സ്മാര്‍ട്‌ഫോണുകളുടെ വരവ് ഒരുപാട് കാര്യങ്ങളില്‍ സഹായകമായിട്ടുണെങ്കിലും മറുവശത്ത് ചില വെല്ലുവിളികളും നിലനില്‍ക്കുന്നുണ്ട്. ബാങ്കിങ് ഉള്‍പ്പടെ സ്വകാര്യ ആവശ്യങ്ങള്‍ക്കെല്ലാം ഉപയോഗപ്പെടുത്തുന്ന സ്മാര്‍ട്‌ഫോണുകളിലൂടെ നിരന്തരം സൈബര്‍ ആക്രമണ ഭീഷണികളും സ്മാര്‍ട്‌ഫോണുകള്‍ കേന്ദ്രീകരിച്ചുള്ള സാമ്പത്തിക തട്ടിപ്പ് ശ്രമങ്ങളും ഉണ്ടാകുന്നു. ഇതുമായി ബന്ധപ്പെട്ട് വളരെ ഗുരുതരമായ മുന്നറിയിപ്പ് പുറത്തുവിട്ടിരിക്കുകയാണ് ഗൂഗിള്‍.
ഐഫോണുകള്‍ക്കും ആന്‍ഡ്രോയിഡ് ഫോണുകള്‍ക്കും നേരെ സൈബറാക്രമണം നടന്നുകൊണ്ടിരിക്കുകയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കുന്നു. ലക്ഷക്കണക്കിന് സ്പാം സന്ദേശങ്ങളാണ് ദിവസേനയെന്നോണും യുഎസിലും യൂറോപ്പിലും അയക്കപ്പെടുന്നത്. ഉപഭോക്താക്കളെ തട്ടിപ്പിനിരയാക്കാന്‍ വേണ്ടി രൂപകല്‍പന ചെയ്തവയാണ് ഈ സന്ദേശങ്ങള്‍. അതുകൊണ്ട് നിങ്ങള്‍ ജാഗ്രത പാലിക്കുകയും തട്ടിപ്പ് സന്ദേശങ്ങള്‍ തിരിച്ചറിഞ്ഞ് അത്തരം ശ്രമങ്ങളില്‍ നിന്ന് രക്ഷനേടുകയും വേണം.
ഓരോ മാസവും ആന്‍ഡ്രോയിഡിലെ സുരക്ഷാ സംവിധാനങ്ങള്‍ കൂടുതല്‍ സ്പാം കോളുകള്‍ തടയുന്നുണ്ട്. അതേസമയം ആപ്പിളില്‍ സംരക്ഷണം കുറവാണ്.
സ്പാം സന്ദേശങ്ങള്‍ ഏതെല്ലാം
നിങ്ങള്‍ ഓര്‍ഡര്‍ ചെയ്ത പാക്കേജ് നിങ്ങളുടെ അഡ്രസില്‍ എത്തിയിട്ടില്ല, പെട്ടെന്ന് റീഫണ്ട് നേടുക പോലുള്ള പെട്ടെന്ന് ആരും തെറ്റിദ്ധരിക്കപ്പെടുന്ന എസ്എംഎസ് സന്ദേശങ്ങളാണ് അയക്കുക. ഒപ്പം ഒരു ലിങ്കുമുണ്ടാവും. ഈ സന്ദേശങ്ങളിലെ ലിങ്കുകളില്‍ ക്ലിക്ക് ചെയ്താല്‍ അത് ഡാറ്റാ മോഷണത്തിലേക്ക് നയിച്ചേക്കും. ചൈനയിലെ കുറ്റവാളി സംഘങ്ങളാണ് ഈ സന്ദേശങ്ങള്‍ നിര്‍മിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. വിദേശ സിംകാര്‍ഡുകളില്‍ നിന്നാണ് ഈ സന്ദേശങ്ങള്‍ അയക്കുന്നത്. ഓരോ നമ്പര്‍ ബ്ലോക്ക് ചെയ്യുമ്പോഴും അവര്‍ പുതിയവ ഉപയോഗിച്ച് സന്ദേശങ്ങള്‍ അയക്കും.
ആന്‍ഡ്രോയിഡാണ് ആപ്പിളിനേക്കാള്‍ സുരക്ഷിതം- ഗൂഗിള്‍
ആന്‍ഡ്രോയിഡിലെ സുരക്ഷാ സംവിധാനങ്ങള്‍ ഓരോ മാസവും 100 കോടിയിലേറെ സ്പാം കോളുകളും സന്ദേശങ്ങളും തടയുന്നുണ്ടെന്ന് ഗൂഗിള്‍ അവകാശപ്പെടുന്നു. എങ്കിലും ചില സന്ദേശങ്ങള്‍ ഈ ഫില്‍ട്ടറുകളില്‍നിന്ന് രക്ഷപ്പെടാറുണ്ട്. iOS 26 അപ്ഡേറ്റില്‍ ലിങ്കുകളും റിപ്ലൈകളും ബ്ലോക്ക് ചെയ്യാന്‍ ആപ്പിള്‍ പുതിയ ഫില്‍ട്ടറുകള്‍ അവതരിപ്പിച്ചിട്ടുണ്ട്. ഇതൊക്കെയുണ്ടായിട്ടും യുഎസില്‍ തട്ടിപ്പുകള്‍ വര്‍ധിക്കുകയാണ്.
ഐഫോണുകളേക്കാള്‍ ആന്‍ഡ്രോയിഡ് ഫോണുകള്‍ സുരക്ഷിതമാണെന്നാണ് ഗൂഗിളിന്റെ ബ്ലോഗ് പോസ്റ്റുകള്‍ പറയുന്നത്. എന്നാല്‍ ആപ്പിളിന്റെ പുതിയ സുരക്ഷാ അപ്ഡേറ്റുകള്‍ വരുന്നതിന് മുമ്പുള്ള ഡാറ്റയാണ് ഇതിന് അടിസ്ഥാനം. പിക്സല്‍ ഫോണുകള്‍ മികച്ച സുരക്ഷ നല്‍കുന്നു. അതേസമയം സാംസങ് പോലുള്ള മറ്റ് ആന്‍ഡ്രോയിഡ് ഫോണുകളില്‍ സുരക്ഷ കുറവാണ്. ഐഫോണുകള്‍ ഉപയോഗിക്കുന്ന എല്ലാവര്‍ക്കും ആപ്പിള്‍ ഒരേ രീതിയിലുള്ള സുരക്ഷയാണ് വാഗ്ദാനം ചെയ്യുന്നത്.
സ്പാം സന്ദേശങ്ങള്‍ ഡെലീറ്റ് ചെയ്യുക
ഇങ്ങനെയൊക്കെ ആണെങ്കിലും എല്ലാം സുരക്ഷിതമാണെന്ന് ആപ്പിള്‍ ഉപഭോക്താക്കള്‍ കരുതരുത്. ഇത്തരം സ്പാം സന്ദേശങ്ങള്‍ വന്നാല്‍ അത് ഉടന്‍ ഡെലീറ്റ് ചെയ്യാനാണ് എഫ്ബിഐ നല്‍കിയിരിക്കുന്ന നിര്‍ദേശം. ആ സന്ദേശങ്ങളിലെ ലിങ്കുകള്‍ നിശ്ചിത സമയത്തിന് ശേഷം പ്രവര്‍ത്തനരഹിതമാകുമെങ്കിലും, അവ ഫോണില്‍ തന്നെ സൂക്ഷിക്കുന്നത് അപകടമാണ്. സംശയാസ്പദമായ സന്ദേശങ്ങള്‍ ഉടന്‍ തന്നെ നീക്കം ചെയ്യുക. ഫോണ്‍ സെറ്റിങ്‌സിലെ സ്പാം ഫില്‍റ്റര്‍ ഓണ്‍ ചെയ്യുക. ഫോണ്‍ എപ്പോഴും അപ്‌ഡേറ്റ് ആയി സൂക്ഷിക്കുക. അബദ്ധത്തില്‍ ഈ ലിങ്കുകളില്‍ ക്ലിക്ക് ചെയ്ത് പോയെങ്കില്‍, നിങ്ങളുടെ ബാങ്ക് ബാലന്‍സ് പരിശോധിക്കുകയും പാസ് വേഡ് മാറ്റുകയും വേണം.
Content Highlights: Google warns of massive spam SMS cyber-attacks targeting iPhone and Android users in the US and Europe; Advises caution against fraudulent links.
Published: 04 Nov 2025, 09:28 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented