ഭൂമിക്കുനേരെ അതിവേഗത്തില്‍ പാഞ്ഞടുക്കുന്ന ബഹിരാകാശത്തെ ആ അജ്ഞാത വസ്തു അന്യഗ്രഹജീവികളുടെ പേടകമാകാമെന്ന് ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെ ശാസ്ത്രജ്ഞര്‍. അന്യഗ്രഹജീവികള്‍ ഭൂമിയിലേക്ക് വന്നുകൊണ്ടിരിക്കുകയാവുമെന്ന് അവര്‍ ഭയപ്പെടുന്നു. ഈ അജ്ഞാത വസ്തുവിനെ 31/അറ്റ്ലസ് എന്നാണ് ജ്യോതിശാസ്ത്രജ്ഞര്‍ വിളിക്കുന്നത്.
ഭൂമിയെ കുറിച്ച് പഠിക്കുന്നതിനായി അന്യഗ്രഹത്തില്‍ നിന്നയച്ച പേടകമായിരിക്കാം ഇതെന്ന് ശാസ്ത്രജ്ഞര്‍ സംശയിക്കുന്നു. 20 കിമീ വീതിയുള്ള വസ്തുവാണിത്. 2025 ഡിസംബര്‍ 19 ന് ഏകദേശം 2.7 കോടി കിലോമീറ്റര്‍ അകലത്തിലെത്തുന്ന ഈ വസ്തു അതിവേഗമാണ് സൗരയൂഥത്തിലൂടെ സഞ്ചരിക്കുന്നത്.
ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെ ജ്യോതിശാസ്ത്രജ്ഞനായ അവി ലേയേബിന്റെ നേതൃത്വത്തില്‍ പ്രസിദ്ധീകരിച്ച പ്രബന്ധത്തിലാണ് 31/ അറ്റ്ലസിനെ കുറിച്ചുള്ള ആരെയും അമ്പരപ്പിക്കുന്ന സിദ്ധാന്തങ്ങള്‍ മുന്നോട്ടുവെക്കുന്നത്. ഈ വസ്തുവിന്റെ വലിപ്പത്തിലും സഞ്ചാരഗതിയിലും മറ്റും അസ്വാഭാവികതകളുണ്ടെന്നാണ് ശാസ്ത്രജ്ഞരുടെ നിരീക്ഷണം. ഭൂമിയെ നിരീക്ഷിക്കാനോ മാപ്പിങ് ചെയ്യാനോ ഉള്ള ദൗത്യമായിരിക്കാമെന്നും അവര്‍ സംശയിക്കുന്നു.
ഒരു പരീക്ഷണ യോഗ്യമായ സിദ്ധാന്തമായാണ് ഇതിനെ കാണുന്നതെന്ന് യുഎസ് യുഎഫ്ഒ ഡിഫന്‍സ് മന്ത്രാലയത്തിലെ അന്വേഷണ ഉദ്യോഗസ്ഥന് നിക്ക് പോപ്പ് പറഞ്ഞു. ഇത് ചിലപ്പോള്‍ അന്യഗ്രഹജീവികളുമായുള്ള ആദ്യ ബന്ധം സ്ഥാപിക്കലാവാം. അല്ലെങ്കില്‍ അത് വെറുമൊരു പാറയായിരിക്കാം. അദ്ദേഹം പറഞ്ഞു. ഈ വസ്തുവിനെ കുറിച്ച് ഹാര്‍വാര്‍ഡിലെ ഗവേഷകര്‍ മുന്നോട്ട് വെച്ച ആറ് സിദ്ധാന്തങ്ങള്‍ നിക്ക് പങ്കുവെച്ചു.
ഇത് ഒരു ഛിന്നഗ്രഹത്തേക്കാള്‍ വലുതാണെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. സ്വാഭാവികമായ ബഹിരാകാശ വസ്തുവിന്റെ സഞ്ചാര രീതിയല്ല ഇതിനുള്ളത്. ഹബ്ബിള്‍ ദൂരദര്‍ശിനി ഉപയോഗിച്ചുള്ള നിരീക്ഷണം അനുസരിച്ച് മണിക്കൂറില്‍ രണ്ട് ലക്ഷത്തിലേറെ കിലോമീറ്റര്‍ വേഗത്തിലാണ് ഇത് സഞ്ചരിക്കുന്നത്. അതുകൊണ്ടു തന്നെ ഏറ്റവും അധികം വേഗത്തില്‍ സൗരയൂഥം സന്ദര്‍ശിക്കുന്ന വസ്തുവെന്ന പേരും 31/ അറ്റ്ലസിനാണ്.
ധാരാളം തടസങ്ങളുള്ള ഗാലക്സിയുടെ മധ്യഭാഗത്ത് നിന്ന് വരുന്നതിനാല്‍ മനുഷ്യര്‍ അത് വളരെ വൈകിയാണ് കണ്ടത്. നമ്മുടെ സൗരയൂഥത്തിലേക്ക് രഹസ്യമായി ഒരു പേടകം അയയ്ക്കാന്‍ ആരെങ്കിലും ആഗ്രഹിക്കുന്നുവെങ്കില്‍ തിരഞ്ഞെടുക്കേണ്ട കൃത്യമായ മാര്‍ഗമാണത്. ശുക്രന്, ചൊവ്വ, വ്യാഴം എന്നിവയ്ക്ക് സമീപത്ത് കൂടി കടന്നുപോകുന്നതിനാല്‍ അതിന്റെ സഞ്ചാരപഥം ഒരു മാപ്പിംഗ് ദൗത്യം പോലെ തോന്നുന്നുവെന്നും അത് സ്വാഭാവികമായി സംഭവിക്കാനുള്ള സാധ്യത വളരെ കുറവാണെന്നും ഗവേഷകര്‍ പറഞ്ഞു. അറ്റ്ലസ് ഭൂമിയോട് ഏറ്റവും അടുത്തെത്തുന്ന സമയത്ത് സൂര്യന് ഇടയ്ക്ക് കയറിവരുന്നതിനാല്‍ ഭൂമിയില്‍ നിന്ന് അതിനെ കാണാനാവില്ല.
അതിനാല്‍, സാങ്കേതിക ദൗത്യങ്ങള്‍ക്കായി അയച്ച ഒരു അന്യഗ്രഹ പേടകമോ ഭൂമിയിലേക്ക് വരാനിടയിലുള്ള പേടക ദൗത്യങ്ങള്‍ വിന്യസിക്കാനോ ആയിരിക്കാം 31/അറ്റ്ലസിന്റെ ആഗമനമെന്നും ശാസ്ത്രജ്ഞര്‍ ഭയപ്പെടുന്നു.
Content Highlights: A mysterious object, 31/Atlas, is speeding towards Earth.
Published: 29 Aug 2025, 02:34 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented