ആമസോൺ പ്രൈം വീഡിയോയിൽ പരസ്യങ്ങൾ ഉൾപ്പെടുത്തിയതിനും പരസ്യങ്ങൾ ഒഴിവാക്കി ഉള്ളടക്കം കാണുന്നതിന് വരിക്കാരിൽനിന്ന് അധിക തുക ഈടാക്കിയതിനും ആമസോണിനെതിരെ ഓസ്ട്രേലിയയിൽ നിയമനടപടി. പരസ്യങ്ങളോടുകൂടിയ പ്ലാനുകൾ അവതരിപ്പിക്കുന്നതിന് മുമ്പുതന്നെ വാർഷിക സബ്സ്ക്രിപ്ഷൻ പോലെ മുൻകൂട്ടി സബ്സ്ക്രിപ്ഷൻ എടുത്തവർക്കും പരസ്യങ്ങൾ കാണിച്ചതാണ് പ്രശ്നത്തിനിടയാക്കിയത്. ഓസ്ട്രേലിയൻ കോമ്പറ്റീഷൻ ആൻഡ് കൺസ്യൂമർ കമ്മിഷൻ (ACCC) ആണ് ആമസോൺ ഓസ്ട്രേലിയക്കെതിരെ ഫെഡറൽ കോടതിയിൽ നിയമനടപടികൾ ആരംഭിച്ചിരിക്കുന്നത്. കമ്പനിയുടെ പ്രൈം സബ്‌സ്‌ക്രിപ്‌ഷൻ കരാറുകളിലെ അന്യായമായ വ്യവസ്ഥകൾ ചൂണ്ടിക്കാട്ടിയാണ് നടപടി.

To advertise here,

2024 ജൂലായിലാണ് ആമസോൺ പ്രൈം വീഡിയോയിൽ പരസ്യങ്ങൾ ഉൾപ്പെടുത്താൻ തീരുമാനിച്ചത്. വാർഷിക പ്രൈം അംഗത്വത്തിനായി 79 ഓസ്ട്രേലിയൻ ഡോളർ മുൻകൂട്ടി നൽകിയ വരിക്കാർക്ക് പോലും പരസ്യങ്ങളോടുകൂടിയാണ് വീഡിയോകൾ കാണാൻ സാധിച്ചത്. പരസ്യങ്ങൾ ഒഴിവാക്കാൻ പ്രതിമാസം 2.99 ഓസ്ട്രേലിയൻ ഡോളർ അധികമായി നൽകാൻ കമ്പനി ആവശ്യപ്പെട്ടു. ഇന്ത്യയിലും സമാനമായ രീതിയിൽ പരസ്യങ്ങളോടുകൂടിയ സബ്സ്ക്രിപ്ഷൻ പ്ലാൻ പ്രൈം വീഡിയോയിലുണ്ട്. ജിയോ ഹോട്ട്സ്റ്റാറും സമാനമായ രീതി പിന്തുടരുന്നവരാണ്.

2023 നവംബർ ഒന്നിനും 2025 ഓഗസ്റ്റ് പതിനെട്ടിനും ഇടയിൽ പത്തുലക്ഷത്തിലധികം വാർഷിക പ്രൈം വരിക്കാരെ ഈ മാറ്റങ്ങൾ ബാധിച്ചുവെന്നാണ് എസിസിസിയുടെ കണക്ക്. ഇതിൽ പരസ്യങ്ങൾ അവതരിപ്പിക്കുന്ന സമയത്ത് മാത്രം 8,50,000-ത്തിലധികം ഓസ്ട്രേലിയക്കാർ തങ്ങളുടെ വാർഷിക സബ്സ്ക്രിപ്ഷൻ മുൻകൂട്ടി അടച്ചിട്ടുണ്ടായിരുന്നു. അധിക തുക നൽകാൻ തയ്യാറാകാത്ത വരിക്കാർക്ക്, അവർ മുൻകൂട്ടി പണമടച്ച സേവനത്തിന്റെ താഴെയുള്ള പതിപ്പാണ് ലഭിച്ചതെന്ന് എസിസിസി വാദിക്കുന്നു.

ഉപഭോക്താക്കൾക്ക് യാതൊരു നഷ്ടപരിഹാരവും നൽകാതെ സേവനങ്ങളിൽ വലിയ മാറ്റങ്ങൾ വരുത്താൻ കമ്പനിയെ അനുവദിക്കുന്ന അഞ്ച് വ്യവസ്ഥകൾ അന്യായമായ കരാറുകളിൽ ആമസോൺ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് എസിസിസി ആരോപിക്കുന്നു. ഈ കരാറുകൾ തയ്യാറാക്കുന്നതിൽ ആമസോൺ ഡോട്ട് കോം സർവീസസ് എൽഎൽസിക്കും പങ്കുണ്ടെന്ന് റെഗുലേറ്റർ വ്യക്തമാക്കിയിട്ടുണ്ട്.

ഉപഭോക്താക്കളിൽനിന്ന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് അധികൃതർ അന്വേഷണം ആരംഭിച്ചത്. കമ്പനിക്കെതിരെ സാമ്പത്തിക പിഴ ഈടാക്കാനും ഉപഭോക്താക്കൾക്ക് നഷ്ടപരിഹാരം നൽകാനുമാണ് റെഗുലേറ്റർ കോടതിയിലൂടെ പ്രധാനമായും ആവശ്യപ്പെടുന്നത്. അതേസമയം, കേസ് വിശദമായി പരിശോധിച്ചുവരികയാണെന്നും റെഗുലേറ്ററുമായി പൂർണമായി സഹകരിക്കുന്നുണ്ടെന്നും ആമസോൺ ഓസ്ട്രേലിയയുടെ വക്താവ് പ്രതികരിച്ചു.

ഒരു ദശാബ്ദത്തിലേറെയായി പരസ്യരഹിത സ്ട്രീമിങ് സേവനമായിരുന്നു പ്രൈം വീഡിയോ നൽകിയിരുന്നത്. 2018-ലാണ് ഓസ്ട്രേലിയയിൽ പ്രൈം സേവനം ആരംഭിക്കുന്നത്. തുടർന്ന് 2024-ന്റെ തുടക്കത്തിലാണ് ആഗോള തലത്തിൽ പല വിപണികളിലും ആമസോൺ പ്രൈം വീഡിയോയിൽ പരസ്യങ്ങൾ നൽകിത്തുടങ്ങിയത്.