കൊച്ചി: ''നിര്‍മിതബുദ്ധിയുടെ ജനാധിപത്യവത്കരണത്തിനാണ് ഗൂഗിള്‍ ശ്രമിക്കുന്നത്. പ്രാദേശികമായി കൂടുതല്‍ ഞങ്ങള്‍ ശ്രദ്ധിക്കുന്നു, പ്രത്യേകിച്ച് കേരളത്തില്‍. ജനറേറ്റീവ് എ ഐ വന്നതോടെ കളി മാറി. ജോലിചെയ്യുന്ന രീതി മാറിത്തുടങ്ങി. കേരളത്തില്‍ ഒരുപാട് ക്രിയേറ്റീവായ ആളുകളും സംരംഭങ്ങളുമുണ്ട്. ആ പ്രവര്‍ത്തനങ്ങള്‍ ലോകമെങ്ങും ആളുകള്‍ക്ക് പ്രയോജനപ്പെടണം. സാങ്കേതികവിദ്യയുടെ മുന്നേറ്റം അറിയാവുന്ന, നല്ല കാഴ്ചപ്പാടുള്ളവരാണ് കേരളത്തിലെ ഭരണാധികാരികള്‍''- ഗൂഗിള്‍ ക്ലൗഡിന്റെ ഇന്ത്യയിലെയും സാര്‍ക്ക് രാജ്യങ്ങളിലെയും മേധാവി സത്യേന്ദ്ര ഖരേ പറയുന്നു.
സിഐഒ അസോസിയേഷന്റെ ദേശീയ സമ്മേളനത്തിനെത്തിയ സത്യേന്ദ്ര ഖരേ 'മാതൃഭൂമി'ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങള്‍ പറഞ്ഞത്. ''ബ്രൗസിങ്ങിന്റെ രീതി ഇപ്പോള്‍ മാറി. ടെക്സ്റ്റ് ചെയ്യുന്നതിനൊപ്പം വോയ്‌സിനും പ്രാധാന്യം വന്നു. സെര്‍ച്ച് ചെയ്തിട്ട് ക്ലിക്കുചെയ്യുക എന്നതിനുപകരം ചോദിച്ചിട്ട് ക്ലിക്ക് ചെയ്യുന്നതിലേക്ക് പലരും മാറി. അതിനുത്തരം പറയാന്‍ ജമിനി എഐ ഉണ്ട്. ഗൂഗിള്‍ വര്‍ക്ക് സ്‌പെയ്‌സില്‍ എഐ ടൂളുകള്‍ ഉണ്ട്. ഇന്ന് മലയാളവും തമിഴും ഹിന്ദിയും ഉള്‍പ്പെടെ ഒന്‍പത് ഇന്ത്യന്‍ ഭാഷകളില്‍ ജമിനിയുടെ സേവനമുണ്ട്. ആകെ 50 ലോകഭാഷകളില്‍ ഈ സേവനം കിട്ടും. മൂന്നുവര്‍ഷമായി ഗൂഗിളിന് പൊതുമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു ടീമും കേരളത്തില്‍ ഉണ്ട്''.
എഐ എല്ലാ രംഗത്തും മാറ്റം കൊണ്ടുവരുന്നുവെന്ന് സത്യേന്ദ്ര ഖരേ പറഞ്ഞു. ഉത്പാദനം, ക്രിയാത്മകത, സേവനങ്ങള്‍ ലഭ്യമാകുന്ന വേഗം എന്നിവയില്‍ മികവുനേടി. ''കുറച്ചുദിവസം മുന്‍പ് ബോളിവുഡിലെ ഒരു പ്രമുഖ നടന്‍ എന്നോട് ഒരു കാര്യം ചര്‍ച്ചചെയ്തു. അദ്ദേഹം അഭിനയിക്കുന്ന ഗാനരംഗം ലോകത്തിലെ ഏറ്റവും മനോഹരമായ സ്ഥലങ്ങളില്‍ ചിത്രീകരിക്കണം, അവിടെ പോകാതെ തന്നെ. അതിന്റെ വിശദാംശങ്ങളാണ് ചര്‍ച്ചചെയ്തത്. കോടികള്‍ പൊടിക്കാതെ, സമയം മെനക്കെടുത്താതെ എഐ ഉപയോഗിച്ച് ഗൂഗിള്‍ വിയോ ത്രീയില്‍ അത് ചെയ്യാനാകും. സേവനങ്ങളില്‍ മാത്രമല്ല കാര്‍ഷിക മേഖലയിലും നിര്‍മിതബുദ്ധിക്ക് വലിയ കാര്യങ്ങള്‍ ചെയ്യാനാകും. എന്റെ മുത്തച്ഛന്‍ കൃഷിചെയ്തിരുന്നു. ഓരോ സീസണിലും എന്താണ് കൃഷിയിറക്കേണ്ടതെന്ന് അറിയാമായിരുന്നു. തലമുറകളായി പകര്‍ന്നുകിട്ടിയ അറിവും അനുഭവപരിചയവുമാണത്. ഇന്ന് മണ്ണിന്റെയും കാലാവസ്ഥയുടെയും വിശദാംശങ്ങള്‍ നോക്കി എഐക്ക് അതു ചെയ്യാനാകും.
കേരളത്തില്‍ വലിയ ബാങ്കുകളും ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളും സേവനങ്ങള്‍ക്കും വരുമാന വര്‍ധനയ്ക്കും വേണ്ടി ഇപ്പോള്‍ത്തന്നെ എഐ ഉപയോഗിക്കാറുണ്ട് - സത്യേന്ദ്ര ഖരേ പറഞ്ഞു.
Content Highlights: Google Cloud`s India & SAARC head emphasizes focus on Kerala`s creative potential
Published: 21 Aug 2025, 10:23 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented