തിരുവനന്തപുരം: ഡിജിറ്റൽ സുരക്ഷാ ബോധവത്കരണത്തിനായി കേരള സർക്കാരിന്റെ ഐടി, എഐ ആൻഡ് ഫ്യൂച്ചർ ടെക്‌നോളജി വകുപ്പ്, കേരള സ്റ്റേറ്റ് ഐ.ടി. മിഷൻ (KSITM) മുഖേന നടപ്പാക്കുന്ന SafeTech / സൈബർ ജാഗ്രതാ കാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം ഒക്ടോബർ 7-ന് തിരുവനന്തപുരം ഹിൽട്ടൺ ഗാർഡൻ ഇന്നിൽ നടക്കും. വ്യവസായ, ഇലക്ട്രോണിക്സ്, ഐടി - എഐ വകുപ്പ് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം നിർവഹിക്കും. വിവിധ വകുപ്പ് മന്ത്രിമാർ വിശിഷ്ടാതിഥികളായി പങ്കെടുക്കും.
ഓൺലൈൻ സേവനങ്ങൾ, ഡിജിറ്റൽ പേയ്മെന്റുകൾ, മൊബൈൽ ഫോണുകൾ, സാമൂഹ്യമാധ്യമങ്ങൾ എന്നിവയുടെ ഉപയോഗം വർധിക്കുന്ന സാഹചര്യത്തിൽ സാമ്പത്തിക തട്ടിപ്പ്, ഫിഷിങ്, വ്യക്തിത്വ മോഷണം, വ്യാജവിവര പ്രചരണം, സൈബർ ബുള്ളിയിങ് തുടങ്ങിയ ഓൺലൈൻ ഭീഷണികളെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുകയാണ് കാമ്പയിന്റെ ലക്ഷ്യം. ഒറ്റത്തവണ പരിപാടിയല്ലാതെ വിവിധ ഘട്ടങ്ങളായി സംസ്ഥാനത്തുടനീളം ഡിജിറ്റൽ സുരക്ഷയ്ക്കായുള്ള തുടർച്ചയായ ജനകീയ പ്രവർത്തനമായാണ് പദ്ധതി നടപ്പാക്കുന്നത്.
KSITM പദ്ധതിയുടെ നിർവഹണത്തിനും ഏകോപനത്തിനും നേതൃത്വം നൽകും. ICT Academy of Kerala (ICTAK) നോളജ് പാർട്ണറായും C-DIT മാധ്യമ പ്രവർത്തനങ്ങൾ, ബ്രാൻഡിംഗ്, പൊതുജന ബോധവത്കരണം എന്നിവയ്ക്കും നേതൃത്വം നൽകും. വിവിധ സർക്കാർ വകുപ്പുകളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സ്‌കൂളുകൾ, കോളേജുകൾ, കുടുംബശ്രീ, ICDS, അങ്കണവാടികൾ തുടങ്ങിയ ശൃംഖലകളിലൂടെ പദ്ധതിയിൽ പങ്കാളികളാകും. രജിസ്ട്രേഷൻ, പരിശീലനം, സെഷൻ രേഖപ്പെടുത്തൽ, പുരോഗതി നിരീക്ഷണം എന്നിവയ്ക്കായി സേഫ്ടെക് പോർട്ടൽ വികസിപ്പിക്കും.
സ്‌കൂളുകൾ, കോളേജുകൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ SafeTech Clubs സ്ഥാപിക്കും. പരിശീലനം ലഭിച്ച SafeTech Ambassadors ആയിരിക്കും ക്യാമ്പയിന്റെ പ്രധാന പ്രവർത്തകർ. 600 Academic Ambassadors-നെയും 1,000-ലധികം Community Ambassadors-നെയും തിരഞ്ഞെടുക്കും. ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലും കുറഞ്ഞത് ഒരു കമ്മ്യൂണിറ്റി അംബാസിഡർ ഉണ്ടായിരിക്കും.
താൽപര്യമുള്ളവർക്ക് സേഫ്ടെക് പോർട്ടൽ വഴി അപേക്ഷിക്കാം.
അംബാസഡർമാർ 2-3 മണിക്കൂർ ദൈർഘ്യമുള്ള ബോധവത്കരണ സെഷനുകൾ നടത്തും. ഓരോ അംബാസഡറും കുറഞ്ഞത് 200 പഠിതാക്കളിലേക്കെങ്കിലും എത്തുകയാണ് ലക്ഷ്യം. പരിശീലനം പൂർത്തിയാക്കുന്നവർക്ക് സ്ഥിരീകരിക്കാവുന്ന സർട്ടിഫിക്കറ്റും ബാഡ്ജും ലഭിക്കും. Community Ambassadors-ന് സെഷനുകൾക്ക് ഹോണറേറിയവും Academic Ambassadors-ന് അക്കാദമിക് ക്രെഡിറ്റും സർട്ടിഫിക്കേഷനും ലഭിക്കും.
2 ലക്ഷം പേരിലേക്ക് ഡിജിറ്റൽ സുരക്ഷാ ബോധവത്കരണം എത്തിക്കുകയാണ് ക്യാമ്പയിന്റെ ലക്ഷ്യം - 1 ലക്ഷം വിദ്യാർത്ഥികളും 1 ലക്ഷം മറ്റ് പൗരന്മാരും. ഘട്ടംഘട്ടമായ നടപ്പാക്കൽ, പ്രാദേശിക പങ്കാളിത്തം, വ്യക്തമായ റിപ്പോർട്ടിംഗ്, സ്ഥിരമായ അവലോകനം എന്നിവയിലൂടെ സുരക്ഷിതവും ഉത്തരവാദിത്വപരവുമായ ഡിജിറ്റൽ ഉപയോഗത്തിനുള്ള ദീർഘകാല ജനകീയ ശൃംഖല സൃഷ്ടിക്കുകയാണ് സേഫ്ടെക് ക്യാമ്പയിന്റെ ലക്ഷ്യം.
Content Highlights: State-level inauguration of SafeTech/Cyber Jagratha campaign on October 7 at Thiruvananthapuram Hilton Garden Inn., Aimed at spreading awareness against online financial fraud, phishing, and cyberbullying., Led by KSITM with ICT Academy of Kerala and C-DIT as key partners., Establishment of SafeTech Clubs and deployment of trained academic and community ambassadors across local bodies.
Published: 06 Oct 2026, 05:36 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented