BAT-BMS ആപ്പ് നിരോധിക്കുന്നതുകൊണ്ട് പ്രശ്നങ്ങള് പരിഹരിക്കപ്പെടില്ല. കാരണം പ്രശ്‌നം ആപ്പിലല്ല, ബാറ്ററിയുടെ സുരക്ഷയിലാണ്.

രാജ്യത്തെ ഇ-റിക്ഷാ ഡ്രൈവർമാർക്കും യാത്രക്കാർക്കും ഭീഷണി ഉയർത്തി ചൈനീസ് മൊബൈൽ ആപ്ലിക്കേഷൻ. ബാറ്ററിയിൽ പ്രവർത്തിക്കുന്ന മുച്ചക്ര വാഹനങ്ങൾ മൊബൈൽ ആപ്പ് ഉപയോഗിച്ച് യാത്രയ്ക്കിടെ പ്രവർത്തനരഹിതമാക്കാൻ കഴിയുമെന്ന് അവകാശപ്പെടുന്ന വീഡിയോകൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ലിഥിയം ബാറ്ററി സംവിധാനങ്ങൾ നിയന്ത്രിക്കുന്നതിനായി രൂപകൽപ്പന ചെയ്ത BAT-BMS മൊബൈൽ അപ്ലിക്കേഷനാണ് തമാശയ്ക്കുവേണ്ടി ആണെങ്കിൽപോലും പലരും ദുരുപയോഗം ചെയ്യുന്നതെന്ന് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു.
റോഡ് സുരക്ഷയെക്കുറിച്ചുള്ള ഗൗരവതരമായ ആശങ്ക ഉയർത്തുന്നതാണ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോകൾ. ചൈന ആസ്ഥാനമായ ഒഷെൻഷെൻ ഗ്രീനെർജി ടെക്‌നോളജി വികസിപ്പിച്ചെടുത്ത ആപ്ലിക്കേഷനാണ് പലരും ദുരുപയോഗപ്പെടുത്തുന്നത്. ബാറ്ററി മാനേജ്മെന്റ് സിസ്റ്റം (BMS) എന്നനിലയിൽ രൂപകൽപ്പന ചെയ്തിരിക്കുന്ന ആപ്പാണിത്.
ബാറ്ററികളുടെ ദുർബലമായ സുരക്ഷാ സംവിധാനങ്ങൾ
വിലകുറഞ്ഞ ഇ-റിക്ഷകളിലെ സുരക്ഷിതമല്ലാത്ത ബാറ്ററി മാനേജ്മെന്റ് സംവിധാനങ്ങളാണ് ദുരുപയോഗം ചെയ്യാൻ കഴിയുന്നതെന്ന് വിദഗ്ധർ പറയുന്നു. സൈബർ സുരക്ഷാ ആശങ്കകൾ ഉയർത്തുന്ന വിഷയമാണിത്. എന്നാൽ യഥാർഥ പ്രശ്‌നം മൊബൈൽ ആപ്പിനല്ല, ബാറ്ററി പായ്ക്കുകളിലെ ദുർബലമായ സുരക്ഷാ സംവിധാനങ്ങളുടേതാണ്. അനധികൃത ബ്ലൂടൂത്ത് സംവിധാനങ്ങൾ ഉപയോഗിച്ച് അവ നിയന്ത്രിക്കാൻ കഴിയും എന്നതാണ് സുരക്ഷാ ഭീഷണി ഉയർത്തുന്നത്.
ബ്ലൂടൂത്ത് സംവിധാനമുള്ള ലിഥിയം ബാറ്ററികൾ ട്രാക്ക് ചെയ്യാനും നിയന്ത്രിക്കാനും ഉപയോക്താക്കൾക്ക് സാധിക്കുന്ന രീതിയിലാണ് BAT-BMS ആപ്പ് വികസിപ്പിച്ചിട്ടുള്ളത്. ബാറ്ററി ചാർജ്, വോൾട്ടേജ്, കറന്റ്, താപനില, ഓരോ വ്യക്തിഗത ബാറ്ററി സെല്ലിന്റെയും പ്രവർത്തനക്ഷമത എന്നിവ അടക്കമുള്ളവ ഈ ആപ്പിൽ കാണാൻ കഴിയും. ബാറ്ററി പായ്ക്കുകളുടെ ചാർജിങ്, ഡിസ്ചാർജിങ്് എന്നിവ പ്രവർത്തനക്ഷമമാക്കാനോ നിർത്താനോ ഇതുപയോഗിച്ച് സാധിക്കും. ബ്ലൂടൂത്ത് ലോ എനർജി (BLE) ഉപയോഗിക്കുന്ന സംവിധാനം ഉപയോഗിച്ച് ഏകദേശം 10 മുതൽ 15 മീറ്റർ വരെ അകലെനിന്ന് ബാറ്ററിയുടെ പ്രവർത്തനം നിയന്ത്രിക്കാൻ കഴിയും.
എല്ലാ ഇലക്ട്രിക് വാഹനങ്ങൾക്കും ഭീഷണിയുണ്ടോ?
എന്നാൽ ഈ സോഫ്റ്റ്‌വെയർ എല്ലാ ഇലക്ട്രിക് വാഹനങ്ങളിലും പ്രവർത്തിക്കില്ല. ബ്ലൂടൂത്ത് ബാറ്ററി മാനേജ്മെന്റ് സിസ്റ്റങ്ങളുള്ള ബാറ്ററികൾ മാത്രമേ നിയന്ത്രിക്കാൻ സാധിക്കൂ. നിർമാതാക്കൾ ആവശ്യമായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കാത്തതാണ് ഇ-റിക്ഷകൾക്ക് വിനയാകുന്നത്.
ബാറ്ററിയുടെ ഡിസ്ചാർജ് പ്രവർത്തനം ആപ്പ് ഉപയോഗിച്ച് ഓഫാക്കിയാൽ ഇ-റിക്ഷ ഓട്ടത്തിനിടയിൽ നിശ്ചലമാകും. ഇത് അപകടങ്ങൾ, ഗതാഗതക്കുരുക്ക്, സാമ്പത്തിക നഷ്ടം എന്നിവയ്ക്ക് കാരണമാകാം. ഇ-റിക്ഷ ഡ്രൈവർമാർ ദൈനംദിന വരുമാനത്തെ ആശ്രയിച്ച് ജീവിക്കുന്നതിനാൽ ഇത്തരം ചെറിയ തടസങ്ങൾ പോലും അവരുടെ ഉപജീവനത്തെ ബാധിക്കാം. കണക്റ്റഡ് വാഹന ഫീച്ചറുകളുടെ ദുരുപയോഗം ഇലക്ട്രിക് മൊബിലിറ്റിയിലുള്ള പൊതു വിശ്വാസം നഷ്ടപ്പെടാൻ ഇടയാക്കിയേക്കാമെന്ന് നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.
സർക്കാർ ഇടപെടുമോ?
ഡിഫോൾട്ട് പാസ്വേഡുകൾ പോലുള്ള ദുർബലമായ സുരക്ഷാക്രമീകരണങ്ങൾ മുതലെടുത്താണ് ഇത്തരം കാര്യങ്ങൾ ചെയ്യുന്നതെന്ന് സൈബർ സുരക്ഷാ വിദഗ്ധർ പറയുന്നു. എല്ലാ വാഹനങ്ങളിലും ഈ സംവിധാനം പ്രവർത്തിക്കില്ല, ഓൺലൈനിൽ പ്രചരിക്കുന്ന അവകാശവാദങ്ങളിൽ ചിലത് അതിശയോക്തി കലർന്നതാണെന്നും വിദഗ്ധർ പറയുന്നു.
റോഡ് സുരക്ഷാ ആശങ്കയടക്കം വർധിക്കുന്ന സാഹചര്യത്തിൽ വിഷയത്തിൽ സർക്കാർ ഇടപെടൽ ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. ബ്ലൂടൂത്ത് ബാറ്ററി മാനേജ്മെന്റ് സിസ്റ്റങ്ങൾക്ക് പുറത്തിറക്കുന്നതിന് മുമ്പ് സൈബർ സുരക്ഷ ഉറപ്പാക്കിയിട്ടുണ്ടോ എന്ന് അധികാരികൾ പരിശോധിക്കേണ്ടിവരുമെന്ന് വിദഗ്ദ്ധർ പറയുന്നു. BAT-BMS ആപ്പ് നിരോധിക്കുന്നതുകൊണ്ട് പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടില്ല. കാരണം പ്രശ്‌നം ആപ്പിലല്ല, ബാറ്ററിയുടെ സുരക്ഷയിലാണ്. നിർമാതാക്കളും ഡീലർമാരും ബാറ്ററികളുടെ സുരക്ഷ ഉറപ്പാക്കുക. വാഹനങ്ങൾ ഉപയോക്താക്കൾക്ക് കൈമാറിയതിന് ശേഷവും അപ്‌ഡേറ്റുകൾ നൽകുക എന്നിവയാണ് പ്രശ്‌നം പരിഹരിക്കാൻ ചെയ്യേണ്ടത്.
Content Highlights: The BAT-BMS app is being misused by pranksters to disable e-rickshaws via Bluetooth., The core issue is weak authentication and lack of password protection in battery management systems., Road safety and driver livelihoods are at risk due to mid-ride power cut-offs., Manufacturers are urged to implement mandatory encryption and secure pairing by default., Experts advise users to set strong passwords and disable unrestricted Bluetooth access.
Published: 02 Jul 2026, 03:39 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented