ഗൂഗിളിന്റെ വാര്‍ഷിക ഡെവലപ്പര്‍ കോണ്‍ഫറന്‍സായ ഗൂഗിള്‍ ഐഒയില്‍ ആന്‍ഡ്രോയിഡ് ഒഎസുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങള്‍ക്കാണ് പ്രാമുഖ്യം ലഭിക്കാറ്. എന്നാല്‍ ഇത്തവണ ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈയുടെ നേതൃത്വത്തില്‍ നടന്ന കീനോട്ടില്‍ ഗൂഗിള്‍ സെര്‍ച്ച്, ജിമെയില്‍, ഫോട്ടോസ്, ജെമിനി ഉള്‍പ്പടെയുള്ള വിവിധ സേവനങ്ങളുമായി ബന്ധപ്പെട്ടും കമ്പനിയുടെ ഭാവി പദ്ധതികളുമായി ബന്ധപ്പെട്ടുമുള്ള പ്രഖ്യാപനങ്ങള്‍ മാത്രമാണുണ്ടായിരുന്നത്. ഗൂഗിള്‍ കീനോട്ടില്‍ ആന്‍ഡ്രോയിഡിന്റെ അസാന്നിധ്യം പ്രകടമായിരുന്നു. ആന്‍ഡ്രോയിഡിനേക്കാള്‍ ഗൂഗിള്‍ ഇപ്പോള്‍ പ്രാധാന്യം നല്‍കുന്നത് എഐ ദൗത്യങ്ങള്‍ക്ക് മാത്രമാണ് എന്ന നിലയില്‍ വിലയിരുത്തലുകള്‍ വന്നു.
എന്നാല്‍ ആന്‍ഡ്രോയിഡ് ഇപ്പോഴും തങ്ങളുടെ പ്രധാന മേഖലകളില്‍ ഒന്നാണെന്ന് ഡെവലപ്പര്‍ കോണ്‍ഫറന്‍സിന്റെ രണ്ടാം ദിനം ഗൂഗിള്‍ വ്യക്തമാക്കി. ആന്‍ഡ്രോയിഡില്‍ വരുന്ന എഐ അപ്‌ഡേറ്റുകളെ കുറിച്ചും. പുതിയ ഫീച്ചറുകളെ കുറിച്ചുമെല്ലാമുള്ള പ്രഖ്യാപനങ്ങള്‍ രണ്ടാം ദിനം കമ്പനി നടത്തി.
തെഫ്റ്റ് ഡിറ്റക്ഷന്‍ ലോക്ക്, പ്രൈവറ്റ് സ്‌പേസ്
സുരക്ഷാ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തിക്കൊണ്ടാണ് ആന്‍ഡ്രോയിഡിന്റെ പുതിയ വേര്‍ഷന്‍ ഒരുക്കിയിരിക്കുന്നത്. ഗൂഗിള്‍ ഐഒ കോണ്‍ഫറന്‍സില്‍ വെച്ച് ഇതിന്റെ പ്രിവ്യൂ കമ്പനി അവതരിപ്പിച്ചു. തട്ടിപ്പുകളും മോഷണവും കണ്ടെത്തുന്നതിനുള്ള കഴിവുകള്‍ ആന്‍ഡ്രോയിഡ് 15 ല്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഫോണിന്റെ ആക്‌സിലറോമീറ്ററുകളും ഗൂഗിള്‍ എഐയും ഉപയോഗിച്ച് ഫോണ്‍ ആരെങ്കിലും മോഷ്ടിക്കുന്നുണ്ടോ എന്ന് തിരിച്ചറിയാനും ഫോണ്‍ ലോക്ക് ചെയ്യാനും സാധിക്കുംന്ന 'തെഫ്റ്റ് ഡിറ്റക്ഷന്‍ ലോക്ക്' ഫീച്ചറാണ് അതില്‍ പ്രധാനപ്പെട്ടത്. ഐഫോണിലും സമാനമായ ഫീച്ചര്‍ ലഭ്യമാണ്.
ഈ ഫീച്ചര്‍ എന്ന് അവതരിപ്പിക്കും എന്ന് കമ്പനി അറിയിച്ചിട്ടില്ല. എന്നാല്‍ ഓപ്പോ, ഓണര്‍, ലെനോവോ, വണ്‍ പ്ലസ്, ഗൂഗിള്‍ ഉള്‍പ്പടെയുള്ള കമ്പനികളുടെ ആന്‍ഡ്രോയിഡ് ഫോണുകളില്‍ ഈ വര്‍ഷം അവസാനത്തോടെ ഇത് ലഭിച്ചേക്കും.
പ്രൈവറ്റ് സ്‌പേസ് ഫീച്ചറാണ് ഗൂഗിള്‍ ആന്‍ഡ്രോയിഡില്‍ അവതരിപ്പിക്കുന്ന മറ്റൊരു ഫീച്ചര്‍. ഇതുവഴി നിങ്ങളുടെ സ്വകാര്യവിവരങ്ങളും പ്രധാനപ്പെട്ട മറ്റ് കാര്യങ്ങളും അടങ്ങുന്ന ആപ്പുകളെല്ലാം പ്രത്യേകം ഒരിടത്തേക്ക് മാറ്റിവെക്കാന്‍ സൗകര്യം ലഭിക്കും. ഡെസ്‌ക്ടോപ്പ് കംപ്യൂട്ടറുകളില്‍ എല്ലാമുള്ളത് പോലെ മറ്റൊരു യൂസര്‍ പോലെയാണ് പ്രൈവറ്റ് സ്‌പേസ് പ്രവര്‍ത്തിക്കുക. പ്രൈവറ്റ് സ്‌പേസ് ലോക്ക് ചെയ്താല്‍ അത് പിന്നീട് അതിലെ ആപ്പുകള്‍ പ്രവര്‍ത്തന രഹിതമാകും. പ്രൈവറ്റ് സ്‌പേസ് പൂര്‍ണമായും നീക്കം ചെയ്യാനും കഴിയും.
ഒടിപി നമ്പറുകളുടെ സുരക്ഷ
ടു ഫാക്ടര്‍ ഒതന്റിക്കേഷന് വേണ്ടി ഉപയോഗിക്കുന്ന ഒടിപി നമ്പറുകള്‍ വരുന്ന സന്ദേശങ്ങള്‍ നോട്ടിഫിക്കേഷന്‍ സംവിധാനത്തില്‍ നിന്ന് മറച്ചുവെക്കുന്നതാണ് ആന്‍ഡ്രോയിഡ് 15 ല്‍ വന്ന മറ്റൊരു സുരക്ഷാ സംവിധാനം. എസ്എംഎസ് അധിഷ്ഠിത ഒടിപികളുടെ സുരക്ഷ ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് ഇത്തരം ഒരു നീക്കം. ഫോണില്‍ വരുന്ന ഒടിപി പുഷ് നോട്ടിഫിക്കേഷനുകള്‍ സുരക്ഷിതമല്ലെന്ന വിലയിരുത്തലുമുണ്ട്.
ആപ്പ് ആര്‍ക്കൈവിങ്
ആപ്പ് ആര്‍ക്കൈവിങ് സംവിധാനത്തിലൂടെ സ്റ്റോറേജ് സംരക്ഷിക്കാനാവും. ഉപയോഗശൂന്യമായികിടക്കുന്ന ആപ്പുകള്‍ ആര്‍ക്കൈവ് ചെയ്യുന്നതിലൂടെ ഒരേ സമയം ഫോണിലെ സ്‌റ്റോറേജ് ലാഭിക്കാനും ഒപ്പം നിങ്ങളുടെ ഡാറ്റ സംരക്ഷിക്കാനുമാവും.
എഐ സ്‌പാം കോള്‍ ഡിറ്റക്ഷന്‍
ജെമിനി നാനോയുടെ എഐ മോഡലിന്റെ സഹായത്തോടെ ഒരു സ്‌കാം കോള്‍ ഡിറ്റക്ഷന്‍ സംവിധാനവും ഗൂഗിള്‍ അവതരിപ്പിച്ചിട്ടുണ്ട്. ഫോണില്‍ സംസാരിക്കുന്ന കാര്യങ്ങള്‍ പരിശോധിച്ച് ആ ഫോണ്‍ കോള്‍ സ്‌പാം കോള്‍ ആകാനുള്ള സാധ്യത ഫോണ്‍ നിങ്ങളെ അറിയിക്കും. ഫോണില്‍ തന്നെ പ്രോസസ് ചെയ്യുന്ന എഐ മോഡല്‍ ആയതിനാല്‍ സ്വകാര്യതയെ കുറിച്ച് ആശങ്കപ്പെടേണ്ടതില്ല.
ആദ്യം ഗാലക്‌സി എസ് 24 സീരീസിലും, പിന്നീട് പിക്‌സല്‍ ഫോണുകളിലും വന്ന സര്‍ക്കിള്‍ 2 സെര്‍ച്ച് ഫീച്ചര്‍ 10 കോടി സ്മാര്‍ട്‌ഫോണ്‍ മോഡലുകളിലേക്കും എത്തും. ഫോണിന്റെ സ്‌ക്രീനില്‍ കാണുന്ന ദൃശ്യങ്ങളില്‍ വിരല്‍ കൊണ്ട് വൃത്തം വരച്ച് അത് ഗൂഗിളില്‍ തിരയുന്ന സംവിധാനമാണ് സര്‍ക്കിള്‍ ടു സെര്‍ച്ച്.
ആന്‍ഡ്രോയിഡ് 15 എപ്പോള്‍
അന്തിമ പതിപ്പ് ഈ വര്‍ഷം അവസാനത്തോടെ എത്തും. പുതിയ ഫീച്ചറുകളെല്ലാം ഉള്‍പ്പെടുത്തിയാവും ആന്‍ഡ്രോയിഡ് 15 ന്റെ അന്തിമ പതിപ്പ് അവതരിപ്പിക്കുക. ആന്‍ഡ്രോയിഡ് 15 ബീറ്റാ 2 കൂടുതല്‍ ഫോണുകളില്‍ ലഭ്യമാക്കിയിട്ടുണ്ട്. പിക്‌സല്‍ ഫോണുകള്‍ ഉള്‍പ്പടെ 26 സ്മാര്‍ട്‌ഫോണ്‍ മോഡലുകളില്‍ ആന്‍ഡ്രോയിഡ് 15 ബീറ്റ 2 ഡൗണ്‍ലോഡ് ചെയ്യാനാവും.
Content Highlights: andorid 15 new features theft detection unlock private space
Published: 16 May 2024, 04:08 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented