ലോകത്തെ ഏറ്റവും വലിയ സെര്‍ച്ച് എഞ്ചിനായ ഗൂഗിള്‍ ഇന്ന് 27-ാം ജന്മദിനം ആഘോഷിക്കുന്നു. തങ്ങളുടെ ആദ്യത്തെ ലോഗോ ഒരു ഡൂഡിലായി അവതരിപ്പിച്ചാണ് ഗൂഗിള്‍ ഈ ആഘോഷം അവിസ്മരണീയമാക്കുന്നത്. 1998-ല്‍ രൂപകല്‍പ്പന ചെയ്ത ഈ വിന്റേജ് ലോഗോ ഉപയോക്താക്കളെ ഗൂഗിളിന്റെ പഴയ കാലം ഓര്‍മിപ്പിക്കുകയാണ്.

To advertise here,

ഏതൊരു സ്റ്റാര്‍ട്ട് അപ്പിനെയും പോലെ പരിമിതമായ സൗകര്യങ്ങളില്‍ നിന്നുകൊണ്ടായിരുന്നു ഗൂഗിളിന്റേയും തുടക്കം. 1998-ല്‍ വാടകയ്ക്കെടുത്ത ഒരു ഗാരേജിലാണ് ഗൂഗിളിന്റെ ആദ്യ ഓഫീസ് പ്രവര്‍ത്തിച്ചത്. ലോകത്തെ വിവരങ്ങള്‍ സംഘടിപ്പിക്കുകയും അത് എല്ലാവര്‍ക്കും ലഭ്യമാക്കുകയും ഉപയോഗപ്രദമാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഗൂഗിള്‍ സ്ഥാപിതമായത്. 'ബാക്ക്റബ്ബ്' (BackRub) എന്നായിരുന്നു ആദ്യം ഈ സെര്‍ച്ച് എഞ്ചിനെ ലാരിപേജും, സെര്‍ഗെ ബ്രിനും വിളിച്ചിരുന്നത്. പിന്നീട് അത് ഗൂഗിള്‍ എന്നാക്കി മാറ്റി. യഥാര്‍ത്ഥത്തില്‍ വലിയ സംഖ്യ എന്ന അര്‍ത്ഥമുള്ള googol എന്ന വാക്ക് തെറ്റായി എഴുതിയാണ് google ആയത്. അസംഖ്യം വിവരങ്ങള്‍ ലഭിക്കുന്ന ഇടം എന്ന അര്‍ത്ഥത്തിലാണ് ആ പേര് നല്‍കിയത്. 1998 സെപ്റ്റംബര്‍ 27 നാണ് ഗൂഗിള്‍.ഐഎന്‍സി എന്ന കമ്പനിക്ക് തുടക്കമിട്ടത്.

പിന്നീട് 2015 ല്‍ ആല്‍ഫബെറ്റ് എന്ന കമ്പനി രൂപീകരിക്കുകയും ഗൂഗിള്‍ ഉള്‍പ്പടെയുള്ള അനുബന്ധമായി പ്രവര്‍ത്തിച്ച വിവിധ സ്ഥാപനങ്ങളെ ഒറ്റ കുടക്കീഴില്‍ കൊണ്ടുവരികയും ചെയ്തു.ഇപ്പോള്‍ ആഗോളതലത്തില്‍ ലക്ഷക്കണക്കിന് ജീവനക്കാരുള്ള വലിയ വ്യവസായ ഭീമനാണ് ഗൂഗിള്‍.

ബേണിംഗ് മാന്‍ ഫെസ്റ്റിവലിന് പോകുന്നതിനാല്‍ തങ്ങള്‍ ഓഫീസിലുണ്ടാവില്ലെന്ന് ആളുകളെ അറിയിക്കുന്നതിന് വേണ്ടിയാണ് 1998-ല്‍ ഗൂഗിള്‍ സ്ഥാപകരായ ലാറി പേജും സെര്‍ജി ബ്രിന്നും ആദ്യത്തെ ഡൂഡില്‍ പ്രസിദ്ധീകരിച്ചത്. ഓരോ വര്‍ഷവും ലോകമെമ്പാടും നൂറുകണക്കിന് ഡൂഡിലുകള്‍ ഗൂഗിള്‍ പുറത്തിറക്കാറുണ്ട്, പലപ്പോഴും ഒരേ സമയം വിവിധ സ്ഥലങ്ങളില്‍ വ്യത്യസ്ത ഡൂഡിലുകള്‍ കാണാനാകും.