അക്ഷരക്കാട്ടിൽ നിന്നെന്റെ കൂടെ

To advertise here,

'അ' എന്നൊരക്ഷരം കൂടെ വന്നു

ഞാനതിന്നോടപ്പഴം കൊടുത്തു

'അന്ന'മായി അതു വാ തുറന്നു

അന്നേരമെൻനേർക്കു പാഞ്ഞുവന്നു

അയ്യോ, കടുവയൊന്നാർത്തിയോടെ

'അമ്പാ'ക്കി ഞാനെയ്തെന്നക്ഷരത്തെ

വമ്പനവൻ പിന്തിരിഞ്ഞു പാഞ്ഞു

അപ്പോഴൊരു മഴ ചാറിവന്നു

'അത്തി'യാക്കിയതിൻ ചോടെ നിന്നു.

അന്തിയായ് മഞ്ഞും തണുപ്പും വന്നു

'അഗ്നി'യാക്കിയിളംചൂടു കാഞ്ഞു.

അക്കവിൾ രണ്ടിലുമുമ്മവെച്ചു

'അമ്മ'യായക്ഷരം പുഞ്ചിരിച്ചു.

ആഹായെന്നക്ഷരത്തുമ്പിൽ തൂങ്ങി

'അ' കൊമ്പനാനയായ് തുമ്പി നീട്ടി

ആനപ്പുറത്തേറി നോക്കുന്നേരം

ആകാശം പൂത്തു വിരിഞ്ഞുനിൽപ്പൂ

ആയിരമായിരം നക്ഷത്രങ്ങൾ

ആകാശമാകെയുമക്ഷരങ്ങൾ

അക്ഷരമൊന്നുകൊണ്ടിത്രയെങ്കിൽ

അമ്പത്തിയൊന്നുകൊണ്ടെത്രയെത്ര!