ന്യൂയോര്‍ക്ക്: വിനോദത്തെ എല്ലായ്‌പ്പോഴും പണവുമായി തുലനം ചെയ്യരുതെന്ന് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ. കമ്പനി ജീവനക്കാരുമായി നടത്തിയ പ്രത്യേകയോഗത്തിലായിരുന്നു പിച്ചൈയുടെ പ്രതികരണം. ചെലവുചുരുക്കലിന്റെ ഭാഗമായി ജീവനക്കാരുടെ എണ്ണം കുറയ്ക്കാനും ജീവനക്കാര്‍ക്ക് നല്‍കി വരുന്ന ഇന്‍ക്രിമെന്റുള്‍പ്പെടെ വെട്ടിച്ചുരുക്കാനുമുള്ള നടപടികള്‍ ഗൂഗിളിന്റെ ഭാഗത്ത് നിന്നുണ്ടാകാമെന്ന സൂചന നേരത്തെയുണ്ടായിരുന്നു. ഇതു സംബന്ധിച്ച് ജീവനക്കാരുടെ ഭാഗത്ത് നിന്നുണ്ടായ ചോദ്യത്തോടായിരുന്നു പിച്ചൈയുടെ പ്രതികരണം. ഗൂഗിളും മാതൃസ്ഥാപനമായ ആല്‍ഫബെറ്റും തിരിച്ചടി നേരിടുകയാണെന്നും വളര്‍ച്ചയിലും വരുമാനത്തിലും കുറവ് നേരിടുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

To advertise here,

മുന്‍വര്‍ഷത്തേക്കാള്‍ വരുമാനം കുറഞ്ഞതോടെ കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കണമെന്ന് ജീവനക്കാര്‍ക്ക് ഗൂഗിള്‍ നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. ശമ്പളത്തിനുപരിയായി നല്‍കി വരുന്ന ആനുകൂല്യങ്ങളില്‍ മാത്രം ശ്രദ്ധിക്കാതെയും ആനുകൂല്യങ്ങള്‍ കുറയ്ക്കുന്നതില്‍ ആശങ്കപ്പെടാതെ കാര്യക്ഷമതയോടെ ജോലിയില്‍ ശ്രദ്ധിക്കണമെന്നും പിച്ചൈ ആവശ്യപ്പെട്ടു. കോവിഡിനെ തുടര്‍ന്ന് റെക്കോഡ് വരുമാനവും കരുതല്‍ധനവും നേടിയ ഗൂഗിള്‍ ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ വെട്ടിച്ചുരുക്കുന്നതില്‍ ജീവനക്കാര്‍ക്കിടയില്‍ വന്‍പ്രതിഷേധമാണുള്ളത്. 

എന്നാല്‍ കഴിഞ്ഞ പതിറ്റാണ്ടിനേക്കാള്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കാലത്തിലൂടെയാണ് കടന്നുപോകുന്നതെന്നും അതിനാല്‍ ഒരു കമ്പനിയെന്ന നിലയില്‍ ഇത്തരമൊരു സാഹചര്യത്തെ ഒത്തൊരുമിച്ച് നേരിടേണ്ടതുണ്ടെന്നും പിച്ചൈ വ്യക്തമാക്കി. ജീവനക്കാരുടെ എണ്ണം കൂടുതലാണെങ്കിലും ഉത്പാദനക്ഷമത അതിനനുസൃതമായി വര്‍ധിക്കുന്നില്ലെന്നും പിച്ചൈ പറഞ്ഞു. 20 പേരടങ്ങുന്ന ടീമായാലും 100 പേരടങ്ങുന്ന ടീമായാലും കമ്പനിയുടെ വളര്‍ച്ചയിലും നേട്ടത്തിലും മാത്രമായിരിക്കണം ലക്ഷ്യമെന്ന് പിച്ചൈ കൂട്ടിച്ചേര്‍ത്തു. ജീവനക്കാരുടെ എണ്ണം കുറയ്ക്കാനുള്ള കമ്പനി നീക്കത്തെ കുറിച്ച് പരോക്ഷമായി പരാമര്‍ശിക്കുകയായിരുന്നു പിച്ചൈ. 

ആഗോളതലത്തില്‍ നിഴലിടുന്ന സാമ്പത്തിക പ്രതിസന്ധി ടെക് കമ്പനികളുള്‍പ്പെടെ ലോകത്തിലെ പ്രമുഖകമ്പനികളെ സാരമായി ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. പുതിയ സ്റ്റാര്‍ട്ട് അപ്പുകള്‍ ആരംഭിക്കാന്‍ കുറച്ചു കൊല്ലങ്ങള്‍ക്ക് മുമ്പുണ്ടായിരുന്ന സാഹചര്യമല്ല ഇപ്പോള്‍ നിലവിലുള്ളത്. അതിനാല്‍ തന്നെ ജീവനക്കാരുടെ വിഷയത്തില്‍ ഗൂഗിള്‍ സ്വീകരിക്കുന്ന നിലപാട് മറ്റുകമ്പനികളുടേയും പരിഗണനയിലാണ്.