
ഇന്ത്യന്‍ ബഹിരാകാശ സഞ്ചാരി ശുഭാന്‍ഷു ശുക്ല ഉള്‍പ്പെട്ട ബഹിരാകാശ ദൗത്യം ആക്സിയോം-4-ന്റെ വിക്ഷേപണം വീണ്ടും മാറ്റി. മോശം കാലാവസ്ഥ കാരണമാണ് വിക്ഷേപണം മാറ്റിയത്. ഇന്ത്യൻ സമയം ചൊവ്വാഴ്ച വൈകീട്ട് 5:55-ന് നടക്കേണ്ടിയിരുന്ന വിക്ഷേപണം ബുധനാഴ്ച വൈകീട്ട് 5:30-ലേക്കാണ് മാറ്റിയത്. ഐഎസ്ആര്‍ഒ ചെയര്മാന് ഡോ. വി. നാരായണനാണ് ഇക്കാര്യം അറിയിച്ചത്.
നേരത്തേ പലതവണ ആക്സിയോം-4 ദൗത്യത്തിന്റെ വിക്ഷേപണം മാറ്റിയിരുന്നു. മേയ് 29-നായിരുന്നു യഥാര്‍ഥത്തില്‍ വിക്ഷേപണം നടത്താന്‍ നിശ്ചയിച്ചിരുന്നത്. സാങ്കേതിക കാരണങ്ങളാല്‍ അത് ജൂണ്‍ എട്ടിലേക്ക് മാറ്റുകയായിരുന്നു. തയ്യാറെടുപ്പുകള്‍ക്കായി കൂടുതല്‍ സമയം ആവശ്യമായതിനാല്‍ വിക്ഷേപണം ജൂണ്‍ 10-ലേക്ക് മാറ്റി. ഇതിന് ശേഷമാണ് ഇപ്പോള്‍ മൂന്നാമതും വിക്ഷേപണത്തിയ്യതി മാറ്റുന്നത്.
ശുഭാന്‍ഷു ശുക്ല അടക്കം നാലുപേരെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ (ഐഎസ്എസ്) എത്തിക്കുന്ന ദൗത്യമാണ് ആക്സിയോം-4. ഇവര്‍ സഞ്ചരിക്കുന്ന ഡ്രാഗണ്‍ പേടകം വഹിക്കുന്ന ഫാല്‍ക്കണ്‍ 9 റോക്കറ്റിന്റെ നിര്‍ണായകമായ സ്റ്റാറ്റിക് ഫയര്‍ ടെസ്റ്റ് ഉള്‍പ്പെടെയുള്ളവ നേരത്തേ പൂര്‍ത്തിയാക്കിയിരുന്നു. ഫ്ളോറിഡയിലെ നാസയുടെ കെന്നഡി സ്പേസ് സെന്ററില്‍ നിന്നാണ് വിക്ഷേപണം.
നാല് പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് ഒരു ഇന്ത്യക്കാരൻ വീണ്ടും ബഹിരാകാശത്തേക്ക് പോകുന്നത്. അതിനാൽ രാജ്യം ഉറ്റുനോക്കുന്ന ദൗത്യമാണ് ആക്സിയോം-4. പഞ്ചാബിലെ പാട്യാലയിൽ നിന്നുള്ള രാകേഷ് ശര്‍മ്മയാണ് ബഹിരാകാശത്തേക്ക് പറന്ന ആദ്യ ഇന്ത്യക്കാരന്. 1984-ല്‍ റഷ്യന്‍ സോയൂസ് ടി-11 ദൗത്യത്തിന്റെ ഭാഗമായാണ് ശര്‍മ്മ ബഹിരാകാശത്തേക്ക് പോയത്. ഇതുകഴിഞ്ഞ് 41 വര്‍ഷത്തിനിപ്പുറമാണ് രാകേഷ് ശര്‍മ്മയുടെ പിന്‍ഗാമിയാകാന്‍ ശുഭാന്‍ഷു ശുക്ല തയ്യാറെടുക്കുന്നത്.
ആക്സിയോം-4 ദൗത്യത്തിന്റെ പൈലറ്റാണ് ശുഭാന്‍ഷു ശുക്ല. അമേരിക്കയില്‍ നിന്നുള്ള മിഷന് കമാന്‍ഡര്‍ പെഗ്ഗി വിറ്റ്സണ്‍, ഹംഗറിയില്‍ നിന്നുള്ള ടിബോര്‍ കാപു, പോളണ്ടില്‍ നിന്നുള്ള സ്ലാോഷ് ഉസ്നാന്‍സ്കി-വിസ്നിയേവ്സ്കി എന്നിവരാണ് ശുഭാന്‍ഷുവിന്റെ സഹയാത്രികര്‍.
Content Highlights: Axiom-4 Mission Launch To Space Postponed By A Day Due To Bad Weather
Published: 09 Jun 2025, 08:43 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented