സ്വർണമീനിന് വലിയ അഹങ്കാരമായിരുന്നു. അവൻ എപ്പോഴും മറ്റ് മീനുകളെ കളിയാക്കും. അവരോടൊന്നും കൂട്ടുകൂടാതെ ഒറ്റയ്ക്കാണ് അവന്റെ നടപ്പ്. അമ്മമീൻ എത്ര പറഞ്ഞിട്ടും അവൻ ആരുമായും കൂട്ടുകൂടിയില്ല. ഒരുദിവസം അമ്മമീൻ ദൂരെയെവിടെയോ പോയിരിക്കുകയാണ്. വെള്ളത്തിൽ നീന്തിത്തുടിച്ച് രസിക്കുകയായിരുന്നു സ്വർണമീൻ. അപ്പോഴതാ മറ്റുള്ള മീനുകളെല്ലാം എങ്ങോട്ടേക്കോ പായുന്നു.

To advertise here,

'എന്താണാവോ കാര്യം?', സ്വർണമീൻ ആലോചിച്ചു. പെട്ടെന്നാണ് അവൻ അത് കണ്ടത്. അതാ ഒരു കൂറ്റൻ സ്രാവ്! ''ഹമ്മേ!'', സ്വർണമീൻ പേടിച്ചുവിറച്ചു.

''ഇവിടെ ഒളിച്ചോളൂ ചങ്ങാതീ!'', പെട്ടെന്ന് ആരോ സ്വർണമീനിനെ വിളിച്ചു. നോക്കുമ്പോൾ പവിഴപ്പുറ്റിനു പുറകിൽ പമ്മിയിരിക്കുകയാണ് ഒരു കുഞ്ഞൻമീൻ.

''നീ ആരോടും കൂട്ടുകൂടാത്തതുകൊണ്ടാ സ്രാവ് വരുന്നുണ്ടെന്ന് നിന്നോട് പറയാഞ്ഞത്!'', കുഞ്ഞൻ മീൻ പറഞ്ഞു. അതുകേട്ടപ്പോൾ സ്വർണമീനിന് തന്റെ തെറ്റുമനസ്സിലായി. പിന്നീട് അവൻ മിടുക്കനായി.