സംഭാഷണങ്ങള്‍ തത്സമയം തര്‍ജമ ചെയ്യുന്ന ലൈവ് സ്പീച്ച് ട്രാന്‍സ്​ലേഷന്‍ ഫീച്ചര്‍ അപ്‌ഡേറ്റുമായി ഗൂഗിള്‍ ട്രാന്‍സ്​ലേറ്റ് സേവനം. നേരത്തെ പിക്‌സല്‍ ബഡ്‌സില്‍ മാത്രം ലഭ്യമായിരുന്ന ഈ ഫീച്ചര്‍, ഇപ്പോള്‍ ഏത് ഹെഡ്‌ഫോണിലും ഉപയോഗിക്കാനാവും. 70-ല്‍ ഏറെ ഭാഷകള്‍ ഇത് പിന്തുണയ്ക്കും. ഫീച്ചറിന്റെ ബീറ്റാ പതിപ്പ് ഇതിനകം പുറത്തിറക്കിക്കഴിഞ്ഞു. അനുയോജ്യമായ ആന്‍ഡ്രോയിഡ് ഫോണുകളിലെ ട്രാന്‍സ്ലേറ്റ് ആപ്പിലാണ് ഈ ഫീച്ചര്‍ ലഭിക്കുക. ആപ്പിള്‍ എയര്‍പോഡില്‍ സമാനമായ ഫീച്ചര്‍ ലഭ്യമാണ്.

To advertise here,

അടുത്തിടെ ഗൂഗിള്‍ ട്രാന്‍സ്​ലേറ്റില്‍ അവതരിപ്പിച്ച പുതിയ ഫീച്ചറുകളില്‍ ഒന്നാണിത്. ടെക്സ്റ്റ് ട്രാന്‍സ്ലേഷനും മെച്ചപ്പെടുത്തിയിട്ടുണ്ട്. ജെമിനിയുടെ സഹായത്തോടെ വ്യംഗ്യാര്‍ത്ഥങ്ങളുള്ള പ്രാദേശിക ഭാഷാ പ്രയോഗങ്ങളും ശൈലിയും എളുപ്പം മനസിലാക്കി കൂടുതല്‍ കൃത്യമായി തര്‍ജ്ജമ ചെയ്യാന്‍ ഇനി ട്രാന്‍സിലേറ്ററിനാവും.

ഭാഷ പരിശീലിക്കുന്നതിനായുള്ള ട്രാന്‍സിലേറ്ററിലെ പ്രാക്ടീസ് ഫീച്ചര്‍ 20 രാജ്യങ്ങളിലേക്ക് കൂടി അവതരിപ്പിച്ചു. ഇതുവഴി കൂടുതല്‍ ഭാഷകള്‍ ഇതില്‍ ലഭ്യമാകും. ഡുവോലിംഗോ ആപ്പിന് സമാനമായ ഫീച്ചറാണിത്. എഐ അധിഷ്ഠിത ഭാഷാ പരിശീലനം ആണ് ഇതില്‍ ലഭിക്കുക.

യുഎസ്, മെക്‌സികോ, ഇന്ത്യ എന്നിവിടങ്ങളിലാണ് ആദ്യം ഈ ഫീച്ചര്‍ അവതരിപ്പിച്ചത്. അടുത്ത വര്‍ഷത്തോടെ ഐഒഎസ് ട്രാന്‍സ്​ലേറ്റ് ആപ്പിലും ഫീച്ചര്‍ എത്തും. മെച്ചപ്പെട്ട ട്രാന്‍സ്​ലേഷന്‍ ഫീച്ചര്‍ ആന്‍ഡ്രോയിഡിലും ഐഒഎസിലും വെബ് വേര്‍ഷനിലും ലഭ്യമാക്കിയിട്ടുണ്ട്. പ്രാക്ടീസ് ഇപ്പോഴും ബീറ്റാ മോഡില്‍ തന്നെയാണ്. അതുകൊണ്ട് എല്ലാവര്‍ക്കും ലഭ്യമാകണമെന്നില്ല.