ഇൻസ്റ്റഗ്രാം പെൺകുട്ടികൾക്ക് വേണ്ടിയുള്ളതെന്ന വാദം ആവർത്തിച്ച് ഇലോൺ മസ്ക്. ഒക്ടോബർ ഒന്നിന് വെഞ്ച്വർ കാപ്പിറ്റലിസ്റ്റായ ഗീഗർ കാപിറ്റൽ പങ്കുവെച്ച ഒരു പോസ്റ്റിന് മറുപടിയായാണ് മസ്ക് തന്റെ വാദം ആവർത്തിച്ചത്. ഇൻസ്റ്റഗ്രാം താൻ ഔദ്യോഗികമായി നീക്കം ചെയ്തുവെന്നും, അത് സ്വാഭാവികമായിതന്നെ സ്ത്രീകൾക്ക് വേണ്ടിയുള്ള ആപ്പാണെന്നും, യാതൊരു പ്രയോജനവുമില്ലെന്നുമായിരുന്നു ഗീഗർ കാപ്റ്റിലിന്റെ പോസ്റ്റ്. ഇതിന് മറുപടിയായി ഇൻസ്റ്റഗ്രാം പെൺകുട്ടികൾക്ക് വേണ്ടിയുള്ളത് എന്ന് അദ്ദേഹം കമന്റിട്ടു.

To advertise here,

2026 മേയിൽ ഇതേ കമന്റ് മസ്ക് പങ്കുവെച്ചിരുന്നു. ഒരു ചർച്ചയ്ക്കിടെ ആയിരുന്നു അത്. പിന്നീട് മുതിർന്ന പുരുഷന്മാർ തനിക്ക് ഇൻസ്റ്റഗ്രാം പ്രൊഫൈലുകൾ അയക്കുമ്പോൾ അവർ ലിംഗമാറ്റം ചെയ്യുകയാണോ എന്ന് ചിന്തിക്കാറുണ്ടെന്നും മസ്ക് മറ്റൊരു പോസ്റ്റിൽ പറയുകയുണ്ടായി.

സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമായ എക്സിന്റെ ഉടമയായ മസ്ക് മെറ്റ പ്ലാറ്റ്ഫോമുകൾക്കെതിരെ നിരന്തരം ആക്ഷേപങ്ങളും വിമർശനങ്ങളും നടത്തുന്നയാളാണ്. ഇൻസ്റ്റാഗ്രാമിന്റെ ജനപ്രീതി ഇല്ലാതാക്കുകയെന്ന അടിസ്ഥാന ലക്ഷ്യം മസ്കിനുണ്ടെന്നതിൽ സംശയമില്ല. എന്നാൽ ഇതേ അഭിപ്രായം മസ്കിന് മാത്രമല്ലെന്ന് വ്യക്തമാക്കുന്നതാണ് ഗീഗർ കാപിറ്റലിന്റെ പോസ്റ്റ്.

അതേസമയം 2025 ഒക്ടോബറിലെ കണക്കുകൾ അനുസരിച്ച് ഇൻസ്റ്റാഗ്രാമിന്റെ ഉപയോക്താക്കളിൽ 50.6 ശതമാനം പുരുഷന്മാരാണ്. 49.4 ശതമാനമാണ് സ്ത്രീകൾ. എന്നാൽ യുഎസിലെ മാത്രം കണക്കെടുത്താൽ അവിടെ 55.2 ശതമാനം സ്ത്രീകളും 44.8 ശതമാനം പുരുഷന്മാരുമാണ് ഉപയോക്താക്കളുള്ളത്.

ഇൻസ്റ്റാഗ്രാമിലെ ഉള്ളടക്കങ്ങൾ ഗൗരവതരമല്ലെന്നാണ് മസ്കും ഇപ്പോൾ സമാന പ്രതികരണം നടത്തിയ ഗീഗർ കാപിറ്റലും പറയുന്നത്. മസ്കിന്റെ അഭിപ്രായത്തിൽ ഓൺലൈനിൽ ഗൗരവതരമായ ചർച്ചകൾ നടത്താൻ പറ്റിയ ഏക പ്ലാറ്റ്ഫോം എക്സ് മാത്രമാണ്.