
'മന്നവേന്ദ്രാ വിളങ്ങുന്നു ചന്ദ്രനെപ്പോലെ നിന്‍മുഖം' എന്നതൊരു സ്തുതിയായിരുന്നു. മനുഷ്യന്‍ ചന്ദ്രനില്‍ കാലുകുത്തിയപ്പോഴാണ് ചന്ദ്രനില്‍ മുഴുവന്‍ കുഴികളാണെന്നുകണ്ടത്. ചുരുക്കിപ്പറഞ്ഞാല്‍ ടോം ആന്‍ഡ് ജെറി കാര്‍ട്ടൂണില്‍ കാണുന്ന ചീസ് കട്ടപോലെ മുഴുവന്‍ കുഴികള്‍ നിറഞ്ഞ ഒരു വസ്തു. തിളക്കവും ഒട്ടുമില്ല. കവിതയുടെ ഭംഗി ശാസ്ത്രത്തിനില്ല.
ഉല്‍ക്കമഴയും ചന്ദ്രനും
ചന്ദ്രന്‍ ചീസുപോലെയാവാനുള്ള പ്രധാന കാരണം സൗരയൂഥത്തിലെ ഛിന്നഗ്രഹങ്ങളും ധൂമകേതുക്കളും ഉല്‍ക്കകളുമാണ്. എത്രയോ കാലങ്ങളായി അവ ചന്ദ്രനില്‍ വന്നുപതിക്കുന്നതിന്റെ കൈയൊപ്പാണ് ചന്ദ്രനില്‍ കാണുന്ന ഈ ഗര്‍ത്തങ്ങള്‍ അഥവാ ലൂണാര്‍ ക്രെറ്ററുകള്‍. ചന്ദ്രനെ സംബന്ധിച്ചുനോക്കിയാല്‍, ആകാശത്തുനിന്ന് പതിക്കുന്ന വസ്തുവിന്റെ ഏകദേശം പത്തിരട്ടി വലുപ്പമുണ്ടാവും അത് ഉണ്ടാക്കുന്ന ലൂണാര്‍ ക്രെറ്ററിന്. പല വലുപ്പത്തിലുള്ള ഗര്‍ത്തങ്ങളുടെ ഒരു പെരുമഴയാണ് ചന്ദ്രനിലെ ഉപരിതലത്തില്‍ കാണാനാവുക. പത്തുലക്ഷത്തിലധികം ഗര്‍ത്തങ്ങളാണ് ഔദ്യോഗിക രേഖകളിലുള്ളത്. ഇന്റര്‍നാഷണല്‍ അസ്ട്രോണോമിക്കല്‍ യൂണിയന്‍ ഏകദേശം പതിനായിരം ഗര്‍ത്തങ്ങള്‍ക്ക് ഡെസിഗ്നേഷന്‍സ് വരെ കൊടുത്തിട്ടുണ്ട്.
ചന്ദ്രനെയപേക്ഷിച്ച് നോക്കിയാല്‍ ഭൂമിയില്‍ വളരെ ചുരുക്കം ഗര്‍ത്തങ്ങള്‍ മാത്രമേയുള്ളൂ. ഭൂമിശാസ്ത്രപരമായ പല മാറ്റങ്ങള്‍കാരണം ഭൂമിയിലെ ഗര്‍ത്തങ്ങള്‍ മാഞ്ഞുപോയിരിക്കുന്നു. സാമാന്യം വലിയ ഒരു ഗര്‍ത്തംമാത്രമേ ഭൂമിയില്‍ കണ്ടുപിടിക്കാന്‍ കഴിഞ്ഞിട്ടുള്ളൂ. ഉദാഹരണത്തിന്, ഒരു കാലത്ത് ഭൂമിയെ ഭരിച്ചിരുന്ന ഡൈനസോര്‍ വംശത്തെ ഉന്മൂലനംചെയ്ത ഭീമനായ ഛിന്നഗ്രഹം പതിച്ചുണ്ടായ അഗാധഗര്‍ത്തം മെക്‌സികോയുടെ സമീപമുള്ള കടലിനടിയില്‍ കാണാന്‍ കഴിയും. 66 മില്യണ്‍വര്‍ഷംമുന്‍പുനടന്ന ഈ ഛിന്നഗ്രഹ സ്‌ഫോടനത്തിന്റെ ഭാഗമായുണ്ടായ ഗര്‍ത്തത്തിന് ഏകദേശം 200 കിലോമീറ്റര്‍ വ്യാസമുണ്ട്. ദിനോസര്‍ എന്ന വംശത്തിന്റെ ഒരു ഓര്‍മ്മക്കുറിപ്പാണ് ഈ വലിയ ഗര്‍ത്തം.
അപോഫിസ് കടന്നുപോവുമ്പോള്‍
ചന്ദ്രനില്‍ കടലില്ലാത്തസ്ഥിതിക്ക് , സോളിഡ് സര്‍ഫേസ് ഇംപാക്ട്സ് ഏറ്റവുമധികം ചന്ദ്രനിലാണ് നടക്കുന്നത്. അതിനാല്‍ ആഘാതം വിലയിരുത്തല്‍ഗവേഷണത്തിന് ഏറ്റവും അനുയോജ്യമായ സ്ഥലം ചന്ദ്രനാണ്. ലൂണാര്‍ സര്‍ഫേസ് മോഡലിങ് സ്റ്റഡീസാണ് നമ്മുടെ ഭൂമിയെ ഉല്‍ക്കഭീഷണികളില്‍നിന്ന് സംരക്ഷിക്കാന്‍ സഹായിക്കുന്നത്. ആ അര്‍ഥത്തില്‍ ചന്ദ്രന്‍ നമ്മുടെ ഭൂമിയെയും മനുഷ്യനെയും നേരിട്ടും അല്ലാതെയും സഹായിക്കുന്നു. ഐക്യരാഷ്ട്രസഭ 2029-നെ ഛിന്നഗ്രഹ ബോധവത്കരണവും ഗ്രഹസുരക്ഷയും എന്ന വിഷയമാണ് ഔദ്യോഗികമായി സ്വീകരിച്ചിരിക്കുന്നത്. അതിനുള്ള കാരണം 99942 അപോഫിസ് എന്ന ഛിന്നഗ്രഹം 2029 ഏപ്രില്‍ 13-ന് ഭൂമിയുടെ അരികിലെത്തുന്നു എന്നതാണ്.
ഏകദേശം 400 മീറ്റര്‍ വ്യാസമുള്ള ഈ ഛിന്നഗ്രഹം ഭൂമിയില്‍നിന്ന് 32,000 കിലോമീറ്റര്‍ അടുത്തുകൂടിയാണ് പോവുക. നമ്മുടെ ഭൂരിഭാഗം ഉപഗ്രഹങ്ങളും 36,000 കിലോമീറ്റര്‍ ദൂരത്തിലാണ് ഭൂമിയെ വലംവെക്കുന്നത്. ഈ ഛിന്നഗ്രഹത്തിന്റെ വരവ് അളന്നാല്‍ ജ്യോതിശ്ശാസ്ത്രപരമായി പറയുമ്പോള്‍ തലനാരിന്റെ ദൂരമേയുള്ളൂ. ശ്രദ്ധയും കരുതലുമൊക്കെ അര്‍ഹിക്കുന്ന ഒരു ഛിന്നഗ്രഹമാണിത്.
ഇരുപതുവര്‍ഷംമുന്‍പേ ഇതിനെ കണ്ടുപിടിച്ച സമയത്ത് ഭ്രമണപഥക്കണക്കുകള്‍പ്രകാരം ഈ മൂപ്പര്‍ ഭൂമിയുമായി കൂട്ടിമുട്ടാന്‍ ചെറിയ സാധ്യയുണ്ടെന്നാണ് കരുതിയത്. പക്ഷേ, കൂടുതല്‍ നിരീക്ഷണങ്ങള്‍ക്കുശേഷം ഇപ്പോള്‍ ഉറപ്പായി ഭൂമിക്ക് പേടിക്കാന്‍മാത്രം ഭീഷണിയൊന്നുമില്ല എന്ന്.
ഇന്റര്‍നാഷണല്‍ അസ്ട്രോണമിക്കല്‍ യൂണിയന്‍ ഓസ്ട്രേലിയയിലെ പെര്‍ത്തില്‍ സംഘടിപ്പിച്ച ഉല്‍ക്ക ശാസ്ത്രജ്ഞരുടെ സമ്മേളനത്തില്‍ ചര്‍ച്ചചെയ്ത കാര്യങ്ങളിലൊന്ന് ഇതായിരുന്നു. ലേഖകനും അതില്‍ പങ്കുകൊണ്ടിരുന്നു. പ്ലാനറ്ററി ഡിഫന്‍സ് നമുക്ക് എങ്ങനെ കൂടുതല്‍ മെച്ചപ്പെടുത്താം, മുഴുവന്‍ ലോകം എങ്ങനെ കൂട്ടായ്മയോടെ ഈ കാര്യത്തിനുവേണ്ടിഒറ്റക്കെട്ടായി നില്‍ക്കാം എന്നൊക്കെയായിരുന്നു ചര്‍ച്ച.
ഗ്രഹസുരക്ഷയും ഇന്ത്യയും
എലൈറ്റ് സ്‌പെയ്സ് സൂപ്പര്‍ പവര്‍ ലിസ്റ്റില്‍ ഇന്ന് ഇന്ത്യയുമുണ്ട്. പക്ഷേ, നമ്മുടെ രാജ്യത്തിന് ഇപ്പോഴും ഒരു പ്ലാനറ്ററി ഡിഫന്‍സ് ടീമില്ല. മറ്റുള്ള ബഹിരാകാശശക്തികളായ അമേരിക്ക, യൂറോപ്പ്, റഷ്യ, ചൈന, ജപ്പാന്‍ ഇവരൊക്കെ പ്ലാനറ്ററി ഡിഫന്‍സ് ഗവേഷണം തുടങ്ങിക്കഴിഞ്ഞു. നാസയുടെ ഡാര്‍ട്ട്(ഡബിള്‍ ആസ്ട്രോയ്ഡ് റീഡയറക്ഷന്‍ ടെസ്റ്റ്) മിഷനും യൂറോപ്യന്‍ സ്പെയ്സ് ഏജന്‍സിയുടെ ഹേര (HERA) മിഷനുമൊക്കെ ഇതിന്റെ തുടക്കമാണ്. നമ്മുടെ രാജ്യവും ഈ മേഖലയില്‍ ശ്രദ്ധചെലുത്തേണ്ട സമയമായി. 2029-ല്‍ വരുന്ന അപോഫിസ് എന്ന വികൃതിക്കാരന്‍മാത്രമേ ഭൂമിയെയും ചന്ദ്രനെയും കൂട്ടിയിടിക്കില്ല എന്ന വാക്ക്തന്നിട്ടുള്ളൂ. കഴിഞ്ഞവര്‍ഷം കണ്ടുപിടിച്ച ഇതിലും വികൃതിക്കാരനായ 2024 YR4 എന്ന ഛിന്നഗ്രഹം 2032-ല്‍ ചന്ദ്രനില്‍ച്ചെന്ന് ഇടിക്കാനുള്ള സാധ്യത ഏകദേശം നാലുശതമാനമാണ്. സൗരയൂഥ രൂപവത്കരണത്തിന്റെ ഭാഗമായി വിലയിരുത്തുമ്പോള്‍ ചന്ദ്രന്‍ നമ്മുടെ ഭൂമിയുടെ ഒരു കൂടപ്പിറപ്പാണ്. ചന്ദ്രന്റെ ആകൃതിക്കോ ചന്ദ്രന്റെ ഭ്രമണപഥത്തിനോ എന്തെങ്കിലും അപകടം സംഭവിച്ചാല്‍ അത് നമ്മുടെ ഭൂമിക്കും അപായമാണ്. നമ്മുടെ കടലിലെ വേലിയേറ്റങ്ങളൊക്കെ ചന്ദ്രനും ഭൂമിയും തമ്മിലുള്ള ഒരു ഗുരുത്വാകര്‍ഷണ ഏറ്റക്കുറച്ചില്‍ കാരണമാണ് സംഭവിക്കുന്നത്. ഈ സന്തുലിതാവസ്ഥ തകരാറിലാകാ ന്‍ അനുവദിച്ചുകൂടാ.
(ലേഖകന്‍ അന്താരാഷ്ട്ര ജ്യോതിശ്ശാസ്ത്ര യൂണിയന്‍ ഉല്‍ക്കശാസ്ത്ര നേതൃസമിതിയില്‍ അംഗമാണ്)
Content Highlights: Discover the lunar craters formed by asteroids and comets. Learn about planetary defense
Published: 06 Aug 2025, 09:34 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented