ചൈന ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വമ്പന്‍ സൈബര്‍ ക്രിമിനല്‍ സംഘത്തെ തകര്‍ക്കാന്‍ നിയമ നടപടിയുമായി ഗൂഗിള്‍. ലൈറ്റ്ഹൗസ് എന്ന സംഘം സാങ്കേതിക വൈദഗ്ധ്യം കുറഞ്ഞവര്‍ക്ക് പോലും വലിയ തോതിലുള്ള സൈബര്‍ തട്ടിപ്പ് നടത്താന്‍ 'ഫിഷിങ് ഫോര്‍ ഡമ്മീസ്' കിറ്റുകള്‍ ലോകത്ത് മുഴുവന്‍ അനധികൃതമായി വില്‍ക്കുന്നു എന്നാണ് ടെക് ഭീമന്‍ ആരോപിക്കുന്നത്. ലോകമെമ്പാടും നടക്കുന്ന ലക്ഷക്കണക്കിന് തട്ടിപ്പുകള്‍ക്ക് ഉത്തരവാദികള്‍ ഇവരാണെന്നാണ് ആരോപണം.

To advertise here,

സബ്‌സ്‌ക്രിപ്ഷന്‍ അടിസ്ഥാനമാക്കിയുള്ള ഫിഷിങ് സോഫ്റ്റ്വെയര്‍ ലൈറ്റ്ഹൗസ് നെറ്റ്വര്‍ക്ക് നല്‍കുന്നു എന്നാണ് ഗൂഗിളിന്റെ ആരോപണം. ആഴ്ച, മാസം, വര്‍ഷം അല്ലെങ്കില്‍ ലൈഫ് ടൈം പ്ലാനുകളില്‍ ഇവ ലഭ്യമാണ്. ഇതില്‍ നൂറുകണക്കിന് വ്യാജ വെബ്‌സൈറ്റ് ടെംപ്ലേറ്റുകള്‍, ഡൊമെയ്ന്‍ സജ്ജീകരണ ടൂളുകള്‍, യഥാര്‍ത്ഥ പ്ലാറ്റ്ഫോമുകളെ അനുകരിക്കുന്ന പേയ്മെന്റ് ഫീച്ചറുകള്‍ എന്നിവ ഉള്‍പ്പെടുന്നു. ഈ കിറ്റുകള്‍ ടെലിഗ്രാം ചാനലുകള്‍ വഴി വിപണനം ചെയ്യുന്നു. ഗൂഗിള്‍ ഇവ കണ്ടെത്തി അക്കൗണ്ടുകള്‍ സസ്‌പെന്‍ഡ് ചെയ്യുന്നതുവരെ യൂട്യൂബും ഇവ പ്രൊമോട്ട് ചെയ്തിരുന്നു.

വിശ്വാസയോഗ്യമായ ബ്രാന്‍ഡുകളായോ സ്ഥാപനങ്ങളായോ ആള്‍മാറാട്ടം നടത്തി പാസ്വേഡുകള്‍, ക്രെഡിറ്റ് കാര്‍ഡ് നമ്പറുകള്‍, പ്രധാന വിവരങ്ങള്‍ എന്നിവ വെളിപ്പെടുത്താന്‍ ജനങ്ങളെ പ്രേരിപ്പിച്ച് ഫിഷിംഗ് ആക്രമണങ്ങള്‍ നടത്താന്‍ ഈ കിറ്റുകള്‍ ‘ദുഷ്ടശക്തികളെ’ അനുവദിക്കുന്നു എന്ന് ഗൂഗിള്‍ ആരോപിക്കുന്നു

ടോള്‍ ഫീസോ പാക്കേജ് ഡെലിവറി പേയ്മെന്റോ വൈകിയെന്ന് അവകാശപ്പെടുന്ന വ്യാജ ടെക്സ്റ്റ് സന്ദേശങ്ങളിലൂടെയോ, പ്രമുഖ റീട്ടെയിലര്‍മാരായോ സര്‍ക്കാര്‍ ഏജന്‍സികളായോ ആള്‍മാറാട്ടം നടത്തിക്കൊണ്ടുള്ള വഞ്ചനാപരമായ പരസ്യങ്ങളിലൂടെയോ ആണ് പല തട്ടിപ്പുകളും ആരംഭിക്കുന്നതെന്ന് ഗൂഗിള്‍ വിശദീകരിക്കുന്നു.

ഇരകളെ ഇവര്‍ യഥാര്‍ത്ഥ പോര്‍ട്ടലുകളായി തോന്നുന്ന തരത്തില്‍ രൂപകല്‍പ്പന ചെയ്ത വ്യാജ വെബ്‌സൈറ്റുകളിലേക്ക് നയിക്കുന്നു. പലപ്പോഴും ജിമെയില്‍, യൂട്യൂബ്, അല്ലെങ്കില്‍ ഗൂഗിള്‍ പേ പോലുള്ള ഗൂഗിള്‍ സേവനങ്ങളുടെ ലോഗോകള്‍ ഉപയോഗിച്ച് ബ്രാന്‍ഡ് ചെയ്തവയാണ് ഇവ. അവിടെ തട്ടിപ്പിന് ഇരയാകുന്ന ഉപയോക്താക്കള്‍ സാമ്പത്തിക വിവരങ്ങള്‍ കൈമാറുന്നു.

ലൈറ്റ്ഹൗസ് നെറ്റ്‌വര്‍ക്ക് 121 രാജ്യങ്ങളിലായി ലക്ഷക്കണക്കിന് പേരെ വഞ്ചിച്ചിട്ടുണ്ടെന്നും ആഗോളതലത്തില്‍ 1 ബില്യണ്‍ (100 കോടി) ഡോളറിലധികം നഷ്ടം വരുത്തിയിട്ടുണ്ടെന്നും ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റിയുടെ കണക്ക് ഉദ്ധദ്ധരിച്ച് ഗൂഗിള്‍ വിശദീകരിക്കുന്നു.

തട്ടിപ്പുകള്‍ തടയാനും, നഷ്ടപ്പെട്ട തുക വീണ്ടെടുക്കാനും, ഉപയോക്താക്കളെ കൂടുതല്‍ തട്ടിപ്പുകളില്‍നിന്ന് സംരക്ഷിക്കാനുമായി ഒരു നിരോധന ഉത്തരവ് ആണ് ഗൂഗിള്‍ ആവശ്യപ്പെടുന്നത്. ലൈറ്റ്ഹൗസ് പോലെയുള്ളവ ഗൂഗിളിലുള്ള പൊതുജനവിശ്വാസത്തെയാണ് ചൂഷണം ചെയ്യുന്നതെന്ന് കമ്പനി ചൂണ്ടിക്കാട്ടുന്നു.