നിർമിതബുദ്ധി (എഐ) ലോകംതന്നെ മാറ്റിമറിക്കുമെന്നാണ് വമ്പൻ ടെക് കമ്പനികൾ പറയുന്നത്. പലർക്കും ജോലി നഷ്ടപ്പെടുമെങ്കിലും കമ്പനികളുടെ ഉത്പാദനക്ഷമത വർധിക്കും, മനുഷ്യർക്ക് കഠിനമായ ജോലികൾ ചെയ്യേണ്ടിവരില്ല, എല്ലാവരും സമ്പന്നരാകും എന്നൊക്കെയാണ് എഐ കമ്പനി സിഇഓമാർ പറയുന്നത്. എന്നാൽ എഐ ഉപയോഗം വ്യാപകമാക്കിയ കമ്പനികളിൽനിന്ന് അത്ര നല്ല വാർത്തകളല്ല ആദ്യഘട്ടത്തിൽ പുറത്തുവരുന്നത്.

To advertise here,

ചെലവ് വൻതോതിൽ വർധിക്കുന്ന സാഹചര്യത്തിൽ എഐ ഉപയോഗം പുനക്രമീകരിക്കുകയാണ് മൈക്രോസോഫ്റ്റ്. ആന്ത്രോപിക്കിന്റെ ക്ലോഡ് കോഡ് ഉപയോഗിക്കുന്നത് നിർത്തി പകരം ആഭ്യന്തര എഐ ടൂളിലേക്ക് മാറാൻ മൈക്രോസോഫ്റ്റ് അധികൃതർ എൻജിനിയർമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ചെലവ് കുതിച്ചുയരുന്നത് സംബന്ധിച്ച ആശങ്കകൾ ആമസോൺ, യൂബർ എന്നിവ അടക്കമുള്ള കമ്പനികളിൽനിന്നും പുറത്തുവന്നിരുന്നു.

എഐ ഉപയോഗത്തിന്റെ ചെലവ് ഉയരുന്നതിന്റെ ആശങ്കകൾ ഡെവലപ്പർമാരും ഉന്നയിച്ചു തുടങ്ങി എന്നാണ് ഇന്ത്യ ടുഡേ റിപ്പോർട്ടു ചെയ്യുന്നത്. GitHub Copilot-ന്റെ വിലനിർണ്ണയം പരിഷ്‌കരിക്കാനുള്ള മൈക്രോസോഫ്റ്റിന്റെ തീരുമാനമാണ് ഡെവലപ്പർമാർക്കിടയിൽ ശക്തമായ എതിർപ്പിന് ഇടയാക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. സോഫ്റ്റ്‌വെയർ ഡെവലപ്‌മെന്റിനായി ലോകമെങ്ങും വ്യാപകമായി ഉപയോഗിക്കപ്പെടുന്ന എഐ പവേഡ് ടൂളാണിത്. ഓപ്പൺഎഐയുടെ സഹകരണത്തോടെ മൈക്രോസോഫ്റ്റ് ഉടമസ്ഥതയിലുള്ള GitHub വികസിപ്പിച്ച ടൂളാണിത്.

സബ്‌സ്‌ക്രിപ്ഷൻ നിരക്കിൽ ലഭ്യമായിരുന്ന എഐ കോഡിങ് ടൂൾ ജൂൺ 1 മുതൽ ടോക്കൺ അടിസ്ഥാനമാക്കിയുള്ള വിലനിർണയ രീതിയിലേക്ക് മാറുകയാണ്. ഉപയോഗത്തിന് അനുസരിച്ചുള്ള വിലനിർണയമാകും ഇനി ഉണ്ടാകുക. സ്വതന്ത്ര ഡെവലപ്പർമാർക്കും ചെറുകിട ടീമുകൾക്കും ഇതോടെ GitHub Copilto ഉപയോഗം വളരെ ചെലവേറിയതായി മാറിയേക്കാമെന്ന് ആദ്യഘട്ട പ്രതികരണങ്ങൾ സൂചിപ്പിക്കുന്നു.

ഇതുവരെ പ്രതിമാസ സബ്‌സ്‌ക്രിപ്ഷൻ ഫീസ് ആണ് നൽകേണ്ടി വന്നിരുന്നത്. വിലനിർണയ രീതി മാറുന്നതോടെ എത്ര ടോക്കണുകൾ ഉപയോഗിക്കുന്നു എന്നതിനനുസരിച്ച് തുക നൽകേണ്ടിവരും. കോഡ് ജനറേറ്റ് ചെയ്യുക, ഡീബഗ് ചെയ്യുക, ഔട്ട്പുട്ടുകൾ മെച്ചപ്പെടുത്തുക എന്നിങ്ങനെ Copilot- സഹായത്തോടെ ചെയ്യുന്നതെല്ലാം മൊത്തത്തിലുള്ള ടോക്കൺ ഉപയോഗത്തിന്റെ ഭാഗമായി കണക്കാക്കപ്പെടും. ഇതെല്ലാം കണക്കാക്കിയാവും അവസാന ബിൽ.

ക്ലൗഡ് സേവനങ്ങളിൽ ഉപയോഗത്തെ അടിസ്ഥാനമാക്കിയുള്ള വിലനിർണ്ണയം പുതിയതല്ലെങ്കിലും, സങ്കീർണ്ണമായ കോഡിങ് സെഷനുകളിൽ ടോക്കൺ ഉപയോഗം തത്സമയം ട്രാക്ക് ചെയ്യുകയും നിയന്ത്രിക്കുകയും ചെയ്യുക എന്നതാണ് വെല്ലുവിളിയെന്ന് ഡെവലപ്പർമാർ പറയുന്നു. പുതിയ വിലനിർണയം നിലവിൽ വരുന്നതോടെ പ്രതിമാസ ബില്ലുകൾ പലമടങ്ങ് വർധിക്കാമെന്ന് ഉപയോക്താക്കൾ പങ്കുവെച്ച പോസ്റ്റുകളും സ്‌ക്രീൻഷോട്ടുകളും ഉദ്ധരിച്ച് TechCrunch റിപ്പോർട്ട് ചെയ്യുന്നു.

നിലവിലെ 29 ഡോളറിന്റെ പ്രതിമാസ പ്ലാൻ ഏകദേശം 750 ഡോളർ ആയി ഉയരുമെന്ന് ചില ഉപയോക്താക്കൾ സാമൂഹിക മാധ്യമങ്ങളിൽ കുറിച്ചു. ചിലർ ഉപയോഗംതന്നെ നിർത്തുമെന്നാണ് പറയുന്നത്. അതിനിടെ കാര്യക്ഷമതയോടെ പ്രവർത്തിച്ചാൽ ടോക്കൺ ഉപയോഗം കുതിച്ചുയരില്ലെന്ന് വാദിക്കുന്നവരും ഉണ്ടെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ടിൽ പറയുന്നു. ഉപയോക്താക്കളുടെ ഈ ആശങ്കകളോട് മൈക്രോസോഫ്റ്റ് ഇതുവരെ പ്രതികരിച്ചിട്ടില്ല.