ന്യൂഡൽഹി: ഓൺലൈൻ മീറ്റിങ്ങുകളിലും ഡിജിറ്റൽ അഭിമുഖങ്ങളിലും അടിയന്തിര സാഹചര്യങ്ങളിൽ പങ്കെടുക്കാൻ പറ്റാതെ വരുന്ന സാഹചര്യമുണ്ടോ? പേടിക്കേണ്ട, സഹായത്തിന് എ.ഐ. ഉണ്ട്. നിങ്ങളില്ലെങ്കിലും നിങ്ങളുടെ സ്ഥാനം ഒരു കോട്ടവും വരുത്താതെ ഏറ്റെടുക്കുന്ന എ.ഐ. മോഡൽ അവതരിപ്പിച്ച് ഭാരത് മണ്ഡലപത്തിലെ എ.ഐ. ഇംപാക്ട് സമ്മിറ്റിൽ ശ്രദ്ധ നേടുകയാണ് ഹൈദരാബാദിൽ നിന്നുള്ള ടെൻസർഗോ സോഫ്റ്റ്വെയർ പ്രൈവറ്റ് ലിമിറ്റഡ്.

To advertise here,

എത്ര വലിയ ബിസിനസ് സി.ഇ.ഒ. മീറ്റിങ്ങുകളിലും കമ്പനിയുടെ നയരൂപവത്കരണ-ഭാവി കരാർ ചർച്ചകളിലും നിങ്ങൾക്ക് പകരം എ.ഐ. എത്തും. നിങ്ങളുടെ ഫോട്ടോയും ശബ്ദവും സാമ്പിളായി നൽകിയാൽ മതി. ഓൺലൈൻ ക്യാമറയിൽ നിങ്ങളെങ്ങിനെയാണോ മറ്റുള്ളവരുടെ മുമ്പിലെത്തുക, അതേ രൂപത്തിൽ എ.ഐ. എത്തും. വെറും ഫോട്ടോയ്ക്കും ശബ്ദത്തിനും പകരം വീഡിയോവോ വിവിധ ഭാവങ്ങളിലുള്ള ശബ്ദമോ നൽകിയാൽ കൃത്യമായി നിങ്ങളുടെ ഭാവഹാവാദികളും എ.ഐ. അവതരിപ്പിക്കും. എതിർഭാഗത്തുള്ളവർ എന്ത് ചോദ്യം ചോദിച്ചാലും കൃത്യമായി മറുപടിയും നൽകും. അതിനായി, കമ്പനിയുടെ വെബ്സൈറ്റുമായും മറ്റു നയരേഖകളുമായും എ.ഐ.ക്ക് 'ആക്സസ്' നൽകിയാൽ മതി. ഭാവിപദ്ധതികളാണ് നിങ്ങൾക്ക് യോഗത്തിൽ പറയാനുള്ളതെങ്കിൽ ആ വിവരങ്ങളും നൽകുക. പിന്നീട് എന്ത് ചോദ്യമുയർന്നാലും കമ്പനി നയത്തിലും ഭാവി പരിപാടിയിലും ഊന്നി കൃത്യമായി എ.ഐ. വിവരം നൽകിക്കോളും.

നിർമിത ബുദ്ധി സാങ്കേതിക വിദ്യയിൽ ഇന്ത്യൻ മുന്നേറ്റത്തിന്റെ പുതിയ മുഖമാണ് ശ്രീനി ചിലുകുരി, ലക്ഷ്മി ചിലുകുരി, പല്ലവി മിശ്ര എന്നിവരുടെ നേതൃത്വത്തിൽ വളരുന്ന ഈ ഹൈദരാബാദ് സംരംഭം. ശ്രീനിവാസ് ചിലുകുരി സി.ഇ.ഒ. ആയി 2023-ൽ തുടങ്ങിയ കമ്പനി, ഡീപ് ലേണിങ്, കമ്പ്യൂട്ടർ ദൃശ്യവിശകലനം, ഭാഷാ വിശകലനം, ജനറേറ്റീവ് നിർമിത ബുദ്ധി തുടങ്ങിയ മേഖലകളിലാണ് കേന്ദ്രീകരിക്കുന്നത്. സാങ്കേതിക വിദ്യയിലും വ്യവസായ രംഗത്തുമുള്ള അനുഭവസമ്പത്താണ് ഇവർക്ക് മുതൽക്കൂട്ട്.

പ്രോഗ്രാമിങ് പരിജ്ഞാനം കുറവുള്ള സ്ഥാപനങ്ങൾക്കും നിർമിത ബുദ്ധി അടിസ്ഥാനമാക്കിയ പ്രയോഗങ്ങൾ എളുപ്പത്തിൽ വികസിപ്പിക്കാനാകുന്ന 'ലോ-കോഡ്' പ്ലാറ്റ്‌ഫോമാണ് ടെൻസർഗോയുടെ പ്രധാന സവിശേഷത. ഇതിലൂടെ സ്ഥാപനങ്ങൾക്ക് അവരുടെ ആവശ്യങ്ങൾക്കനുസരിച്ച് നിർമിത ബുദ്ധി ഉപയോഗിച്ച് പുതിയ സംവിധാനങ്ങൾ വേഗത്തിൽ നിർമിക്കാനും പ്രവർത്തനക്ഷമമാക്കാനും കഴിയും. വാഹനസുരക്ഷ, പൊതുസുരക്ഷ, വ്യവസായ നിരീക്ഷണം, ഡിജിറ്റൽ സേവനങ്ങൾ തുടങ്ങിയ മേഖലകളിൽ ടെൻസർഗോയുടെ സംവിധാനങ്ങൾ ഉപയോഗിക്കാാ. ഡ്രൈവർമാരുടെ ശ്രദ്ധയും സുരക്ഷയും നിരീക്ഷിക്കുന്ന സംവിധാനങ്ങൾ, മുഖം തിരിച്ചറിയൽ, വാഹന നമ്പർ തിരിച്ചറിയൽ, ജനക്കൂട്ട വിശകലനം തുടങ്ങിയ സംവിധാനങ്ങൾ ഇതിനകം കമ്പനി വികസിപ്പിച്ചിട്ടുണ്ട്.

2025-ൽ നാസ്‌കോം സംഘടിപ്പിച്ച 'എമർജ് 50' പുരസ്‌കാരവും ഏഷ്യ-പസഫിക് മേഖലയിലെ ജനറേറ്റീവ് കൃത്രിമ ബുദ്ധി നവീകരണത്തിനുള്ള ഒറാക്കിൾ പുരസ്‌കാരവും ഉൾപ്പെടെ ഒട്ടേറെ ദേശീയ-ആഗോള അംഗീകാരങ്ങൾ ടെൻസർഗോയ്ക്ക് ഇതിനകം ലഭിച്ചു.