ന്യൂയോർക്ക്: പ്രമുഖ നിർമിത ബുദ്ധി കമ്പനിയും 'ക്ലോഡ്' എഐയുടെ നിർമാതാക്കളുമായ ആന്ത്രോപികിന്റെ (Anthropic) വരുമാനത്തിൽ പ്രതീക്ഷിക്കുന്നത് വൻവർധന. കമ്പനിയുടെ സമീപകാല വരുമാന നേട്ടങ്ങളുടെ അടിസ്ഥാനത്തിൽ ജൂലായ് അവസാനത്തോടെ കമ്പനിയുടെ വാർഷിക അനുമാന വരുമാന നിരക്ക് (annualized revenue run rate) 65 ബില്യൺ ഡോളറിൽ എത്തിയതായി കമ്പനി സ്ഥിരീകരിച്ചു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഏഴിരട്ടി വർധനയാണ് ഇതിലൂടെ കമ്പനി കൈവരിച്ചിരിക്കുന്നത്. കമ്പനി തങ്ങളുടെ നിക്ഷേപകർക്കായി നൽകിയ ഏറ്റവും പുതിയ റിപ്പോർട്ടിലാണ് ഈ വിവരങ്ങളുള്ളത്. ബ്ലൂംബെർഗ് ആണ് ഈ വരുമാനക്കണക്കുകൾ ആദ്യം റിപ്പോർട്ട് ചെയ്തത്.

To advertise here,

ഈ വർഷത്തെ രണ്ടാം പാദത്തിൽ കമ്പനിയുടെ പ്രാഥമിക വരുമാനം 11.5 ബില്യൺ ഡോളറിലെത്തി. ഇത് മുൻവർഷത്തെ അപേക്ഷിച്ച് 14 ഇരട്ടി വർധനയാണ് കാണിക്കുന്നത്. കഴിഞ്ഞ മേയ് മാസത്തിൽ ആന്ത്രോപികിന്റെ വാർഷിക വരുമാന നിരക്ക് 47 ബില്യൺ ഡോളർ കവിഞ്ഞിരുന്നു. 2025-ൽ കമ്പനി നേടിയ ആകെ വരുമാനം വെറും 10 ബില്യൺ ഡോളറായിരുന്നു എന്നതുമായി താരതമ്യം ചെയ്യുമ്പോൾ ഈ വളർച്ചാനിരക്ക് വളരെ ഉയർന്നതാണ്. ആന്ത്രോപികിന്റെ പ്രധാന എതിരാളികളായ ഓപ്പൺഎഐയുടെ വാർഷിക വരുമാന നിരക്ക് അടുത്തിടെ 40 ബില്യൺ ഡോളറിൽ എത്തിയിരുന്നു. നിലവിൽ ആന്ത്രോപികിന്റെ വിപണിമൂല്യം 965 ബില്യൺ ഡോളറാണ്.

അതേസമയം ഐപിഒയ്ക്കായുള്ള ഒരുക്കങ്ങൾ ആന്ത്രോപിക് ആരംഭിച്ചിട്ടുണ്ട്. നിലവിൽ നിക്ഷേപകരുമായി പ്രാഥമിക ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും എന്നാണ് പൊതുവിപണിയിൽ പ്രവേശിക്കുന്നതെന്ന് കമ്പനി ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.

വെല്ലുവിളികളും നിയന്ത്രണങ്ങളും:

വരുമാനത്തിൽ വലിയ നേട്ടങ്ങൾ ഉണ്ടാക്കുമ്പോഴും കമ്പനി പലവിധ തടസ്സങ്ങളും ഭരണപരമായ വെല്ലുവിളികളും നേരിടുന്നുണ്ട്. ദേശീയ സുരക്ഷാ കാരണങ്ങൾ മുൻനിർത്തി സർക്കാർ പുറപ്പെടുവിച്ച കയറ്റുമതി നിയന്ത്രണ നിർദേശത്തെ തുടർന്ന് ആന്ത്രോപികിന് തങ്ങളുടെ അത്യാധുനിക എഐ മോഡലുകളായ 'ക്ലോഡ് ഫേബിൾ 5', 'മൈത്തോസ് 5' എന്നിവ ജൂൺ മാസത്തിൽ താൽക്കാലികമായി റദ്ദാക്കേണ്ടി വന്നിരുന്നു. എന്നാൽ നീണ്ട ചർച്ചകൾക്കൊടുവിൽ ഈ മോഡലുകളിലേക്കുള്ള പ്രവേശനം പുനഃസ്ഥാപിക്കാൻ കഴിഞ്ഞു.

സൈന്യത്തിന് എഐ മോഡലുകൾ ഉപയോഗിക്കാൻ അനുവദിക്കുന്നതുമായുള്ള അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന് ട്രംപ് ഭരണകൂടവുമായുള്ള ആന്ത്രോപികിന്റെ ബന്ധം വഷളായതും മുന്നോട്ടുള്ള യാത്രയിൽ കമ്പനിക്ക് വെല്ലുവിളിയാണ്. ഈ തർക്കങ്ങളുടെ പശ്ചാത്തലത്തിൽ ഈ വർഷം ആദ്യം പെന്റഗൺ ആന്ത്രോപികിനെ കരിമ്പട്ടികയിൽ പെടുത്തിയിരുന്നു.