ആഗോളതലത്തിലുള്ള സാങ്കേതികവിദ്യാ നിയന്ത്രണങ്ങളെ മറികടക്കുന്നതിനായി ചൈന, തായ്‌വാന്റെ നൂതന ചിപ്പ് നിർമാണ സാങ്കേതികവിദ്യയെയും സാങ്കേതിക പ്രതിഭകളെയും ലക്ഷ്യമിടുന്നതായി തായ്‌വാന്റെ ഉന്നത സുരക്ഷാ ഏജൻസിയായ നാഷണൽ സെക്യൂരിറ്റി ബ്യൂറോയുടെ റിപ്പോർട്ട്. സാങ്കേതികരംഗത്ത് അമേരിക്കയുമായുള്ള മത്സരം രൂക്ഷമായ സാഹചര്യത്തിൽ, നൂതന സെമികണ്ടക്ടർ നിർമാണ മേഖലയിൽ സ്വയംപര്യാപ്തത നേടാനുള്ള തീവ്രശ്രമത്തിലാണ് ചൈന.

To advertise here,

തായ്ലാൻഡിലെ നിർമിത ബുദ്ധി (AI), സെമികണ്ടക്ടർ തുടങ്ങിയ അതിസാങ്കേതിക വ്യവസായങ്ങളെ തങ്ങളുടെ രാജ്യത്തേക്ക് ആകർഷിക്കാനാണ് ചൈന പ്രധാനമായും ശ്രമിക്കുന്നത്. ചൈനീസ് കമ്പനികൾ വഴി അനധികൃതമായി തായ്‌വാൻ വിദഗ്ധരെ റാഞ്ചാൻ ശ്രമിച്ച നിരവധി നെറ്റ്വർക്കുകൾ തായ്‌വാൻ കണ്ടെത്തി തകർത്തിട്ടുണ്ട്. തങ്ങളുടെ സാങ്കേതികവിദ്യകൾ ചൈനയിലേക്ക് കടത്തുന്നത് തടയാൻ തായ്‌വാൻ കർശനമായ നിയമങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.

തിരഞ്ഞെടുപ്പുകൾ അട്ടിമറിക്കാനും വ്യാജ അഭിപ്രായ വോട്ടെടുപ്പുകൾ നടത്താനുമെല്ലാം ചൈന ശ്രമിച്ചേക്കുമെന്ന് റിപ്പോർട്ടിൽ മുന്നറിയിപ്പ് നൽകുന്നു. ഈ വർഷം ആദ്യ പാദത്തിൽ മാത്രം തായ്‌വാന്റെ ഗവൺമെന്റ് സർവീസ് നെറ്റ്‌വർക്കിന് നേരെ 17 കോടിയിലധികം സൈബറാക്രമണ ശ്രമങ്ങൾ നടന്നിട്ടുണ്ട്.

സാങ്കേതിക മേഖലയെ അസ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങൾക്കു പുറമെ തായ്ലാൻഡിനെതിരെ ചൈന തുടർച്ചയായി സൈനിക സമ്മർദവും ചെലുത്തുന്നുണ്ട്. ഈ വർഷത്തെ ആദ്യം 420-ലധികം ചൈനീസ് സൈനിക വിമാനങ്ങൾ തായ്‌വാന് ചുറ്റും നിരീക്ഷണം നടത്തിയതായി കണ്ടെത്തിയിരുന്നു. കൂടാതെ ചൈനീസ് നാവിക സേന 10 തവണ സംയുക്ത പട്രോളിങ്ങും നടത്തിയിട്ടുണ്ട്.

ആപ്പിൾ (Apple), എൻവിഡിയ (Nvidia) തുടങ്ങിയ വമ്പൻ കമ്പനികൾക്ക് ചിപ്പുകൾ വിതരണം ചെയ്യുന്ന, ലോകത്തിലെ ഏറ്റവും വലിയ കാരാർ ചിപ്പ് നിർമാതാക്കളായ ടിഎസ്എംസി (TSMC) പ്രവർത്തിക്കുന്നത് തായ്‌വാനിലാണ്.

നിർമിത ബുദ്ധി സാങ്കേതിക വിദ്യാ രംഗത്ത് യുഎസ് കമ്പനികളെ വെല്ലുന്ന നേട്ടങ്ങൾ ചൈന കൈവരിച്ചിട്ടുണ്ടെങ്കിലും മുന്നോട്ടുള്ള യാത്രയിൽ ശക്തമായ നിർമിത ബുദ്ധി ചിപ്പുകളുടെ പിൻബലം ചൈനയ്ക്ക് ആവശ്യമാണ്. യുഎസിന്റെ ഉപരോധം നിലനിൽക്കെ എൻവിഡിയയുടേതുൾപ്പടെ ശക്തമായ ചിപ്പുകൾ ചൈനയ്ക്ക് ലഭ്യമാവുന്നില്ല. ഈ പ്രതിസന്ധി പരിഹരിക്കാൻ സ്വയം പര്യാപ്തത നേടുകയാണ് ചൈനയ്ക്ക് മുന്നിലുള്ള ഏക പോംവഴി.