മുൻപും പലതവണ അന്യഗ്രഹജീവികളെക്കുറിച്ച് ഒബാമ പരാമർശങ്ങൾ നടത്തിയിട്ടുണ്ട്.

അന്യഗ്രഹ ജീവികളുടെ സാന്നിധ്യത്തിൽ വിശ്വസിക്കുന്നുണ്ടെന്ന് വെളിപ്പെടുത്തി മുൻ അമേരിക്കൻ പ്രസിഡന്റ് ബരാക്ക് ഒബാമ. എന്നാൽ അത്തരം ജീവികൾ എവിടെയായിരിക്കുമെന്ന് തനിക്കറിയില്ലെന്നും അദ്ദേഹം പറഞ്ഞു. യൂട്യൂബർ ബ്രയാൻ ടൈലർ കോവനുമായുള്ള പോഡ്‌കാസ്റ്റ് അഭിമുഖത്തിലാണ് അദ്ദേഹം ഈ വിഷയത്തിലുള്ള തന്റെ കാഴ്ചപ്പാടുകൾ അവതരിപ്പിച്ചത്. ബരാക് ഒബാമ നടത്തിയ വെളിപ്പെടുത്തലുകൾ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.
അന്യഗ്രഹജീവികളെ നെവാഡയിലെ അതീവ രഹസ്യ സ്വഭാവമുള്ള 'ഏരിയ 51' (Area 51) എന്ന സൈനിക താവളത്തിൽ ഒളിപ്പിച്ചിരിക്കുകയാണെന്ന അഭ്യൂഹങ്ങൾ ഒബാമ തള്ളിക്കളഞ്ഞു. അവിടെ ഭൂമിക്കടിയിൽ അന്യഗ്രഹജീവികളെ സൂക്ഷിക്കുന്ന രഹസ്യ താവളങ്ങളൊന്നുമില്ലെന്ന് അദ്ദേഹം പറഞ്ഞു. "അവ യഥാർത്ഥമാണ്, പക്ഷേ ഞാൻ അവരെ കണ്ടിട്ടില്ല. അവർ ഏരിയ 51ൽ ഒളിച്ചിരിക്കുകയല്ല. അവിടെ ഭൂഗർഭ സൗകര്യമില്ല. അമേരിക്കൻ പ്രസിഡന്റിൽ നിന്ന് പോലും മറച്ചുവയ്ക്കുന്ന തരത്തിലുള്ള വലിയൊരു ഗൂഢാലോചന നടക്കുന്നുണ്ടെങ്കിൽ അങ്ങനെ സംഭവിക്കാം," ഒബാമയുടെ വാക്കുകൾ.
നെവാഡയിൽ സ്ഥിതി ചെയ്യുന്ന അതീവ രഹസ്യസ്വഭാവമുള്ള യുഎസ് വ്യോമസേനാ താവളമാണ് ഏരിയ 51. അന്യഗ്രഹ ജീവികളെയോ അവയുമായി ബന്ധപ്പെട്ട സാങ്കേതിക വിദ്യകളെയോ സർക്കാർ അവിടെ ഒളിപ്പിച്ചിട്ടുണ്ടെന്ന തരത്തിലുള്ള നിരവധി ഗൂഢാലോചന സിദ്ധാന്തങ്ങൾ നിലവിലുണ്ട്.
മുൻപും പലതവണ അന്യഗ്രഹജീവികളെക്കുറിച്ച് ഒബാമ പരാമർശങ്ങൾ നടത്തിയിട്ടുണ്ട്. 2021-ൽ ഒരു ടെലിവിഷൻ പരിപാടിയിൽ സംസാരിക്കവേ, അന്യഗ്രഹജീവികളെക്കുറിച്ച് പരസ്യമായി പറയാൻ കഴിയാത്ത ചില കാര്യങ്ങളുണ്ടെന്ന് അദ്ദേഹം തമാശയായി പറഞ്ഞിരുന്നു. ആകാശത്ത് കാണപ്പെടുന്ന ചില വസ്തുക്കൾ എന്താണെന്ന് കൃത്യമായി തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ലെന്നും അവയുടെ അസാധാരണമായ പറക്കൽ രീതി വിശദീകരിക്കാൻ സാധിക്കാത്തതാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ രേഖകളിലുള്ള അജ്ഞാത വസ്തുക്കളുടെ ദൃശ്യങ്ങൾ ഗൗരവമുള്ളതാണെന്ന് അദ്ദേഹം പിന്നീട് ഉറപ്പിച്ചു പറഞ്ഞു. ഇത്തരം കാഴ്ചകളെക്കുറിച്ചുള്ള ഗവൺമെന്റ് രേഖകൾ പുറത്തുവന്നതോടെ ജനങ്ങൾക്കിടയിൽ ഈ വിഷയത്തിലുള്ള താൽപ്പര്യം വർദ്ധിച്ചിട്ടുണ്ട്.
2021-ൽ ആകാശത്തിലൂടെ മിന്നൽ വേഗത്തിൽ പറക്കുന്ന ചില വസ്തുക്കളുടെ മൂന്ന് വീഡിയോകൾ പെന്റഗൺ പുറത്തുവിട്ടിരുന്നു. അന്യഗ്രഹജീവികളെക്കുറിച്ചുള്ള ഔദ്യോഗികമായ വെളിപ്പെടുത്തലുകൾ ഉടൻ ഉണ്ടായേക്കാമെന്നാണ് പല ഗവേഷകരും കരുതുന്നത്. പ്രപഞ്ചത്തിൽ നാം തനിച്ചല്ലെന്ന് ഒരു അമേരിക്കൻ പ്രസിഡന്റ് തന്നെ ലോകത്തോട് വിളിച്ച് പറയുന്ന കാലം വിദൂരമല്ലെന്ന് ഡോക്യുമെന്ററി സംവിധായകൻ ഡാൻ ഫറാ അഭിപ്രായപ്പെട്ടിരുന്നു.
Content Highlights: Barack Obama Declares Belief in Extraterrestrial Life: What His Remarks Mean
Published: 15 Feb 2026, 02:26 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented