ഛിന്നഗ്രഹങ്ങളും ഭൂമിയും തമ്മിലുള്ള കൂട്ടിയിടി തടയാനുള്ള ശ്രമത്തിലാണ് ബഹിരാകാശ ഗവേഷകര്‍. ഭാവിയില്‍ എന്നെങ്കിലും അത്തരം ഒരു കൂട്ടിയിടി സംഭവിക്കാമെന്ന അനുമാനത്തില്‍ മുന്നൊരുക്കങ്ങള്‍ സ്വീകരിച്ച് മുന്നേറുകയാണ് വിവിധ ബഹിരാകാശ ഏജന്‍സികള്‍. സിറ്റി കില്ലര്‍ എന്ന് വിളിക്കപ്പെടുന്ന 2024 വൈആര്‍4 എന്ന ഛിന്നഗ്രഹവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ സജീവമായിരിക്കെ, ഛിന്നഗ്രഹ പതനവുമായി ബന്ധപ്പെട്ട ആശങ്കകള്‍ വര്‍ധിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഛിന്നഗ്രഹങ്ങള്‍ സൃഷ്ടിക്കുന്ന ഭീഷണി നേരിടാന്‍ പുതിയ തന്ത്രം വെളിപ്പെടുത്തിയിരിക്കുകയാണ് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ. 

To advertise here,

ഛിന്നഗ്രഹങ്ങളില്‍ നിന്നുള്ള ഭീഷണി തടയണമെങ്കില്‍ അവയെ കഴിയുന്നതും നേരത്തെ കണ്ടെത്തേണ്ടതുണ്ട്. അപകടകാരികളായ ഛിന്നഗ്രഹങ്ങളെ നിരീക്ഷിക്കുന്നതിനുവേണ്ടി 'നിയോ സര്‍വേയര്‍' എന്ന പ്രത്യേക ദൂരദര്‍ശിനി വിക്ഷേപിക്കാനൊരുങ്ങുകയാണ് നാസ. ഛിന്നഗ്രഹ നിരീക്ഷണത്തിന് മാത്രമായി തയ്യാറാക്കുന്ന ആദ്യ ബഹിരാകാശ ദൂരദര്‍ശിനിയാണ് നിയോ സര്‍വേയര്‍. 2027-ല്‍ ഈ ദൗത്യം വിക്ഷേപിക്കാനാണ് നാസയുടെ പദ്ധതി. ഈ ദൗത്യത്തിലൂടെ ശേഖരിക്കുന്ന വിവരങ്ങളെല്ലാം പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കും. ഇതുവഴി ലോകത്തെമ്പാടുമുള്ള ശാസ്ത്രജ്ഞര്‍ക്ക് ഛിന്നഗ്രഹ ഭീഷണികള്‍ വിലയിരുത്താനാവും. മൈനര്‍ പ്ലാനറ്റ് സെന്റര്‍ പ്ലാറ്റ്‌ഫോം വഴി ഇതിനകം നാസ വിവരങ്ങള്‍ പങ്കുവെക്കുന്നുണ്ട്.

2024 വൈആര്‍ 4 ഛിന്നഗ്രഹം
2024 ഡിസംബറിലാണ് 2024 വൈആര്‍ 4 എന്ന ഛിന്നഗ്രഹത്തെ കണ്ടെത്തിയത്. 2032 ഡിസംബറില്‍ ഇത് ഭൂമിയുമായി കൂട്ടിയിടിക്കുമെന്നായിരുന്നു പ്രവചനം. ഇതുവരെ കണ്ടെത്തിയ ഛിന്നഗ്രഹങ്ങളില്‍ ഏറ്റവും അധികം കൂട്ടിയിടി സാധ്യത കല്‍പിക്കപ്പെട്ട ഛിന്നഗ്രഹമായിരുന്നു ഇത്. തുടര്‍ന്നുള്ള പഠനങ്ങളില്‍ ഈ സാധ്യത കുറഞ്ഞെങ്കിലും ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രനിലും ഈ ഛിന്നഗ്രഹം പതിക്കാനിടയുണ്ടെന്ന് നിരീക്ഷണമുണ്ട്. 

പരന്ന രൂപത്തിലുള്ള 60 മീറ്റര്‍ വീതിയുള്ള ഈ ഛിന്നഗ്രഹം ഓരോ 20 മിനിറ്റിലും സ്വയം തിരിഞ്ഞുകൊണ്ടിരിക്കുന്നു. ചൊവ്വയ്ക്കും വ്യാഴത്തിനും ഇടയിലുള്ള ആസ്റ്ററോയിഡ് ബെല്‍റ്റില്‍ നിന്നാണ് ഈ ഛിന്നഗ്രഹം വരുന്നത് എന്നാണ് കണക്കാക്കപ്പെടുന്നത്. അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ ഈ ഛിന്നഗ്രഹം ഭൂമിയോട് ഏറ്റവും അടുത്തെത്തുമെന്നും ശാസ്ത്രജ്ഞര്‍ കണക്കാക്കുന്നു. കൂട്ടയിടിക്കാന്‍ സാധ്യതയില്ലെങ്കിലും കൂട്ടിയിടിച്ചാല്‍ ആഘാതം വലുതാകുമെന്നാണ് നിരീക്ഷണം.

നാസയുടെ ജെമിനൈ സൗത്ത് ഒബ്‌സര്‍വേറ്ററി ഒരുമാസക്കാലം ഈ ഛിന്നഗ്രഹത്തെ നിരീക്ഷിച്ചുവരികയായിരുന്നു. എന്നാല്‍, താമസിയാതെ തന്നെ ഈ ഛിന്നഗ്രഹം ഭൂമിയില്‍നിന്ന് കാണാന്‍ സാധിക്കാത്ത അത്ര ദൂരത്തെത്തും. എന്നാല്‍, ബഹിരാകാശത്ത് വിന്യസിച്ചിട്ടുള്ള ജെയിംസ് വെബ് ദൂരദര്‍ശിനി ഉപയോഗിച്ച് ഛിന്നഗ്രഹത്തെ തുടര്‍ന്നും നിരീക്ഷിക്കാനാണ് നാസയുടെ പദ്ധതി. 

ബഹിരാകാശത്ത് ഭൂമിക്കടുത്തെത്തുന്ന വസ്തുക്കള്‍ സൃഷ്ടിക്കുന്ന ഭീഷണികള്‍ നേരിടുന്നതിന് വേണ്ടി ഭൂമിയെ ചുറ്റുന്ന ഛിന്നഗ്രഹങ്ങള്‍ ഉള്‍പ്പടെ 37000 വസ്തുക്കളെ ലോകത്തെമ്പാടുമുള്ള ബഹിരാകാശ ഗവേഷകര്‍ നിരീക്ഷിച്ചുവരികയാണ്. ഛിന്നഗ്രഹങ്ങളില്‍ നിന്നുള്ള ഭീഷണി അവഗണിക്കാനാകാത്ത ഒന്നാണെന്ന അനുമാനത്തില്‍ മാനവരാശിയെ സംരക്ഷിക്കുന്നതിന് ഭാവി മുന്നില്‍ കണ്ടുകൊണ്ടുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യപ്പെടുന്നുണ്ട്.