ലോകത്തെ ആദ്യ 5 ട്രില്യണ്‍ (5 ലക്ഷം കോടി) ഡോളര്‍ മൂല്യമുള്ള കമ്പനിയായി മാറി എഐ ചിപ്പ് നിര്‍മാതാക്കളായ എന്‍വിഡിയ. എഐ രംഗത്ത് എന്‍വിഡിയയുടെ വളര്‍ച്ചയില്‍ നിക്ഷേപകര്‍ക്കുള്ള അടിയുറച്ച വിശ്വാസമാണ് ഈ നേട്ടത്തിന് പിന്നില്‍. വാള്‍സ്ട്രീറ്റില്‍ ഇന്ന് വ്യാപാരം ആരംഭിച്ചപ്പോള്‍ എന്‍വിഡിയയുടെ ഓഹരിവില 4.91 ശതമാനം വര്‍ധിച്ച് 210.90 ഡോളറിലെത്തി. ഇതോടെയാണ് എന്‍വിഡിയയുടെ വിപണി മൂല്യം മുമ്പ് ഇതുവരെയുണ്ടായിട്ടില്ലാത്ത 5 ട്രില്യണ്‍ ഡോളര്‍ പരിധി കടന്നത്.
ഫ്രാന്‍സിന്റെയോ ജര്‍മ്മനിയുടെയോ ജിഡിപിയേക്കാള്‍ വലുതാണ് എന്‍വിഡിയയുടെ നിലവിലെ വിപണി മൂല്യം. കൂടാതെ, ടെസ്ല, മെറ്റ (ഫേസ്ബുക്ക്), നെറ്റ്ഫ്‌ലിക്‌സ് എന്നീ കമ്പനികളുടെയെല്ലാം ചേര്‍ന്ന വിപണി മൂല്യത്തേക്കാള്‍ ഉയര്‍ന്നതാണ് ഈ നേട്ടം. ഏറ്റവും വലിയ ആഗോള വിപണി മൂലധനമുള്ള മറ്റ് രണ്ട് കമ്പനികളായ മൈക്രോസോഫ്റ്റും ആപ്പിളും 4 ട്രില്യണ്‍ ഡോളര്‍ മൂല്യം എന്ന പരിധി മറികടന്നിട്ടുണ്ടെങ്കിലും എന്‍വിഡിയയ്ക്ക് അടുത്തെത്തിയിട്ടില്ല.
വിജയത്തിന്റെ കാരണങ്ങള്‍
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്തെ ശക്തമായ മുന്നേറ്റങ്ങള്‍ ആഗോളതലത്തില്‍ നടന്നുകൊണ്ടിരിക്കുകയാണ്. എഐ സാങ്കേതികവിദ്യകളുടെ പ്രവര്‍ത്തനത്തിന് ആവശ്യമായ ശക്തിയേറിയ ഗ്രാഫിക് ചിപ്പുകള്‍ നല്‍കുന്നതില്‍ പ്രധാനിയാണ് എന്‍വിഡിയ. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി എന്‍വിഡിയ ചിപ്പുകളുടെ ശക്തമായ വില്‍പനയാണ് നടന്നുകൊണ്ടിരിക്കുന്നത്. നോക്കിയ, ഓപ്പണ്‍ എഐ ഉള്‍പ്പടെയുള്ള കമ്പനികളുമായുണ്ടാക്കിയ പുതിയ കരാറുകള്‍, ചൈനീസ് വിപണിയിലേക്ക് കടക്കാനാവുമെന്ന പ്രതീക്ഷ എന്നിവയെല്ലാം കമ്പനിയുടെ മൂല്യമുയര്‍ത്തുന്നു.
എഐ മുന്നേറ്റത്തില്‍ നട്ടെല്ലായ കമ്പനി
ഓപ്പണ്‍ എഐയുടെ ചാറ്റ് ജിപിടിയ്ക്കും മറ്റ് മുന്‍നിര ലാര്‍ജ് ലാംഗ്വേജ് മോഡലുകളില്‍ ഭൂരിഭാഗത്തിനും കരുത്ത് പകരുന്ന അത്യാധുനിക ഗ്രാഫിക് പ്രൊസസിങ് യൂണിറ്റുകള്‍ (ജിപിയു) നിര്‍മിക്കുന്നത് എന്‍വിഡിയയാണ്. നേരത്തെ ഗെയിമിങ്, വീഡിയോ എഡിറ്റിങ്, ഗ്രാഫിക് എഡിറ്റിങ് എന്നിവയ്ക്കാവശ്യമായ കംപ്യൂട്ടറുകളിലും ക്ലൗഡ് കംപ്യൂട്ടിങ് സേവനങ്ങളിലും മറ്റ് ഗെയിമിങ് ഉപകരണങ്ങളിലും മാത്രം ഒതുങ്ങി നിന്നിരുന്ന എന്‍വിഡിയയുടെ ജിപിയു വില്‍പന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ വളര്‍ച്ചയോടെയാണ് ശക്തമായത്.
ഓപ്പണ്‍ എഐയിലെ നിക്ഷേപം
ചാറ്റ് ജിപിടി നിര്‍മാതാക്കളായ ഓപ്പണ്‍ എഐയില്‍ വരും വര്‍ഷങ്ങളില്‍ 100 ബില്യണ്‍ (10000 കോടി) ഡോളര്‍ വരെ നിക്ഷേപിക്കാന്‍ എന്‍വിഡിയയ്ക്ക് പദ്ധതിയുണ്ട്. ചിപ്പ് എതിരാളിയായ ഇന്റലില്‍ 5 ബില്യണ്‍ (500 കോടി) ഡോളര്‍ നിക്ഷേപിക്കുമെന്നും കമ്പനി അറിയിച്ചു. ഈ ആഴ്ച അപെക് (APEC) ഉച്ചകോടിയുടെ ഭാഗമായി ഡൊണാള്‍ഡ് ട്രംപും ഷി ജിന്‍പിങും കൂടിക്കാഴ്ച നടത്തുന്നുണ്ട്. എന്‍വിഡിയ മേധാവി ജെന്‍സെന്‍ ഹുവാങും ഇതിനായി കൊറിയയിലെത്തും. യുഎസും ചൈനയും തമ്മിലുള്ള വ്യാപാര തര്‍ക്കത്തെ തുടര്‍ന്ന് എന്‍വിഡിയ ചിപ്പുകള്‍ നിലവില്‍ ചൈനയില്‍ വില്‍ക്കുന്നില്ല. ട്രംപും ഷി ജിന്‍പിങും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ ഇക്കാര്യത്തില്‍ തീരുമാനമായേക്കും.
എന്‍വിഡിയ ഇപ്പോള്‍ വിപണിയില്‍ ശക്തമായ നിലയിലാണെന്നും ഇനിയും മെച്ചപ്പെടാനേ സാധ്യതയുള്ളൂ എന്നുമാണ് വിദഗ്ദര്‍ വിലയിരുത്തുന്നത്.
Content Highlights: AI Chip Giant NVIDIA becomes the world's first $5 Trillion company, surpassing Microsoft and Apple due to investor confidence in the AI boom.
Published: 29 Oct 2025, 10:28 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented