ലോകത്തെ മുന്‍നിര സാങ്കേതിക വിദ്യാ സ്ഥാപനങ്ങളില്‍ ഭൂരിഭാഗവും യുഎസിലാണ്. ഗൂഗിളും, ഫേസ്ബുക്കും, ആമസോണും, മൈക്രോസോഫ്റ്റുമെല്ലാം അവയില്‍ ചിലതാണ്. പലപ്പോഴും യുഎസ് അധികൃതരും ഈ ടെക്ക് കമ്പനികളും തമ്മില്‍ ഉടക്കാറുണ്ട്. വിപണിയിലെ കുത്തക നിലനിര്‍ത്താനുള്ള വന്‍കിട കമ്പനികളുടെ ശ്രമങ്ങളെ യുഎസ് ഭരണകൂടം അധികം പ്രോത്സാഹിപ്പിക്കാറില്ല. നീതിന്യായ വകുപ്പ് ഇതില്‍ നിരന്തരം ഇടപെടുന്നവരാണ്. വിപണിയിലെ കുത്തക നിലപാടുകളുമായി ബന്ധപ്പെട്ട് നേരത്തെ മാര്‍ക്ക് സക്കര്‍ബര്‍ഗും ഫേസ്ബുക്കും പ്രതിക്കൂട്ടിലായത് നമ്മള്‍ കണ്ടതാണ്. ഇപ്പോള്‍ ആ സ്ഥിതിയിലെത്തിയിരിക്കുകയാണ് ആല്‍ഫബെറ്റും ഗൂഗിളും.

ഗൂഗിളിന്റെ ഏറ്റവും മൂല്യമേറിയ ഉല്പന്നങ്ങളില്‍ ഒന്നും കമ്പനിയുടെ പരസ്യ വരുമാനത്തിന്റെ പ്രധാന സ്രോതസുകളിലൊന്നുമായ ക്രോം ബ്രൗസറുമായി ബന്ധപ്പെട്ടാണ് പുതിയ പ്രശ്‌നങ്ങള്‍ നടക്കുന്നത്. ഓണ്‍ലൈന്‍ തിരച്ചിലില്‍ നിയമവിരുദ്ധമായ കുത്തക നിലനിര്‍ത്താന്‍ ശ്രമിച്ചുവെന്നാണ് ഗൂഗിളിനെതിരെ ഉയരുന്ന ആരോപണം. ഈ രീതി തുടര്‍ന്നാല്‍ ജനപ്രിയ വെബ് ബ്രൗസറായ ക്രോമിനെ ഗൂഗിളിന് വില്‍ക്കേണ്ടി വന്നേക്കും. യു.എസ്. നീതിന്യായവകുപ്പിന്റെ നിലപാടാണിത്.

ഗൂഗിള്‍ വികസിപ്പിച്ച ഓപ്പണ്‍ സോഴ്സ് വെബ് ബ്രൗസറായ ക്രോമിനെ വില്‍ക്കുന്ന കാര്യം ആല്‍ഫബെറ്റിനോടാവശ്യപ്പെടാന്‍ ജഡ്ജി അമിത് മേത്തയ്ക്ക് നീതിന്യായവകുപ്പ് നിര്‍ദേശം നല്‍കാനൊരുങ്ങുകയാണ്. ഗൂഗിളിന്റെ നിര്‍മിതബുദ്ധിസങ്കേതങ്ങളുമായും ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിങ് സിസ്റ്റവുമായും ബന്ധപ്പെട്ട് നടപടികളെടുക്കണമെന്നും വകുപ്പ് ജഡ്ജിയോടാവശ്യപ്പെടും. ഗൂഗിളിന് ഡേറ്റാ ലൈസന്‍സിങ് ഏര്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ടേക്കും. ഒന്നാം ട്രംപ് സര്‍ക്കാരിന്റെ കാലത്താണ് ഗൂഗിളിന്റെ പേരില്‍ കേസ് രജിസ്റ്റര്‍ചെയ്തത്. കേസില്‍ ഓഗസ്റ്റില്‍ വിധി പറഞ്ഞ കോടതി, ഓണ്‍ലൈന്‍ തിരച്ചിലില്‍ ഗൂഗിള്‍ നിയമവിരുദ്ധമായി കുത്തക നിലനിര്‍ത്താന്‍ ശ്രമിക്കുന്നെന്ന് നിരീക്ഷിച്ചു.  

ആഗോള ബ്രൗസര്‍ വിപണിയിലെ 66.7 ശതമാനവും കൈവശം വെച്ചിരിക്കുന്നത് ഗൂഗിള്‍ ക്രോമാണ്. രണ്ടാമതുള്ളത് ആപ്പിളിന്റെ സഫാരിയാണ്. 18 ശതമാനം മാത്രമാണ് സഫാരിയുടെ വിപണി വിഹിതം. എഡ്ജ്, ഫയര്‍ ഫോക്‌സ് ഉള്‍പ്പെടെയുള്ള മറ്റ് ബ്രൗസറുകളെല്ലാം എന്നിവ അതിലും പിന്നിലാണ്. യു.എസിലെ തിരച്ചില്‍ വിപണിയിലും 61 ശതമാനം ക്രോം ആധിപത്യംപുലര്‍ത്തുന്നു.

ഗൂഗിളിന്റെ പരസ്യവരുമാനത്തില്‍ ക്രോമിന്റെ സ്വാധീനം നിര്‍ണായകമാണ്. ഗൂഗിള്‍ അടുത്തിടെ പുറത്തുവിട്ട കണക്കനുസരിച്ച് 8830 കോടി ഡോളര്‍ വരുന്ന ആകെ വരുമാനത്തില്‍ 6590 കോടി ഡോളറും പരസ്യ വരുമാനത്തില്‍ നിന്നാണ്. ഇതില്‍ പ്രധാന പങ്കുവഹിക്കുന്നത് ഗൂഗിള്‍ സെര്‍ച്ച് എഞ്ചിനും ക്രോം ബ്രൗസറും ആണ്.

ഇന്റര്‍നെറ്റ് തിരച്ചിലില്‍ ഗൂഗിളിനുള്ള മുന്‍തൂക്കം വിപണിയിലെ ആരോഗ്യകരമായ മത്സരം ഇല്ലാതാക്കുന്നുവെന്നാണ് ഓഗസ്റ്റില്‍ ജഡ്ജി അജിത് മേത്ത പുറപ്പെടുവിച്ച വിധിയില്‍ പറയുന്നത്. ഒരു വര്‍ഷം നീണ്ട വാദ പ്രതിവാദങ്ങള്‍ക്കൊടുവിലായിരുന്നു ഈ വിധി. ഇന്റര്‍നെറ്റ് തിരച്ചിലിലെ കുത്തക നിലനിര്‍ത്താനാണ് ഗൂഗിള്‍ തുടര്‍ച്ചയായി ശ്രമിക്കുന്നതെന്നും 277 പേജുള്ള വിധിന്യായത്തില്‍ മേത്ത കുറ്റപ്പെടുത്തി. കംപ്യൂട്ടറുകളില്‍നിന്നുള്ള ഇന്റര്‍നെറ്റ് സെര്‍ച്ചില്‍ 89.2 ശതമാനവും ഗൂഗിളിലൂടെയാണ്. മൊബൈല്‍ ഫോണുകളിലേക്ക് വരുമ്പോള്‍ ഇത് 94.9 ശതമാനമായി അത് കൂടുകയാണെന്നും കോടതി വിലയിരുത്തി.

മികച്ചസേവനം നല്‍കുന്നതുകൊണ്ടും ഉപയോഗിക്കാനുള്ള സൗകര്യം കൊണ്ടുമാണ് ഉപയോക്താക്കള്‍ ഗൂഗിളിന്റെ സെര്‍ച്ച് സംവിധാനം ഉപയോഗിക്കുന്നതെന്നായിരുന്നു മാതൃകമ്പനിയായ ആല്‍ഫബെറ്റിന്റെ വാദം.

എന്നാല്‍ ആന്‍ഡ്രോയിഡ് ഫോണുകളിലെ സ്ഥിരമായ ബ്രൗസറായി ക്രോമിനെ നിലനിര്‍ത്താന്‍ ഗൂഗിളും മൊബൈല്‍ ഫോണ്‍ നിര്‍മാതാക്കളും തമ്മില്‍ കരാറുണ്ടാക്കിയതായി നീതിന്യായ വകുപ്പും വിവിധ സ്‌റ്റേറ്റുകളും ചൂണ്ടിക്കാട്ടി. ബ്രൗസര്‍ രംഗത്തെ കുത്തക കാരണം പരസ്യങ്ങള്‍ക്ക് വലിയ തുക മുടക്കാന്‍ കമ്പനികള്‍ നിര്‍ബന്ധിതരാവുന്നുവെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു.

എന്തായാലും ഉയര്‍ന്നുവന്നിരിക്കുന്ന ആരോപണങ്ങള്‍ പരിഹരിക്കാന്‍ ഗൂഗിള്‍ എന്ത് ചെയ്യുന്നുവെന്ന് കോടതി നിരീക്ഷിക്കും. മത്സരം നിലനിര്‍ത്തിക്കൊണ്ടുള്ള മാറ്റങ്ങള്‍ അവതരിപ്പിച്ചാല്‍ ക്രോം വില്‍ക്കണമെന്ന നിലപാട് സര്‍ക്കാര്‍ പുനഃപരിശോധിക്കും. നേരത്തെ ആന്‍ഡ്രോയിഡ് ഒഎസ് വില്‍ക്കണമെന്ന നിലപാടില്‍ നിന്ന് അധികൃതര്‍ പിന്നോട്ട് പോയത് അതിന് ഉദാഹരണമാണ്. ഓഗസ്റ്റിലെ കോടതി വിധിയില്‍ അപ്പീല്‍ നല്‍കാനാണ് കമ്പനിയുടെ തീരുമാനം. ഇത് ഏപ്രിലില്‍ പരിഗണിച്ചേക്കും. 2025 ഓഗസ്റ്റില്‍ ആയിരിക്കും കേസിലെ അന്തിമ വിധി.

To advertise here,

Inshort- Most of the leading tech companies in the world, like Google, Facebook, Amazon, and Microsoft, are based in the US. Often, there is a clash between these tech giants and US authorities. The government is not particularly supportive of efforts by large companies to maintain market dominance, with the justice department frequently intervening in such matters. Earlier, Mark Zuckerberg and Facebook faced legal challenges over market dominance, and now, Alphabet (Google's parent company) finds itself in a similar situation.