ഇന്ത്യക്കാർ ക്ലോഡ് എഐ ഏറ്റവുമധികം ഉപയോഗിക്കുന്നത്. വെബ്‌സൈറ്റുകളും വെബ് ആപ്ലിക്കേഷനുകളും വികസിപ്പിക്കുക, ഡീബഗ് ചെയ്യുക, അവ പരിഷ്‌ക്കരിക്കുക എന്നിവയ്ക്കായി ഇന്ത്യക്കാർ വൻതോതിൽ ക്ലോഡ് ഉപയോഗിക്കുന്നു. മൊത്തം ഉപയോഗത്തിന്റെ 6.7 ശതമാനവും ഈ ജോലികൾക്ക് വേണ്ടിയുള്ളതാണ്. ഇതിന് പിന്നാലെ പഠന സഹായം (3.8 ശതമാനം), ബിസിനസ്സ് സോഫ്റ്റ്‌വെയർ വികസനം (3.4 ശതമാനം), സാങ്കേതിക സംവിധാനങ്ങൾ ട്രബിൾഷൂട്ട് ചെയ്യൽ (3.4 ശതമാനം), മാർക്കറ്റിങ്, SEO ഉള്ളടക്കം സൃഷ്ടിക്കൽ (3.0 ശതമാനം) എന്നിങ്ങനെയാണ് ഇന്ത്യക്കാരുടെ ക്ലോഡ് ഉപയോഗം.

പ്രധാനപ്പെട്ട ജോലികൾക്കായി ക്ലോഡ് കൂടുതൽ ഉപയോഗിക്കുന്നതിൽ ലോക ശരാശരിയെക്കാൾ മുന്നിലാണ് ഇന്ത്യക്കാർ. വെബ് ഡെവലപ്മെന്റ് ഉപയോഗം 1.9 മടങ്ങ് കൂടുതലാണ്. റെസ്യൂമെ, ജോലി അപേക്ഷ എന്നിവയ്ക്കായുള്ള ഉപയോഗം 1.8 മടങ്ങ് കൂടുതലാണ്. പ്രോഗ്രാമിങ്ങും കോഡിങ് ജോലികളും 1.6 മടങ്ങ് കൂടുതലാണ്, UI/UX, ഡിസൈൻ വർക്കുകൾ 1.5 മടങ്ങ് കൂടുതലാണ്, കോഡ് ഡീബഗ്ഗിംഗ് 1.4 മടങ്ങ് കൂടുതലാണ്. മൊത്തത്തിലുള്ള ക്ലോഡ് ഉപയോഗം കുറവാണെങ്കിലും ഇന്ത്യൻ ഉപയോക്താക്കൾ എഐ എങ്ങനെ ഉപയോഗിക്കുന്നു എന്നതിൽ വേറിട്ടുനിൽക്കുന്നു. എന്നാൽ ക്ലോഡ് ഉപയോഗത്തിന്റെ കാര്യത്തിൽ 116 രാജ്യങ്ങളിൽ ഇന്ത്യ 98-ാം സ്ഥാനത്താണ്.

അതിനിടെ ലോകമെമ്പാടും എഐ എങ്ങനെ ഉപയോഗിക്കപ്പെടുത്തുന്നു എന്നത് സംബന്ധിച്ച വലിയ അന്തരവും റിപ്പോർട്ട് എടുത്തു കാണിക്കുന്നുണ്ട്. ഉയർന്ന വൈദഗ്ധ്യമുള്ള ടെക്‌നിക്കൽ ജോലികൾ ചെയ്യുന്നവരെ പോലെയുള്ള പരിചയസമ്പന്നരായ ഉപയോക്താക്കൾക്ക് ക്ലോഡ് പോലുള്ള എഐ ടൂളുകൾ കൂടുതൽ ഫലപ്രദമായി ഉപയോഗിക്കാൻ കഴിയുമെന്ന് ആന്ത്രോപിക് കണ്ടെത്തിയതായി റിപ്പോർട്ടിൽ പറയുന്നു. ഇത്തരക്കാർ എഐയുമായി കൂടുതൽ അടുക്കുകയും കൂടുതൽ സങ്കീർണ്ണമായ ജോലികൾ നൽകുകയും കാലക്രമേണ മികച്ച ഫലങ്ങൾ നേടുകയും ചെയ്യുന്നു. ഇതിന് കാരണം 'പഠനത്തിലൂടെയുള്ള വളർച്ച' (learning-by-doing) ആണെന്ന് കമ്പനി പറയുന്നു. എഐ കൂടുതൽ ഉപയോഗിക്കുന്തോറും അത് കൂടുതൽ മെച്ചപ്പെടുന്നു.

തൊഴിൽ മേഖലയിൽ ദൃശ്യമായ വലിയ മാറ്റങ്ങളെയും റിപ്പോർട്ട് എടുത്തുകാട്ടുന്നുണ്ട്. ജോലിയിൽ എഐ ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്തുമെന്ന് വിലയിരുത്തപ്പെട്ടിരുന്ന ഉയർന്ന വൈദഗ്ധ്യമുള്ള ജീവനക്കാർ തന്നെയാണ് ആദ്യകാല ഉപയോഗത്തിൽനിന്ന് ഏറ്റവും കൂടുതൽ പ്രയോജനം നേടുന്നത്. ഇത് നൈപുണ്യം അടിസ്ഥാനമാക്കിയുള്ള സാങ്കേതിക മാറ്റം വേഗത്തിലാക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. എഐ എങ്ങനെ ഉപയോഗിക്കണം എന്ന് മനസിലാക്കുകയും ഫലപ്രദമായി ഉപയോഗിക്കുകയും ചെയ്യുന്ന ജീവനക്കാർ കൂടുതൽ മുന്നോട്ട് പോകുമെന്നും മറ്റുള്ളവർ പിന്നിലായിപ്പോയേക്കാമെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.