ചിപ്പ് ക്ഷാമം ഇനി മൊബൈൽ ആപ്പുകളെയും ബാധിക്കും; നിബന്ധനകളിൽ മാറ്റംവരുത്തി ഗൂഗിൾ

ആൻഡ്രോയിഡ് ആപ്പുകൾക്കുള്ള നിബന്ധനകളിൽ മാറ്റം വരുത്തി ഗൂഗിൾ. നിർമിതബുദ്ധി (എഐ) ഡേറ്റാ സെന്ററുകളുടെ എണ്ണം കുതിച്ചുയരുന്നത് കാരണം ആഗോളതലത്തിൽ ചിപ്പുകൾക്ക് കടുത്ത ക്ഷാമം നേരിടുന്ന പശ്ചാത്തലത്തിലാണിത്. ഗൂഗിൾ പ്ലേയിൽ ആപ്പുകളുടെ മെമ്മറി ഉപയോഗം കുറയ്ക്കുന്നതിലും ഡിവൈസ് മൈഗ്രേഷൻ സുരക്ഷിതമാക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് പുതിയ നിബന്ധനകൾ. ഇവ പാലിക്കാത്ത ഡെവലപ്പർമാർക്ക് തിരിച്ചടി നേരിടേണ്ടിവരും.
ഗൂഗിൾ പ്ലേയിൽ പ്രസിദ്ധീകരിക്കുന്ന ആപ്പുകൾക്ക് R8 പോലുള്ള ടൂളുകൾ ഉപയോഗിച്ചുള്ള ഒപ്റ്റിമൈസേഷൻ, ചുരുക്കൽ, ഒബ്ഫസ്കേഷൻ എന്നിവയിൽ കുറഞ്ഞത് 25 ശതമാനം കവറേജ് ഉണ്ടായിരിക്കണം. ഈ പരിധികൾ ലംഘിച്ചാൽ ആപ്പിന്റെ വേഗത കുറയാനും തുടർന്ന് ടെർമിനേറ്റ് ചെയ്യപ്പെടാനും സാധ്യതയുണ്ട്.
'ഉപയോക്തൃ അനുഭവത്തെ പ്രതികൂലമായി ബാധിക്കുന്ന തരത്തിലുള്ള ഹാർഡ്വെയർ ലഭ്യതക്കുറവിലൂടെയാണ് മൊബൈൽ വ്യവസായം കടന്നുപോകുന്നത്. ഇത് പരിഹരിക്കുന്നതിനായി, വ്യക്തിഗത ആപ്പുകൾ ഡിവൈസിന്റെ മെമ്മറി മുഴുവൻ ഉപയോഗിക്കുകയും മൊത്തത്തിലുള്ള സിസ്റ്റത്തിന്റെ വേഗത കുറയ്ക്കുകയും ചെയ്യുന്നത് തടയാൻ ലക്ഷ്യമിട്ടുള്ള വിപുലമായ മെമ്മറി പരിധികൾ ആൻഡ്രോയിഡ് നടപ്പിലാക്കുന്നു.' - ഗൂഗിൾ പ്ലേ ഡെവലപ്പർ ആൻഡ് മോണിറ്റൈസേഷൻ ജി.എം രാഘവേന്ദ്ര ഹരീഷ് ബ്ലോഗ് പോസ്റ്റിൽ വ്യക്തമാക്കി.
നിബന്ധനകൾ പ്രാബല്യത്തിൽ വരുന്നതിന് മുമ്പ് ആപ്പുകളുടെ മെമ്മറി പ്രശ്നങ്ങൾ കണ്ടെത്താൻ പുതിയ ഗൂഗിൾ പ്ലേ കൺസോൾ ടൂളുകൾ ലഭ്യമാക്കിയിട്ടുണ്ട്. പരിധി ലംഘിച്ചാൽ മുന്നറിയിപ്പ് നൽകുന്നവ ഉൾപ്പെടെയുള്ള പുതിയ ഡയഗ്നോസ്റ്റിക് ടൂളുകളാണ് പ്ലേ കൺസോളിൽ ഗൂഗിൾ ഉൾപ്പെടുത്തിയിട്ടുള്ളത്. 2027 ഫെബ്രുവരിയിൽ നടപടികൾ ഗൂഗിൾ ആരംഭിക്കും. മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെടുന്ന ആപ്പുകൾക്കും ഗെയിമുകൾക്കും ഗൂഗിൾ പ്ലേയിലെ പ്രാധാന്യം നഷ്ടപ്പെട്ടേക്കാം. ഈ വർഷം അവസാനം കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്നാണ് ഗൂഗിൾ പറയുന്നത്.
ഇതിനൊപ്പം, ആൻഡ്രോയിഡ് റീസ്റ്റോർ ക്രെഡൻഷ്യൽസ് (API) ഉപയോഗിച്ച് പുതിയ ആൻഡ്രോയിഡ് ഡിവൈസിലേക്ക് മാറുമ്പോൾ ഉപയോക്താവിന്റെ സൈൻ-ഇൻ സ്റ്റേറ്റ് സ്വയമേവ പുനഃസ്ഥാപിക്കാൻ ആപ്പുകളെ നിർബന്ധിക്കുന്ന സീറോ-ടാപ്പ് സൈൻ-ഇൻ മാനദണ്ഡവും ഗൂഗിൾ അവതരിപ്പിക്കുന്നുണ്ട്.
Content Highlights: Google Play introduces new performance thresholds for dynamic, bitmap, and code memory usage., Apps must achieve at least 25% coverage in optimization, shrinking, and obfuscation using R8., Enforcement for memory limits begins in February 2027, with penalties including reduced app visibility., Zero-Tap Sign-In standard required via Android Restore Credentials API starting April 2027., Changes driven by hardware supply constraints and Android 17 ecosystem rollout.