ആഗോളതലത്തിൽ പണിമുടക്കി വീഡിയോ പ്ലാറ്റ്‌ഫോമായ യുറ്റ്യൂബ്. 'Something Went Wrong' എന്ന സന്ദേശമാണ് യുറ്റ്യൂബ് തുറക്കുമ്പോൾ ഉപഭോക്താക്കൾക്ക് ദൃശ്യമാകുന്നത്. ഡൗൺഡിറ്റക്ടർ വെബ്‌സൈറ്റിൽ ഇതിനകം മൂന്ന് ലക്ഷത്തിലേറെ പേരാണ് യുറ്റ്യൂബ് ഉപയോഗിക്കുമ്പോൾ പ്രശ്‌നങ്ങൾ നേരിടുന്നുവെന്ന് റിപ്പോർട്ട് ചെയ്തത്. എക്‌സ് ഉൾപ്പെടെയുള്ള സാമൂഹികമാധ്യമങ്ങളിലും യുറ്റ്യൂബിന്റെ പണിമുടക്ക് വലിയ ചർച്ചയായി.

To advertise here,

അതേസമയം സംഭവത്തിൽ യുറ്റ്യൂബ് ഔദ്യോഗികമായി പ്രതികരിച്ചിട്ടുണ്ട്. 'യുറ്റ്യൂബ് ഉപയോഗിക്കുമ്പോൾ നിങ്ങൾ പ്രശ്‌നങ്ങൾ നേരിടുന്നുണ്ടെങ്കിൽ നിങ്ങൾ ഒറ്റയ്ക്കല്ല. ഞങ്ങളുടെ ടീം എന്താണ് പ്രശ്‌നമെന്ന് പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. അപ്‌ഡേറ്റുകൾ ഇവിടെ പങ്കുവെക്കാം.'-ഇതാണ് ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെ യുറ്റ്യൂബ് അറിയിച്ചത്.

പിന്നാലെ പ്രശ്‌നം എന്താണെന്ന് കണ്ടെത്തിയെന്നും യുറ്റ്യൂബ് മറ്റൊരു പോസ്റ്റിലൂടെ അറിയിച്ചു. റെക്കമൻഡേഷൻ സിസ്റ്റത്തിലുണ്ടായ പ്രശ്‌നമാണ് ഹോംപേജിലും യുറ്റ്യൂബ് ആപ്പ്, യുറ്റ്യൂബ് മ്യൂസിക്, യുറ്റ്യൂബ് കിഡ്‌സ് എന്നിവിടങ്ങളിലും വീഡിയോകൾ കാണാതിരിക്കാൻ കാരണമെന്ന് യുറ്റ്യൂബ് അറിയിച്ചു. ഹോംപേജിലെ പ്രശ്‌നങ്ങൾ പരിഹരിച്ചുകഴിഞ്ഞുവെന്നും ബാക്കി പ്രശ്‌നങ്ങൾ പരിഹരിച്ചുകൊണ്ടിരിക്കുകയാണെന്നും യുറ്റ്യൂബ് കൂട്ടിച്ചേർത്തു.

ഇതിന് ശേഷം അൽപ്പസമയം മുമ്പ്, പ്രശ്നങ്ങൾ പൂർണമായി പരിഹരിച്ചുവെന്നും യുറ്റ്യൂബ് അറിയിച്ചു. 'ഞങ്ങൾ തിരിച്ചുവന്നു. യുറ്റ്യൂബിലുണ്ടായിരുന്ന പ്രശ്‌നം പരിഹരിച്ചു. പ്രശ്‌നം റിപ്പോർട്ട് ചെയ്തതിനും അത് പരിഹരിക്കുന്നത് വരെ ഒപ്പം നിന്നതിനും നന്ദി.' -ഇതാണ് യുറ്റിയൂബ് എക്‌സിൽ പോസ്റ്റ് ചെയ്ത്. രണ്ട് മണിക്കൂറോളം നീണ്ട 'പണിമുടക്കി'ൽ യുറ്റ്യൂബിന് വലിയ സാമ്പത്തികനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ഇത് സംബന്ധിച്ച ഔദ്യോഗിക കണക്കുകളൊന്നും പുറത്തുവിട്ടിട്ടില്ലെങ്കിലും ഒരു കോടി ഡോളർ മുതൽ ഒന്നര കോടി ഡോളർ വരെയാണ് നഷ്ടം എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.