ഇക്കഴിഞ്ഞ സെപ്റ്റംബര്‍ ഒമ്പതിനാണ് വാച്ച് സീരീസ് 10നും പുതിയ എയര്‍പോഡുകള്‍ക്കുമൊപ്പം ആപ്പിള്‍ പുതിയ ഐഫോണ്‍ 16 സീരീസ് പുറത്തിറക്കിയത്. നാല് മോഡലുകളാണ് സീരീസിലുള്ളത്. ഫോണിന്റെ ഒട്ടുമിക്ക സവിശേഷതകള്‍ കമ്പനി വെളിപ്പെടുത്തിയെങ്കിലും പതിവ് പോലെ, ഫോണിന്റെ ബാറ്ററി ശേഷി എത്രയാണെന്നും വയേര്‍ഡ് ചാര്‍ജിങ് വേഗം എത്രയാണെന്നും കമ്പനി കൃത്യമായി പറഞ്ഞില്ല. 

To advertise here,

ഫോണുകള്‍ പുറത്തിറക്കുന്നതിന് മുമ്പ് പുതിയ ഐഫോണ്‍ 16 സീരീസില്‍ 27 വാട്ട് മുതല്‍ 45 വാട്ട് വരെ ചാര്‍ജിങ് വേഗം ഉണ്ടാവുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. 

വയേര്‍ഡ് ചാര്‍ജിങ് എത്രയാണെന്ന് പ്രഖ്യാപിച്ചില്ലെങ്കിലും അവതരണപരിപാടിയില്‍ ഐഫോണ്‍ 16 ഫോണുകളില്‍ 25 വാട്ട് വയര്‍ലെസ് ചാര്‍ജിങ് സൗകര്യം ഉണ്ടാവുമെന്ന് ആപ്പിള്‍ സൂചിപ്പിച്ചിരുന്നു. മുമ്പ് ഇത് 15 വാട്ട് ആയിരുന്നു. അന്നും വയേര്‍ഡ് ചാര്‍ജിങ് വേഗം കമ്പനി വെളിപ്പെടുത്തിയിരുന്നില്ല. 

ചൈന ക്വാളിറ്റി സര്‍ട്ടിഫിക്കേഷന്‍ സെന്ററില്‍ ആപ്പിള്‍ നല്‍കിയ വിവരങ്ങളില്‍ ചിലത് വെയ്‌ബോ എന്ന ചൈനീസ് സോഷ്യല്‍ മീഡിയാ വെബ്‌സൈറ്റിലൂടെ പുറത്തുവന്നിട്ടുണ്ട്. ഇതനുസരിച്ച് ഐഫോണ്‍ 16 ന്റെ ചാര്‍ജിങ് സ്‌പെസിഫിക്കേഷന്‍ 5 മുതല്‍ 15 വോള്‍ട്ടും 3 ആംപിയറുമാണ്. അതായത് 45 വാട്ട് വേഗത്തില്‍ വരെ ചാര്‍ജ് ചെയ്യാനാവും. 

25 വാട്ട് വയര്‍ലെസ് ചാര്‍ജിങ് സൗകര്യം ഉള്ള സ്ഥിതിക്ക് അതിനേക്കാള്‍ കൂടുതല്‍ വയേര്‍ഡ് ചാര്‍ജിങ് വേഗം ഫോണിനുണ്ടാവേണ്ടതാണ്. ഇത് ശരിയെങ്കില്‍ ഐഫോണ്‍ 15 നേക്കാള്‍ 50 ശതമാനം അധിക വേഗത്തില്‍ ഐഫോണ്‍ 16 സീരീസ് ഫോണുകള്‍ ചാര്‍ജ് ചെയ്യാനാവും. 

ഇങ്ങനെ ഒക്കെ ആണെങ്കിലും പരമാവധി 30 വാട്ട് വരെയുള്ള ചാര്‍ജറുകള്‍ മാത്രമാണ് ആപ്പിള്‍ തങ്ങളുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ വില്‍ക്കുന്നത്. അതുകൊണ്ടു തന്നെ ഐഫോണ്‍ 16 വയേര്‍ഡ് ചാര്‍ജിങ് വേഗവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സ്ഥിരീകരിക്കാന്‍ കമ്പനിയുടെ ഔദ്യോഗിക സ്ഥിരീകരണം വരെ കാത്തിരിക്കേണ്ടിവരും.