കൊട്ടാരക്കര (കൊല്ലം): നിർമിത ബുദ്ധിയിലും (എ.ഐ.) മെഷീൻ ലേണിങ്ങിലും പ്രതിസന്ധിയായ ഇമേജ് ഡേറ്റാസെറ്റിനു പരിഹാരം കണ്ടെത്തിയ കൊട്ടാരക്കര സ്വദേശി ഉൾപ്പെട്ട സംഘം ബൗദ്ധിക സ്വത്തവകാശം (പേറ്റന്റ്) നേടി. ഒരുകൂട്ടം ഫോട്ടോകളിൽനിന്നു മികച്ച ഇമേജ് തിരഞ്ഞെടുക്കാനും അവയിൽനിന്ന്‌ ഇമേജ് ഡേറ്റാസെറ്റിനാവശ്യമായ ലക്ഷക്കണക്കിനു ഇമേജുകൾ സൃഷ്ടിക്കാനും കഴിയുന്ന ഓട്ടോമാറ്റിക് സംവിധാനത്തിനാണ് പേറ്റന്റ്. കൊട്ടാരക്കര പടിഞ്ഞാറ്റിൻകര ടെമ്പിൾ നഗർ-97 പൃഥ്വി എം.പോറ്റിയാണ് ഗവേഷണത്തിനു നേതൃത്വം നൽകിയത്.

To advertise here,

സിസ്റ്റം ആൻഡ് മെതേഡ് ഫോർ ഓട്ടോമാറ്റിക്കലി ബിൽഡിങ് ഇന്റെന്റഡ് ഇമേജ് ഡേറ്റ എന്ന പേരിലാണ് പേറ്റന്റ്. പവൻകുമാർ (ആന്ധ്ര), അഭിനന്ദൻ ദെബ് (അസം), മൽസിങ് ഹൽദാർ (ബംഗാൾ) എന്നിവരായിരുന്ന സഹ ഗവേഷകർ. ആർട്ടിഫിഷ്യൽ ഇന്റലിജൻസിലും മെഷീൻ ലേണിങ്ങിലും ഗവേഷണം നടത്തുന്നവർക്ക് സഹായകമാണ് പുതിയ കണ്ടുപിടിത്തം. മിനിറ്റുകൾ മാത്രം നീളമുള്ള വീഡിയോയിൽനിന്ന്‌ ലക്ഷക്കണക്കിന് ഇമേജുകൾ സൃഷ്ടിക്കാനും കുറഞ്ഞ എണ്ണം ചിത്രങ്ങൾ ഉപയോഗിച്ച് വളരെവേഗത്തിൽ ഇമേജ് ഡേറ്റാ സെറ്റുകൾ സൃഷ്ടിക്കാനും ഇതു സഹായകമാകും.

പഞ്ചാബിലെ ചണ്ഡീഗഢ്‌ സർവകലാശാലയിൽനിന്ന് കംപ്യൂട്ടർ സയൻസ് എൻജിനിയറിങ്‌ ബിരുദം നേടിയ പൃഥ്വി ഇപ്പോൾ ചെന്നൈയിലുള്ള ഇന്ത്യയിലെ ആദ്യത്തെ ഹൈവോൾട്ടേജ് ഇലക്‌ട്രിക് വാഹന നിർമാണ കമ്പനിയിൽ ജോലി ചെയ്യുകയാണ്. ആർ.മനോജിന്റെയും ജി.സീതാലക്ഷ്മിയുടെയും മകനാണ്.