പത്തനംതിട്ട: കടലിൽ ഉണ്ടായ എൽ നിനോ പ്രതിഭാസം, പ്രവചിക്കപ്പെട്ടതുപോലെ നീങ്ങിയാൽ മത്തി, അയല, നെത്തോലി തുടങ്ങിയ ഉപരിതല മീനുകൾ തണുപ്പുള്ള വടക്കൻ സമുദ്രമേഖലകളിലേക്കോ ആഴക്കടലിലെ തണുപ്പുള്ള ഭാഗങ്ങളിലേക്കോ പോകുമെന്ന് വിദഗ്ധർ. കുഫോസ് വൈസ് ചാൻസലർ ഡോ.എ. ബിജുകുമാർ, കുസാറ്റ് അഡ്വാൻസ്ഡ് സെന്റർ ഫോർ അറ്റ്‌മോസ്ഫറിക് റഡാർ റിസർച്ച് ഡയറക്ടർ ഡോ.എസ്.അഭിലാഷ് എന്നിവർ ചേർന്നുതയ്യാറാക്കിയ റിപ്പോർട്ടിലാണ് ഈ ആശങ്ക പങ്കുവെക്കുന്നത്.

To advertise here,

നിലവിലുള്ള സൂപ്പർ എൽ നിനോ (കിഴക്കൻ പസഫിക് സമുദ്രോപരിതലത്തിലെ താപനില രണ്ടു ഡിഗ്രിയിലധികം കൂടുന്ന അവസ്ഥ) നവംബർ മുതൽ അടുത്ത ഫെബ്രുവരിവരെ ഗുരുതര ഘട്ടത്തിലേക്കുകടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മത്സ്യത്തൊഴിലാളികൾ നേരിടുന്നത് പ്രവചനാതീതമായ സമുദ്രാവസ്ഥയാണ്. ഋതുക്കളും മത്സ്യങ്ങളുടെ ലഭ്യതയും കാലാവസ്ഥയും മുമ്പുണ്ടായിരുന്ന രീതിയിലല്ല സംഭവിക്കുന്നത്. ഓരോ തവണയും ഇതിന്റെ ആഘാതം വ്യത്യസ്തമാകുകയും ചെയ്യുന്നു.

താപനിലയോട് വളരെ സെൻസിറ്റീവ് ആയതിനാലാണ് മീനുകൾ തണുത്തഭാഗങ്ങളിലേക്കു പോകുന്നത്. ഒറ്റരാത്രികൊണ്ട് മീനുകൾ അപ്രത്യക്ഷമായതായി മത്സ്യത്തൊഴിലാളികൾക്ക് തോന്നും. മീനുകൾ ദൂരേക്കുപോകുന്നത് അനുസരിച്ച് മത്സ്യത്തൊഴിലാളികൾക്കും പുറംകടലിലേക്ക് കൂടുതൽദൂരം സഞ്ചരിക്കേണ്ടിവരാം. ഇത് ഇന്ധനച്ചെലവു കൂട്ടും. വരുമാനം കുറയ്ക്കും.

സൂപ്പർ എൽ നിനോ അടുത്തവർഷം കേരളത്തിൽ മത്തിയുടെ ലഭ്യത കുറച്ചേക്കാമെന്ന് കേന്ദ്ര സമുദ്ര ഫിഷറീസ് ഗവേഷണ കേന്ദ്രം (സി.എം.എഫ്.ആർ.ഐ.) അഭിപ്രായപ്പെട്ടിരുന്നു. എൽ നിനോ അപൂർവമായി മാത്രമേ ഒറ്റയ്ക്കുപ്രവർത്തിക്കുന്നുള്ളൂ. മനുഷ്യപ്രേരിതമായ പല സമ്മർദ്ദങ്ങളും ഇതിനെ ബാധിക്കാം. അമിത മത്സ്യബന്ധനം, പ്ലാസ്റ്റിക് മലിനീകരണം, എണ്ണ ചോർച്ച, തീരദേശ വികസനം, ഡ്രഡ്ജിങ് തുടങ്ങിയവ ചില ഉദാഹരണങ്ങൾ മാത്രം.

എൽനിനോ മാസങ്ങൾക്കു മുമ്പേ പ്രവചിക്കാൻ കഴിയുമെന്നതാണ് അതിന്റെ നേട്ടം. ഇതനുസരിച്ച് തയ്യാറെടുപ്പുകളും വേണമെന്ന് റിപ്പോർട്ട് നിർദേശിക്കുന്നു. ഭാവിയിലെ മത്സ്യബന്ധനം കൂടുതൽ എൽ നിനോ അവസ്ഥയുമായി പൊരുത്തപ്പെടണം. മത്സ്യബന്ധന നിയന്ത്രണങ്ങൾ, സീസണൽ അടച്ചുപൂട്ടലുകൾ, ആവാസവ്യവസ്ഥ പുനഃസ്ഥാപിക്കൽ തുടങ്ങിയവയെല്ലാം കാലാവസ്ഥാ പ്രവചനങ്ങളിൽ ഉൾപ്പെടുത്തണമെന്നും റിപ്പോർട്ട് നിർദേശിക്കുന്നു.

കാർഷിക-മത്സ്യമേഖലയിൽ ഉണ്ടാകാൻപോകുന്ന വലിയ വിപത്തിലേക്കുള്ള ചൂണ്ടുപലകയാണ് ഈ റിപ്പോർട്ടെന്ന് ഇതു പ്രസിദ്ധീകരിച്ച കേരള മത്സ്യത്തൊഴിലാളി ഐക്യവേദി പ്രസിഡന്റ് ചാൾസ് ജോർജ് പറഞ്ഞു.