മത്സ്യവിഭവങ്ങൾ ഇഷ്ടപ്പെടുന്ന ചിലർക്കെങ്കിലും മുള്ള് ഒരു പേടിസ്വപ്‌നമാണ്. കൂർത്ത മുള്ളുകൾ തൊണ്ടയിൽ തുളച്ചുകയറുമോ എന്ന ഭയംമൂലം മത്സ്യവിഭവങ്ങൾ ഒഴിവാക്കുന്നവർ പോലുമുണ്ട്. മുള്ളിനെ ഭയന്ന് ശ്രദ്ധയോടെ വളരെ സാവധാനത്തിലാണ് പലരും മത്സ്യവിഭവങ്ങൾ കഴിക്കാറുള്ളത്. ഒരു നിമിഷത്തെ അശ്രദ്ധയ്ക്ക് പോലും വലിയ വില നൽകേണ്ടിവന്നേക്കാം എന്നാണ് പലരും കരുതുന്നത്. എന്നാൽ ഇത്തരം ആശങ്കകൾക്കെല്ലാം പരിഹാരം കണ്ടെത്തിയിരിക്കുകയാണ് ഗവേഷകർ.

To advertise here,

ചൈനീസ് അക്കാദമി ഓഫ് സയൻസസിലെ (CAS) ഗവേഷകരാണ് ജീൻ എഡിറ്റിങ്ങിലൂടെ മുള്ളില്ലാത്ത മത്സ്യത്തെ സൃഷ്ടിച്ചത്. ഗിബൽ കാർപ്പ് എന്ന ശുദ്ധജല മത്സ്യത്തിൽ ഇവർ നടത്തിയ പരീക്ഷണം വിജയംകണ്ടു. ചൈനയിലും ഏഷ്യയുടെ ചില ഭാഗങ്ങളിലും വ്യാപകമായി ഉപയോഗിക്കുന്ന ഈ മത്സ്യത്തിന്റെ എല്ലില്ലാത്ത ഇനം ശാസ്ത്രജ്ഞർ സൃഷ്ടിച്ചെടുത്തു. മത്സ്യത്തിന്റെ പേശികൾക്കിടയിൽ Y- ആകൃതിയിലുള്ള എല്ലുകളുടെ രൂപവത്കരണത്തിന് കാരണമാകുന്ന runx2b ജീൻ എഡിറ്റ് ചെയ്താണ് ശാസ്ത്രജ്ഞർ ഈ ശ്രദ്ധേയനേട്ടം കൈവരിച്ചതെന്ന് അക്വാകൾച്ചർ എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പഠനം വ്യക്തമാക്കുന്നു.

Zhongke No. എന്ന ഇനത്തിലാണ് CAS ടീം ജീൻ എഡിറ്റിങ് നടത്തിയത്. ഗ്വി ജിയാൻഫാങ് നേതൃത്വം നൽകിയ ഗ്രൂപ്പാണ് കാർപ്പിന്റെ മുള്ളില്ലാത്ത വകഭേദം വിജയകരമായി വികസിപ്പിച്ചത്. മത്സ്യത്തിന്റെ പേശിയിൽ 80-ലധികം ചെറിയ മുള്ളുകളുടെ സങ്കീർണമായ പാറ്റേണുകൾക്ക് കാരണമാകുന്ന രണ്ട് പ്രത്യേക ജീനുകളെ കണ്ടെത്തിയാണ് എഡിറ്റുചെയ്തത്.

ഇതോടെ മത്സ്യത്തിന്റെ ഭ്രൂണവളർച്ചയുടെ സമയത്ത് ജീനുകൾ പ്രവർത്തനരഹിതമായി. മുള്ളുകളുടെ രൂപവത്കരണം തടയപ്പെട്ടു. എന്നാൽ മത്സ്യത്തിന്റെ അസ്ഥികൂടം വികസിക്കുന്നതിനെ ഇത് തടസപ്പെടുത്തിയില്ല. മത്സ്യത്തിന്റെ വളർച്ചയും അതിജീവന നിരക്കും മാറ്റമില്ലാതെ നിലനിന്നു എന്നും പഠനം സ്ഥിരീകരിച്ചു. ഗവേഷകർ പരീക്ഷണങ്ങൾ തുടർന്നതോടെ മുള്ളുകളുടെ എണ്ണം ഗണ്യമായി കുറഞ്ഞു.

സാധാരണ മത്സ്യങ്ങളെ അപേക്ഷിച്ച് ഈ ഇനം വൻതോതിൽ ഉത്പാദിപ്പിക്കാൻ കഴിയുന്നതാണെന്ന് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. ഇതുകൂടാതെ ഈ ഇനത്തിന് രോഗപ്രതിരോധശേഷി കൂടുതലാണ്. കുറഞ്ഞ തീറ്റ മാത്രം മതിയെന്നും ഗവേഷകർ അവകാശപ്പെടുന്നു.