ന്യൂഡൽഹി: ഉന്നതപദവിയിലുള്ള ഉദ്യോഗസ്ഥരെ ലക്ഷ്യമാക്കി 'ബോസ് സ്‌കാം' എന്ന പേരിൽ പുതിയ സൈബർ തട്ടിപ്പ് വ്യാപിക്കുന്നതായി ഇന്ത്യൻ സൈബർ ക്രൈം കോഡിനേഷൻ സെന്റർ (14സി).

To advertise here,

റിസർവ് ബാങ്കോ അതുപോലെ വിശ്വസ്തതയുള്ള മറ്റേതെങ്കിലും ഉറവിടമോ അയക്കുന്നതെന്ന് തോന്നിക്കുംവിധമാണ് സന്ദേശമെത്തുക. ഇത് തുറക്കുന്നതോടെ സൈബർ കുറ്റവാളികൾക്ക് ഉന്നതോദ്യോഗസ്ഥൻ ചമഞ്ഞ് അദ്ദേഹം നൽകുന്നപോലുള്ള സന്ദേശം കീഴ്ജീവനക്കാർക്ക് അയക്കാനാവും. പല കേസുകളിലും കമ്പനിയുടെ സി.ഇ.ഒ.മാർ ഫിനാൻസ് ഓഫീസർക്ക് സന്ദേശമയച്ചതായാണ് കാണുന്നത്. പണം അയക്കാൻ ആവശ്യപ്പെട്ടുള്ള സന്ദേശമായിരിക്കും ഇവ.

പരമ്പരാഗത വേരിഫിക്കേഷൻ സംവിധാനങ്ങളെ മറികടക്കാൻ സൈബർ തട്ടിപ്പുകാർക്ക് സാധിക്കുന്നുണ്ടെന്നും ഉടൻ പൂർത്തീകരിക്കണമെന്ന് നിർദേശിക്കുന്ന ഫയലുകൾ ജാഗ്രതയോടെ കൈകാര്യം ചെയ്യണമെന്നും സൈബർ ക്രൈം കോഡിനേഷൻ സെന്റർ നിർദേശിച്ചു.

നാഷണൽ സൈബർ ക്രൈം ത്രെറ്റ് അനലിറ്റിക്‌സ് യൂണിറ്റ് (NCTAU) കഴിഞ്ഞ ദിവസമാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് പുറത്തിറക്കിയത്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) പോലുള്ള സുപ്രധാന സ്ഥാപനത്തിൽനിന്നുള്ള സന്ദേശം എന്ന് തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലാവും തട്ടിപ്പുകാർ ചീഫ് എക്‌സിക്യൂട്ടീവുമാരെയും മുതിർന്ന ഉദ്യോഗസ്ഥരെയും ലക്ഷ്യമിടുക. ബന്ധപ്പെട്ട സ്ഥാപനം സുരക്ഷാ നിർദേശങ്ങൾ ലംഘിച്ചിരിക്കുന്നവെന്നും അടിയന്തിര സെക്യൂരിറ്റി അപ്‌ഗ്രേഡ് ആവശ്യമാണെന്നും അവരെ തെറ്റിദ്ധരിപ്പിക്കും. സുരക്ഷാ അപ്‌ഡേറ്റുകളുമായി ബന്ധപ്പെട്ട കംപ്രസ് ചെയ്ത ZIP ഫയൽ ഉൾക്കൊള്ളുന്നതാവും സന്ദേശം.

ഒരു വിൻഡോസ് കമ്പ്യൂട്ടറിൽ ഫയൽ ഡൗൺലോഡ് ചെയ്ത് പ്രവർത്തിപ്പിക്കുന്നതോടെ മാൽവെയർ ഇൻസ്റ്റാൾ ചെയ്യപ്പെടും. ഇതിന് എക്‌സിക്യൂട്ടീവിന്റെ സിസ്റ്റം അപകടത്തിലാക്കാനും സജീവമായ വാട്‌സ്ആപ്പ് വെബ് സെഷനുകൾ ഹൈജാക്ക് ചെയ്യാനും കഴിയും. ഇതോടെ കുറ്റവാളികൾക്ക് എക്‌സിക്യൂട്ടീവിന്റെ യഥാർത്ഥ വാട്ട്സ്ആപ്പ് അക്കൗണ്ടിലേക്ക് പ്രവേശനം ലഭിക്കും.

ഈ ആക്രമണത്തിലൂടെ ലഭിച്ച അക്കൗണ്ട് ഉപയോഗിച്ച് തട്ടിപ്പുകാർ ഫിനാൻസ്, അക്കൗണ്ട്‌സ് ഉദ്യോഗസ്ഥരെ ബന്ധപ്പെടുകയും കുറ്റവാളികൾ നിയന്ത്രിക്കുന്ന ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം കൈമാറാൻ നിർദ്ദേശിക്കുകയും ചെയ്യും. ചില സന്ദർഭങ്ങളിൽ ആക്രമണകാരികൾ ഉപകരണത്തിന്റെ കോൺടാക്റ്റ് ലിസ്റ്റ് മാറ്റുകയും സിഇഒയുടെ പേരിൽ നമ്പർ സൂക്ഷിക്കുകയും ചെയ്യുന്നു. ഇതോടെ സന്ദേശങ്ങൾ ആധികാരികമാണെന്ന് തെറ്റിദ്ധരിപ്പിക്കാൻ സൈബർ കുറ്റവാളികൾക്ക് കഴിയുന്നു.

അടിയന്തിര പേയ്‌മെന്റ് അഭ്യർഥനകളോ അക്കൗണ്ട് മാറ്റങ്ങളോ സംബന്ധിച്ച വാട്ട്സ്ആപ്പ് സന്ദേശങ്ങളോ ഇമെയിലുകളോ ലഭിച്ചൽ അവയെ മാത്രം ആശ്രയിക്കാതെ നേരിട്ട് പരിശോധിച്ച് സ്ഥിരീകരിക്കണമെന്ന് ഏജൻസി സിഇഓമാർ അടക്കമുള്ളവരോട് നിർദേശിച്ചു.

ആർബിഐ പോലുള്ള ഏജൻസികൾ വാട്ട്സ്ആപ്പ് അറ്റാച്ച്മെന്റുകളിലൂടെ നിർബന്ധിത സോഫ്റ്റ്‌വെയർ അപ്ഡേറ്റുകൾ നിർദേശിക്കാറില്ല. അജ്ഞാത ഉറവിടങ്ങളിൽ നിന്ന് ലഭിക്കുന്ന എക്‌സിക്യൂട്ടബിൾ ഫയലുകൾ ഇൻസ്റ്റാൾ ചെയ്യരുതെന്നും ഏജൻസി അഭ്യർഥിച്ചിട്ടുണ്ട്. സൈബർ തട്ടിപ്പ് സംഭവങ്ങൾ ദേശീയ സൈബർ ക്രൈം ഹെൽപ്പ് ലൈൻ 1930 എന്ന നമ്പറിൽ വിളിച്ചോ നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടൽ വഴിയോ ഉടനടി റിപ്പോർട്ട് ചെയ്യാൻ I4C പൗരന്മാരോടും സംഘടനകളോടും നിർദേശിക്കുന്നു.