ആപ്പിളിന്റെ ആദ്യ ഫോൾഡബിൾ സ്ക്രീൻ സ്മാർട്ഫോണായ ഐഫോൺ ഡ്യുവോയ്ക്ക് സാങ്കേതിക പ്രശ്നങ്ങൾ നേരിടുന്നതായി റിപ്പോർട്ട്. ഫോണിന്റെ സ്ക്രീൻ പൊട്ടുന്നുവെന്ന പരാതിയുമായി നിരവധി ഉപയോക്താക്കൾ രംഗത്തുവന്നിട്ടുണ്ട്. പൊട്ടിയ സ്ക്രീനിന്റെ ദൃശ്യങ്ങൾ അവർ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.

To advertise here,

ഫോൺ ഉപയോഗിച്ചു തുടങ്ങി ചുരുങ്ങിയ സമയത്തിനുള്ളിൽതന്നെ ഉള്ളിലെ ഡിസ്‌പ്ലേയുടെ നടുഭാഗത്തായി വലിയ വിള്ളലുകൾ വീഴുന്നതായാണ് ലോകമെമ്പാടുമുള്ള ഉപഭോക്താക്കൾ പരാതിപ്പെടുന്നത്. ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നും ഫോണിന്റെ രൂപകൽപ്പനയിലുള്ള ഗുരുതരമായ പിഴവാണെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ഫോണിന്റെ മടക്കുകളിൽ ഉപയോഗിക്കുന്ന ഹിഞ്ച് (Hinge) മെക്കാനിസത്തിലെ തകരാറാണ് ഡിസ്‌പ്ലേ പൊട്ടാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. പ്രമുഖ യൂട്യൂബ് ചാനലായ 'ജെറി റിഗ് എവരിതിങ്' (JerryRigEverything) നടത്തിയ ഡ്യൂറബിലിറ്റി പരിശോധനയിലും ഫോൺ ഇതേ ഭാഗത്തുതന്നെയാണ് ഒടിഞ്ഞത്.

ഫോൺ വാങ്ങി ആദ്യ സെറ്റപ്പ് ചെയ്യുന്നതിന് മുമ്പ് തന്നെ ചില ഫോണുകളുടെ സ്ക്രീൻ തകർന്നതായി റിപ്പോർട്ടുകളുണ്ട്. ആദ്യഘട്ടത്തിൽ ചൈനയിൽനിന്നാണ് ഇത്തരം പരാതികൾ ഉയർന്നതെങ്കിലും, മറ്റ് വിപണികളിലേക്ക് വിൽപ്പന എത്തിയതോടെ ലോകമെമ്പാടും സമാനപ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നു.

ഫോൺ മടക്കുമ്പോഴും തുറക്കുമ്പോഴും അസ്വാഭാവികമായ ശബ്ദം (creaking noise) കേൾക്കുന്നതായും ഇതിനുപിന്നാലെയാണ് സ്ക്രീനിൽ വിള്ളലുകൾ രൂപപ്പെടുന്നതെന്നും ചില ഉപഭോക്താക്കൾ വ്യക്തമാക്കുന്നു.

ഇന്ത്യയിൽ ഐഫോൺ ഡ്യുവോയുടെ പ്രാരംഭ വില ₹2,99,900 ആണ്.  തകരാറിലായ ഫോണുകൾ മാറ്റിവാങ്ങാൻ (replacement) ഉപഭോക്താക്കൾ ചിലപ്പോൾ മാസങ്ങളോളം കാത്തിരിക്കേണ്ടി വന്നേക്കാം. ഫോൺ വാങ്ങാൻ ഉദ്ദേശിക്കുന്നവർ തീർച്ചയായും 'ആപ്പിൾ കെയർ പ്ലസ്' (AppleCare+) പരിരക്ഷ എടുക്കണമെന്നാണ് ടെക് വിദഗ്ധരുടെ നിർദ്ദേശം.