നിർമിതബുദ്ധി (എഐ) മുന്നേറ്റം കാരണം മനുഷ്യർ അഭിമുഖീകരിക്കുന്നത് ഏറ്റവും അനിശ്ചിതമായ ഭാവിയാണെന്ന് 'സാപിയൻസ്' എന്ന പുസ്തകത്തിന്റെ രചയിതാവും ഇസ്രായേലി ചരിത്രകാരനുമായ യുവൽ നോഹ ഹരാരി.

To advertise here,

അടുത്ത ദശകത്തിൽ എന്ത് സംഭവിക്കുമെന്ന് പ്രവചിക്കാൻ യാതൊരു വഴിയുമില്ല. അടുത്ത 10 വർഷത്തിനുള്ളിൽ ലോകം എങ്ങനെയിരിക്കും - തൊഴിൽ വിപണി എങ്ങനെയായിരിക്കും, സാമൂഹിക ബന്ധങ്ങൾ എങ്ങനെയായിരിക്കും എന്നതിനെക്കുറിച്ച് ആർക്കും യാതൊരു ധാരണയുമില്ലാത്ത ചരിത്രത്തിലെ ആദ്യത്തെ സമയമാണിതെന്ന് അദ്ദേഹം എക്‌സിൽ (X) കുറിച്ചു.

എന്നാൽ അത്തരം പ്രതികൂല സാഹചര്യങ്ങളിൽ പോലും സ്വയം മെച്ചപ്പെടുത്താൻ മനുഷ്യർക്ക് ധാരാളം അവസരങ്ങളുണ്ടെന്ന് ഹരാരി പറയുന്നു. എന്നാൽ അത് കോഡിങ് വഴി സംഭവിക്കില്ല. ബുദ്ധിപരവും സാമൂഹികവും ചലനാത്മകവുമായ കഴിവുകളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട സമയമാണിതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കോഡിങ് പോലുള്ള വിഷയത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കരുത്. നിങ്ങളുടെ തലയ്ക്കും, ഹൃദയത്തിനും, കൈകൾക്കും തുല്യ പ്രാധാന്യം നൽകുക. ഈ മൂന്ന് കാര്യങ്ങളുടെയും സംയോജനത്തിലൂടെയാണ് മനുഷ്യർക്ക് എഐയെക്കാൾ വലിയ മുൻതൂക്കം ലഭിക്കുന്നത്. ഈ കഴിവുകളിലൂടെ നമുക്ക് ഭാവിയെ നേരിടാൻ സ്വയം സജ്ജരാകാൻ കഴിഞ്ഞേക്കും. എഐ ആത്യന്തികമായി ഏത് ദിശയിലേക്കാണ് വളരുന്നതെന്ന് അറിയില്ല, എന്നാൽ പൊരുത്തപ്പെടാനുള്ള കഴിവുകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് നമുക്ക് ഭാവിയെ സുരക്ഷിതമാക്കാമെന്ന് അദ്ദേഹം എക്‌സിൽ കുറിച്ചു.

ലോകമെമ്പാടുമുള്ള കമ്പനികൾ എഐയിൽ കൂടുതൽ നിക്ഷേപം നടത്തുകയും അതിന്റെ ഫലമായി നിരവധി ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്യുന്ന സമയത്താണ് അദ്ദേഹത്തിന്റെ പരാമർശങ്ങൾ വരുന്നത് എന്നത് ശ്രദ്ധേയമാണ്. പുറത്തുവരുന്ന കണക്കുകൾ അനുസരിച്ച് ഈ വർഷം മാത്രം 1,50,000-ത്തിലധികം ടെക് തൊഴിലവസരങ്ങൾ ഇല്ലാതായിട്ടുണ്ട്. മൈക്രോസോഫ്റ്റ്, മെറ്റ, ആമസോൺ, ഒറാക്കിൾ തുടങ്ങിയ പ്രമുഖ കമ്പനികളെല്ലാം കൂട്ടപ്പിരിച്ചുവിടൽ നടത്തിയിരുന്നു.